‘കോണ്‍ഗ്രസിനെന്നല്ല, ഒറ്റയ്ക്ക് നിന്നുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ല,’ ഇത് പറയുന്നത് രാഷ്ട്രീയ നിരീക്ഷകരോ മറ്റു പാര്‍ട്ടിക്കാരോ കോണ്‍ഗ്രസിലെ ജി 23 ഗ്രൂപ്പോ അല്ല. കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാക്കളിലൊരാളായ എ.കെ ആന്റണിയാണ്.
എന്തായിരിക്കാം ആന്റണിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണം വരാന്‍ കാരണം?
കഴിഞ്ഞ ദിവസം നടന്ന, ഐ.എന്‍.ടി.യു.സിയുടെ എഴുപതാം വാര്‍ഷികാഘോഷത്തില്‍ വെച്ചു ആന്റണി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. സമാന ചിന്താഗതിക്കാരായ മറ്റു പാര്‍ട്ടികളും കക്ഷികളും കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നും അങ്ങനെ 2024ലെ ലോക്‌സഭ ഇലക്ഷനില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഒരു വിശാല പ്രതിപക്ഷ മുന്നണിക്ക് വേണ്ടി വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ശ്രമം നടന്നപ്പോഴെല്ലാം അതില്‍ നിന്നും പല കാരണങ്ങള്‍ പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറിയ കോണ്‍ഗ്രസില്‍ നിന്നാണ് ഇപ്പോള്‍ ഒരു വിശാല പ്രതിപക്ഷത്തിന് വേണ്ടിയുള്ള ആവശ്യമുയരുന്നത് എന്നത് തന്നെയാണ് ആന്റണിയുടെ പ്രസംഗത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
തുടര്‍ച്ചയായ രണ്ട് ലോക്‌സഭ ഇലക്ഷനുകളിലും നേരിട്ട വമ്പന്‍ പരാജയം, കേരളം, പഞ്ചാബ് തുടങ്ങിയ ശക്തികേന്ദ്രമായ സംസ്ഥാനങ്ങളിലടക്കം തെരഞ്ഞെടുപ്പ് തോല്‍വികള്‍, തകര്‍ന്നടിഞ്ഞിരിക്കുന്ന പാര്‍ട്ടി സംവിധാനം, നേതൃത്വത്തിന്റെ അഭാവം, രൂക്ഷമാകുന്ന ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍, നേതാക്കളുടെയും പ്രവര്‍ത്തകരുടെയും രാജി തുടങ്ങി കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. ഇതിന്റെയെല്ലാം കൂടിച്ചേര്‍ന്ന പ്രതിഫലനമാണ് ആന്റണിയുടെ വാക്കുകളില്‍ കാണാനാകുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന വിലയിരുത്തലുകള്‍.
ആന്റണി തന്നെ താനൊരു റിയലിസ്റ്റാണെന്ന് പറഞ്ഞുകൊണ്ടാണ് ഇതെല്ലാം സംസാരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലെ പ്രധാന ഭാഗങ്ങളൊന്ന് നോക്കാം.
‘2024ലെ ഇലക്ഷനില്‍ ഒരു പാര്‍ട്ടി തനിയെ വിചാരിച്ചാല്‍ ബി.ജെ.പിയെ പുറത്താക്കാനാകില്ല. ബി.ജെ.പിയല്ലാതെ, ഇന്ത്യ മുഴുവന്‍ വേരുകളുള്ള നാഷണല്‍ പാര്‍ട്ടി കോണ്‍ഗ്രസാണെങ്കിലും, ഈ രാജ്യത്തെ ഓരോ ഗ്രാമത്തിലും ഓരോ വാര്‍ഡിലും വരെ അഞ്ചോ പത്തോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലെ സര്‍ക്കാരിനെ താഴെയിറക്കാനാവില്ല. കോണ്‍ഗ്രസിന് ഇതേ കുറിച്ചെല്ലാം വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ എന്‍.ഡി.എ സര്‍ക്കാര്‍ മാറണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. സര്‍ക്കാരിന് മാറ്റുകയല്ലാതെ ഇന്നത്തെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ല,’ ഇത്രയുമാണ് ആന്റണി പ്രധാനമായും പറഞ്ഞത്.
ഇതിനോട് സമാനമായ പ്രസ്താവനകള്‍ ചില കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും നേരത്തെ കേട്ടിട്ടുണ്ട്. എന്നാല്‍ ആന്റണിയുടെ ഈ വാക്കുകളെ അല്‍പം കൂടി ശ്രദ്ധേയമാക്കുന്നത് ഈ സമാന മനസ്‌കരായ പാര്‍ട്ടികളെ ഒന്നിച്ചുകൊണ്ടുവരുന്നതിനുള്ള ചില പ്രായോഗിക നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞു എന്നു കൂടി അദ്ദേഹം പറഞ്ഞതാണ്.
ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനായി, ഇതേ രീതിയില്‍ ചിന്തിക്കുന്ന പാര്‍ട്ടികളെ ഒന്നിച്ചു കൊണ്ടുവരുന്നതിനുള്ള സ്ട്രാറ്റജി ഉടന്‍ തന്നെ തയ്യാറാക്കുമെന്നും ആന്റണി പറഞ്ഞു. അതുകൊണ്ട് പ്രയോഗികമായ രീതിയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് വേണം കരുതാന്‍.
വൈകാതെ തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലോ അല്ലെങ്കില്‍ മറ്റു പ്രബല പാര്‍ട്ടികള്‍ നയിക്കുന്ന പ്രതിപക്ഷ ഐക്യ സഖ്യത്തിലോ കോണ്‍ഗ്രസിനെ കാണാനാകുമെന്നതിലേക്കാണ് ഈ പ്രസ്താവന വിരല്‍ ചൂണ്ടുന്നത്.
Content Highlight: A K Antony says the Congress is ready to work with other parties to overthrow BJP in 2024 Election