| Sunday, 3rd January 2021, 12:01 pm

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ല; ഐ.എഫ്.എഫ്.കെ വിവാദത്തില്‍ എ. കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സാധാരണഗതിയില്‍ നടത്തുന്നത് പോലെ ഐ.എഫ്.എഫ്.കെ ഇത്തവണ നടത്താനാകില്ലെന്ന് വ്യക്തമാക്കി സംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ ബാലന്‍. വലിയ മേള നടക്കുമ്പോള്‍ അതിന് അനുസരിച്ചുള്ള ആശങ്ക സര്‍ക്കാരിന് ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയാണെന്നും അതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും എ. കെ ബാലന്‍ പ്രതികരിച്ചു.

അതേസമയം ഐ.എഫ്.എഫ്.കെ പ്രാദേശിക പ്രദര്‍ശനം നടത്താറുണ്ടെന്നും ഇതൊരു പുതിയ സംഭവമല്ലെന്നും മന്ത്രി പ്രതികരിച്ചു. തിരുവനന്തപുരത്ത് മാത്രമായാണ് ഐ.എഫ്.എഫ്.കെ നടത്തിയിരുന്നതെന്ന പരാമര്‍ശം തെറ്റാണെന്നും തിരുവനന്തപുരത്തെ സ്‌നേഹിക്കുന്നവര്‍ ഇത്തരം അനാവശ്യവിവാദം സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

5000 പേര്‍ക്കാണ് ഇത്തവണ രജിസ്‌ട്രേഷന്‍ നല്‍കുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല, അതുകൊണ്ടാണ് വേദികള്‍ വികേന്ദ്രീകരിച്ച് മേള നടത്താന്‍ തീരുമാനിച്ചതെന്നും എ. കെ ബാലന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടാക്കാനാണ് ശ്രമം. അത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തും പാലക്കാടും തലശ്ശേരിയിലും വെച്ച് നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി, കെ. എസ് ശബരീനാഥന്‍ എം.എല്‍.എ, സംവിധായകന്‍ ഡോ. ബിജു തുടങ്ങി രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം തീരുമാനത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഫെബ്രുവരി പത്തിനാണ് ഇത്തവണ ചലച്ചിത്ര മേള ആരംഭിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A K Balan response over IFFK controversy

We use cookies to give you the best possible experience. Learn more