| Saturday, 28th May 2022, 4:38 pm

ചലച്ചിത്ര അവാര്‍ഡ് വിവാദം രാഷ്ട്രീയ ലക്ഷ്യംവെച്ച്; ഇന്ദ്രന്‍സിന് തെറ്റിദ്ധാരണയുണ്ടാകേണ്ടതില്ല: എ.കെ. ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ചൊല്ലി ഇപ്പോഴുണ്ടായ വിവാദങ്ങള്‍ ബോധപൂര്‍വം രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്നതാണെന്ന് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാരിനോ ചലച്ചിത്ര അക്കാദമിക്കോ യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ജൂറിയുടെ സ്വതന്ത്രമായ വിലയിരുത്തല്‍ അനുസരിച്ചാണ് അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതെന്നും എ.കെ. ബാലന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് ആദ്യം നല്‍കിയത് ഇന്ദ്രന്‍സിനാണ്. ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിന്. പിന്നീട് കമ്മട്ടിപ്പാടത്തിലെ വിനായകന്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ സുരാജ്, സുഡാനി ഫ്രം നൈജീരിയയിലെ സൗബിന്‍, ഞാന്‍ മേരിക്കുട്ടിയില്‍ അഭിനയിച്ച ജയസൂര്യ(സംയുക്തം) എന്നിവര്‍ക്കും മികച്ച നടന്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചു.

ജൂറിയുടെ നിഗമനങ്ങളെയും തീരുമാനത്തെയും ഒരു രൂപത്തിലും സ്വാധീനിക്കാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായ ഇടപെടല്‍ നടന്നു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഒരു ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ ഷാഫി പറമ്പില്‍ അടക്കം ഇതിനുപിന്നില്‍ രാഷ്ട്രീയമായ തീരുമാനമുണ്ടെന്നു പറഞ്ഞതുകൊണ്ടാണ് തന്റെ പ്രതികരണമെന്നും ബാലന്‍ പറഞ്ഞു.

പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഏതു വഴിവിട്ട മാര്‍ഗവും ഇവര്‍ സ്വീകരിക്കുമെന്നതിന്റെ തെളിവാണിത്. ഇന്ദ്രന്‍സിന് അവാര്‍ഡ് കൊടുത്ത സമയത്തും ഇതേപോലെ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ പൊതുസമൂഹം അതിനെയൊക്കെ അവജ്ഞയോടെ തള്ളുകയാണുണ്ടായത്. നമ്മളെല്ലാം ബഹുമാനിക്കുന്ന, നല്ല അഭിനേതാവായ ഇന്ദ്രന്‍സിന്റെ പേരിലാണല്ലോ സമൂഹ മാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ഈ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ദ്രന്‍സും ചില പരാമര്‍ശങ്ങള്‍ നടത്തിയതായി കണ്ടു. എനിക്ക് വ്യക്തിപരമായി ഏറെ സൗഹൃദമുള്ള വ്യക്തിയാണ് ഇന്ദ്രന്‍സ്. ഒരു തരത്തിലുള്ള തെറ്റിദ്ധാരണയും ഇന്ദ്രന്‍സിന് ഉണ്ടാകേണ്ടതില്ല, അദ്ദേഹത്തെ നല്ല രൂപത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിലും ആദരിക്കുന്നതിലും മറ്റാരേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ഇടതുപക്ഷക്കാരും ഈ ഗവണ്മെന്റും. ഈ സിനിമ കാണാതെയാണ് ഹോമിനെ വിലയിരുത്തിയതെന്ന പരാമര്‍ശത്തെക്കുറിച്ച് ജൂറി ചെയര്‍മാനും പ്രമുഖ സംവിധായകനുമായ സയ്യിദ് മിര്‍സ പ്രതികരിച്ചിട്ടുണ്ട്. സയ്യിദ് മിര്‍സയുടെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറിയാണ് അവസാനഘട്ട വിലയിരുത്തല്‍ നടത്തിയത്. അതിനുമുമ്പ് ജൂറി രണ്ടായി പിരിഞ്ഞാണ് മൊത്തം സിനിമകളും കണ്ടത്. അങ്ങനെ തെരഞ്ഞെടുത്തതാണ് ഈ 29 സിനിമകള്‍. അതിനു പുറമെ രണ്ടു സിനിമകളും. ഇക്കാര്യങ്ങളെല്ലാം വളരെ ബോധ്യപ്പെടാവുന്ന രൂപത്തില്‍ സയ്യിദ് മിര്‍സ പൊതുസമൂഹത്തിന്റെ സംശയം ദൂരീകരിക്കാന്‍ വേണ്ടി പറഞ്ഞിട്ടുണ്ട്. അത് വിശ്വാസത്തിലെടുക്കേണ്ടതാണെന്നും എ.കെ. ബാലന്‍ പറഞ്ഞു.

സര്‍ക്കാര്‍ ചെയ്ത എല്ലാ കാര്യങ്ങളെയും വിമര്‍ശിക്കുകയും മഞ്ഞക്കണ്ണോടുകൂടി കാണുകയും ചെയ്യുന്ന പ്രതിപക്ഷത്തിന് ഈയൊരു പ്രചാരണം ആവശ്യമായിരിക്കാം. കൊതുകിന് എപ്പോഴും ചോര തന്നെയാണല്ലോ കൗതുകം. ഗവണ്മെന്റിനോ അക്കാദമിക്കോ ഒരു രൂപത്തിലും ഇടപെടാന്‍ കഴിയുന്ന തരത്തിലല്ല ജൂറിയുടെ ഘടനയെന്ന് സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള മന്ത്രിയെന്ന നിലയില്‍ എനിക്ക് നേരിട്ട് അറിയുന്നതാണെന്നും ബാലന്‍ വ്യക്തമാക്കി.

ഞങ്ങളാരും ഏതെങ്കിലും പ്രശ്‌നവുമായി ബന്ധപ്പെട്ട് അതിലൊരാളോട് പോലും സംസാരിക്കാറില്ല. അത് മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്നാണ് അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമെന്ന നിലയില്‍ ഇന്ദ്രന്‍സിനോട് പറയാനുള്ളത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സാംസ്‌കാരിക വകുപ്പ് രണ്ട് നവാഗതരായ വനിതാ സംവിധായകര്‍ക്ക് സിനിമയെടുക്കാന്‍ ഒന്നര കോടി രൂപ വീതം സഹായധനം നല്‍കിയിരുന്നു. അതുപയോഗിച്ച് താര രാമാനുജന്‍ സംവിധാനം ചെയ്ത ‘നിഷിദ്ധോ’ എന്ന സിനിമക്ക് മികച്ച രണ്ടാമത്തെ സിനിമക്കുള്ള അവാര്‍ഡ് കിട്ടിയതിലുള്ള സന്തോഷവും പങ്കുവെക്കുന്നുവെന്നും ബാലന്‍ പറഞ്ഞു.

CONTENT HIGHLIGHTS:  A.K.Balan says Film award controversy politically motivated; Indrans should not be misunderstood

We use cookies to give you the best possible experience. Learn more