Kerala News
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കേട്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഞെട്ടിവിറച്ച് ബോധംകെടണം: എ.കെ. ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 01, 03:27 pm
Friday, 1st September 2023, 8:57 pm

കോട്ടയം: ചാണ്ടി ഉമ്മന് കിട്ടുന്ന ഭൂരിപക്ഷം കേട്ട് എതിരാളികള്‍ ഞെട്ടിവിറച്ച് ബോധംകെടണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. പുതുപ്പള്ളിയുടെ ജനകീയ കോടതി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവരെ ശിക്ഷിക്കണമെന്നും പൊതുയോഗത്തില്‍ സംസാരിക്കവെ ആന്റണി പറഞ്ഞു.

‘ഉമ്മന്‍ ചാണ്ടിയെ ജീവിച്ചിരുന്നപ്പോഴും ഇപ്പോഴും വേദനിപ്പിച്ച വേട്ടയാടിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മാപ്പില്ല. പുതുപ്പള്ളിയുടെ ജനികീയ കോടതി അവരെ ശിക്ഷിക്കണം. അവരുടെ സ്ഥാനാര്‍ത്ഥിക്ക് കനത്ത തോല്‍വിയുണ്ടാകണം. ചാണ്ടി ഉമ്മന് റെക്കോര്‍ഡ് വിജയമുണ്ടാകണം. ചാണ്ടി ഉമ്മന്‍ വിജയിച്ച ഭൂരപക്ഷം കേള്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേദനിപ്പിച്ചവര്‍ ഞെട്ടിവിറക്കണം.

രണ്ട് പൊതുയോഗങ്ങളിലാണ് ആന്റണി വെള്ളിയാഴ്ച സംസാരിച്ചത്. ഉമ്മന്‍ ചാണ്ടിയുമായുള്ള സുഹൃദ് ബന്ധത്തെക്കുറിച്ചും ആന്റണി സംസാരിച്ചു. തനിക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള ആത്മബന്ധം പോലെ മറ്റാരോടും ഉണ്ടായിട്ടില്ലെന്നും ഇനി അങ്ങനെ ഒരു ബന്ധം ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എന്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിനായുള്ള മുഖ്യമന്ത്രിയുടെ പര്യടനം ഇന്നത്തോടെ പൂര്‍ത്തിയായി. മൂന്ന് തവണകളായി മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും മുഖ്യമന്ത്രി പോയി.

പുതുപ്പള്ളിയില്‍ മാറ്റം വേണം എന്ന ചിന്തയാണ് ജനങ്ങള്‍ക്കുള്ളതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജെയ്ക്ക് സി. തോമസിന് കിട്ടുന്നത് വലിയ സ്വീകാര്യതയാണ്. വികസനത്തോടൊപ്പം മുന്നേറാന്‍ നാടാഗ്രഹിക്കുന്നു എന്നും പ്രതിസന്ധികളെ മറികടന്ന് സംസ്ഥാനത്ത് വികസനം ഉറപ്പു വരുത്തി എന്നും പൊതുയോഗത്തില്‍
മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തും

ഒരു മറയും ഇല്ലാതെ ബി.ജെ.പിയുമായി കോണ്‍ഗ്രസ് യോജിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിടങ്ങൂര്‍ പഞ്ചായത്ത് അതിന് ഉദാഹരണമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.