തിരുവനന്തപുരം : ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതാവ് എ.കെ ആന്റണി. കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാന്‍ കാത്തിരുന്ന ആര്‍.എസ്.എസും ബി.ജെ.പിയും ഈ സാഹചര്യം മുതലെടുത്തുവെന്നും ആന്റണി പറഞ്ഞു.
“സുപ്രീംകോടതി വിധി വന്നപ്പോള്‍ എന്തുവിലകൊടുത്തും അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രകോപനങ്ങള്‍ക്ക് കാരണമായി. പിന്നാലെ ദേവസ്വം ബോര്‍ഡും നിലപാട് കടുപ്പിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പൊലീസിനെ ഇറക്കിയാണെങ്കിലും വിധി നടപ്പാക്കുമെന്ന ഡി.ജി.പിയുടെ വാക്കുകളും വിശ്വാസികളുടെ വികാരത്തെ ആളിക്കത്തിച്ചു ” -ആന്റണി കുറ്റപ്പെടുത്തി.
പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെയും സന്നിധാനത്തെയും അവസ്ഥ ബോദ്ധ്യപ്പെടുത്തി സാവകാശ ഹര്‍ജിയോ, പുനഃപരിശോധന ഹര്‍ജിയോ നല്‍കിയിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ കേരളത്തില്‍ ബി.ജെ.പിക്ക് വളരാന്‍ പിണറായി വിജയന്‍ വഴിതുറന്ന് കൊടുക്കുകയായിരുന്നുവെന്നും ആന്റണി ആരോപിച്ചു.
സ്ത്രീപ്രവേശന വിധി നവോത്ഥാനത്തിന്റെ തുടര്‍ച്ചയെന്നാണ് കേരളം മുഴുവന്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നത്. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും ഉള്‍പ്പെടെയുള്ളവര്‍ കോടതി വിധികളുടെ പിന്‍ബലത്തിലല്ല നവോത്ഥാന മുന്നേറ്റം നടത്തിയത്.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അജണ്ട വോട്ട് രാഷ്ട്രീയമാണ്. ഇവര്‍ക്കെതിരെ ശക്തമായ മുന്നേറ്റമാണ് കോണ്‍ഗ്രസും യു.ഡി.എഫും നടത്തുന്നത്. അത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നല്‍കുമെന്നും ആന്റണി പറഞ്ഞു.
ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.കെആന്റണി.