ന്യൂദല്‍ഹി: സൈനിക വാഹനം വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്ന കരസേനാ മേധാവി ജനറല്‍ വി.കെ സിങ്ങിന്റെ വെളിപ്പെടുത്തലിന് രാജ്യസഭയില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ മറുപടി. അഴിമതി രഹിതമാണ് തന്റെ ജീവിതമെന്നും താന്‍ തെറ്റു ചെയ്തുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നും വികാരാധീനനായി ആന്റണി മറുപടി പറഞ്ഞു.
” തന്റെ ജീവിതം സുതാര്യമാണ്. അഴിമതിക്കെതിരെ പോരാടിയതാണ് എന്റെ ചരിത്രം. എത്ര ശക്തനായ നേതാവായാലും അഴിമതി നടത്തിയാല്‍ നടപടിയെടുക്കും. ഒരു വര്‍ഷം മുമ്പാണ് അഴിമതിയെക്കുറിച്ച് ജനറല്‍ വി.കെ സിങ് തന്നോട് പറഞ്ഞത്. പണം വ്ഗ്ദാനം ചെയ്തപ്പോള്‍ തന്നെ വി.കെ.സിങ് എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ഇത് കേട്ട് ഞാന്‍ ഞെട്ടി. ഒരു നിമിഷം സ്തബ്ദനായി നിന്നു. ഉടന്‍ തന്നെ നടപടിയെടുക്കണമെന്ന് ജനറലിലോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ജനറല്‍ വി.കെ സിങ് തന്നോട് പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങിനെ പറഞ്ഞതെന്ന് എനിക്കറിയില്ല. ഇക്കാര്യത്തില്‍ രേഖാമൂലം ഒരു പരാതി ലഭിച്ചിട്ടില്ല. അതിനാല്‍ അന്വേഷണം നടത്തിയില്ല. അരെയും സമ്മര്‍ദം ചെലുത്താന്‍ തനിക്ക് കഴിയില്ലെന്ന് പറഞ്ഞ് വി.കെ സിങ് ഒഴിയുകയായിരുന്നു. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കും. തെറ്റ് ചെയ്‌തെങ്കില്‍ എന്നെ ശിക്ഷിക്കാം”- ആന്റണി വ്യക്തമാക്കി.
സൈനിക ഇടപാടില്‍ കൃത്രിമം നടത്തിയ ആറ് കമ്പനികളെ താന്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. വി.കെ സിങ് രേഖാമൂലം പരാതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താതിരുന്നതെന്നും ആന്റണി വ്യക്തമാക്കി.
കോടികള്‍ മറിയുന്ന ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ അഴിമതിയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടായിരുന്നു കരസേനാ മേധാവി ജനറല്‍ വി.കെ സിങ്ങ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയത്. സൈന്യത്തിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേട് നടത്താനായി ഇടപാടുകാര്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സിങ്ങിന്റെ വെളിപ്പെടുത്തല്‍. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
കരസേനയിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയാല്‍ 14 കോടി രൂപ ഇടനിലക്കാര്‍ കോഴയായി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം താന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും “ദ ഹിന്ദു”വിന് അനുവദിച്ച അഭിമുഖത്തിലാണ് സിംങ് വ്യക്തമാക്കിയത്.
ഇടപാടുകാര്‍ക്കൊപ്പമെത്തിയവരില്‍ ഒരാള്‍ സൈനികനായിരുന്നു. അയാള്‍ അടുത്തകാലത്താണ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്. ഇക്കാര്യങ്ങള്‍ താന്‍ ആന്റണിയോട് വ്യക്തമാക്കി. ഇതുമായി പൊരുത്തപ്പെടാന്‍ കഴിയാത്തയാളാണ് താനെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ താന്‍ പുറത്തുപോകാമെന്ന് ആന്റണിയെ അറിയിച്ചു- അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.