അല്‍പ്പമെങ്കിലും ജനാധിപത്യ മര്യാദ വേണം; സഭയിലുണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി കേന്ദ്രം മാത്രമെന്ന് എ.കെ ആന്റണി
Kerala
അല്‍പ്പമെങ്കിലും ജനാധിപത്യ മര്യാദ വേണം; സഭയിലുണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി കേന്ദ്രം മാത്രമെന്ന് എ.കെ ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st September 2020, 11:05 am

ന്യൂദല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

തികച്ചും തെറ്റായ നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഇന്നലെ രാജ്യസഭയിലുണ്ടായ പ്രകോപനങ്ങള്‍ക്കെല്ലാം കാരണം ഗവണ്‍മെന്റ് മാത്രമാണെന്നും ആന്റണി പറഞ്ഞു.

രാജ്യസഭാ ഉപാധ്യക്ഷന്റെ ഇന്നലെത്ത നടപടി അസാധാരണമാണ്. ഒരു മണിക്ക് സാധാരണ ഗതിയില്‍ സഭാ നടപടികള്‍ അവസാനിക്കേണ്ടതാണ്. അനുവദിച്ച സമയത്തിന് ശേഷം സഭ തുടരണമെങ്കില്‍ സഭയുടെ പൊതുവായ അഭിപ്രായ സമന്വയമുണ്ടാകണം.

പ്രതിപക്ഷത്തുള്ള എല്ലാവരും നാളെ രാവിലെ സഭ കൂടാമെന്നാണ് അഭിപ്രായപ്പെട്ടത്. ബില്ലിനെ കുറിച്ച് എം.പിമാരുടെ എതിരഭിപ്രായം കേട്ടശേഷം നാളെ സഭ മുന്നോട്ടുകൊണ്ടുപോകാമെന്നാണ് എല്ലാ കക്ഷികളും ആവശ്യപ്പെട്ടത്. പക്ഷേ അതെല്ലാം തീര്‍ത്തും അവഗണിച്ചുകൊണ്ട് ഉപാധ്യക്ഷന്‍ ഇന്നലെ തന്നെ സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയി.

ബഹളത്തിനും എതിര്‍പ്പിനും ഇടയില്‍ ബില്‍ പാസ്സാക്കാന്‍ ശ്രമിച്ചപ്പോഴാണ് നിര്‍ഭാഗ്യകരമായ ഈ കാര്യങ്ങള്‍ സംഭവിച്ചത്. ഇന്നലെ സഭയില്‍ ഉണ്ടായ എല്ലാ ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ക്കും കാരണം സര്‍ക്കാരിന്റെ പിടിവാശിയാണ്.

ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന കൃഷിക്കാരെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന, കൃഷിക്കാരുടെ താത്പര്യങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കും വിദേശകോര്‍പ്പറേറ്റുകള്‍ക്കും അടിയറവ് വെയ്ക്കുന്ന നിയമത്തിനെതിരായി പാര്‍ലമെന്റിന് പുറത്ത് കക്ഷിഭേദമന്യേ എല്ലാ കര്‍ഷക സംഘടനകളും പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഇന്നലെ തന്നെ ബില്‍ പാസ്സാക്കാന്‍ കാണിച്ച നിര്‍ബന്ധമാണ് സഭയിലുണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്. ഗവണ്‍മെന്റ് തെറ്റ് സമ്മതിക്കേണ്ടതിന് പകരം പ്രതിപക്ഷ എം.പിമാരെ സഭ അവസാനിക്കുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഏകാധിപത്യപരമായ നീക്കമാണ് സര്‍ക്കാരിന്റേത്.

എല്ലാ വിഷയത്തിലും സര്‍ക്കാരിന്റെ കൂടെ നില്‍ക്കുന്ന അകാലിദള്‍ പോലും ഇതിനെ എതിര്‍ക്കുന്നു. അവരുടെ മന്ത്രി പോലും രാജിവെക്കുന്നു. ഇതെല്ലാം കണ്ടിട്ടും പൊതുവികാരം മാനിച്ച് ബില്‍ പിന്‍വലിക്കുന്നതിന് പകരം എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് ഇന്നലെ തന്നെ ബില്‍ പാസ്സാക്കാന്‍ ശ്രമം നടത്തുകയായിരുന്നു അവര്‍. ഇനിയെങ്കിലും ഗവണ്‍മെന്റ് തെറ്റ് സമ്മതിക്കാനുള്ള ജനാധിപത്യമര്യാദ കാണിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് ബില്ലുകള്‍ കേന്ദ്രം പാസാക്കിയത്.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ്് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.

ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.

സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം, തൃണമൂല്‍ എം.പിയായ ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A.K. Antony On Opposition MP’s Suspension