| Tuesday, 4th September 2018, 8:17 pm

മേളകള്‍ റദ്ദാക്കിയതില്‍ മന്ത്രിമാര്‍ക്ക് അതൃപ്തി: എ.കെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചലച്ചിത്രമേള റദ്ദാക്കിയ തീരുമാനത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഉത്തരവ് പുനപരിശോധിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

“എല്ലാ മേളകളും മാറ്റിവച്ചാല്‍ ശ്മശാന മൂകതയുണ്ടാകും. ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി മേള നടത്തുകയാണ് വേണ്ടത്. ഒരു വര്‍ഷത്തേക്ക് മേളകള്‍ നടത്തേണ്ടെന്ന തീരുമാനത്തോട് മാനസികമായി പൊരുത്തപ്പെടാനാവുന്നില്ല. സ്‌കൂള്‍ കലോത്സവം വേണ്ടെന്ന് വച്ച തീരുമാനത്തോടും എതിര്‍പ്പുണ്ടെന്നും മന്ത്രി പറഞ്ഞു.


അതേസമയം, മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയോ മന്ത്രിമാരെ അറിയിക്കുകയോ ചെയ്യാതെ ഉത്തരവിറക്കിയ പൊതുഭരണ വകുപ്പിന്റെ തീരുമാനത്തില്‍ മന്ത്രിമാരില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. കലോല്‍സവവും ചലച്ചിത്രമേളയും വള്ളംകളിയും ഉപേക്ഷിക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നില്ല.

നെഹ്‌റു ട്രോഫി വള്ളംകളി നടത്തണമെന്ന അഭിപ്രായത്തിലായിരുന്നു ബന്ധപ്പെട്ട മന്ത്രിമാര്‍. സമൂഹമാധ്യമങ്ങളിലെ പ്രചരണം വിശ്വസിക്കരുതെന്നും കലോല്‍സവം മാറ്റിവയ്ക്കില്ലെന്നും വ്യക്തമാക്കി രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പും ഇറക്കി. അതിനു പിന്നാലെയാണ് ആഘോഷങ്ങള്‍ റദ്ദാക്കി പൊതുഭരണവകുപ്പിന്റെ ഉത്തരവിറങ്ങിയത്.


സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടത്തുന്നതുമായ എല്ലാ ആഘോഷപരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിക്കൊണ്ടാണ് പൊതുഭരണവകുപ്പ് പിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കിയത്. കലോല്‍സവങ്ങളും യുവജനോല്‍സവങ്ങളും ചലച്ചിത്രമേളയും ടൂറിസം വകുപ്പ് നടത്തുന്ന ആഘോഷങ്ങളും റദ്ദാക്കിയായിരുന്നു ഉത്തരവ്.

ഈ ആഘോഷങ്ങള്‍ക്ക് നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അമേരിക്കയില്‍ ചികില്‍സയ്ക്ക് പോകും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കുറിപ്പു പ്രകാരമായിരുന്നു പൊതുഭരണ വകുപ്പിന്റെ ഉത്തരവ്.

We use cookies to give you the best possible experience. Learn more