| Saturday, 27th February 2021, 2:58 pm

കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞു: ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യമായ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

പഴയ കാലം പോലെയല്ല, കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയാലും വിജയിക്കുന്ന കാലം കഴിഞ്ഞുപോയി. ഇത്തവണത്തെ സ്ഥാനാര്‍ത്ഥികള്‍ കൂടുതലും പുതുമുഖങ്ങളായിരിക്കും. പുതുമുഖങ്ങളായാല്‍ മാത്രം പോര, ജനങ്ങള്‍ക്കിടയില്‍ ഓരോ അസംബ്ലി മണ്ഡലത്തിലും പ്രവര്‍ത്തന പരിചയം ഉണ്ടാകണം.

ഇവര്‍ കൊള്ളാം, വിശ്വസിക്കാവുന്നവരാണ്, തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുമെന്ന് തോന്നുന്ന, വോട്ടര്‍മാര്‍ക്ക് വിശ്വാസമുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ കൂടി ശ്രദ്ധിച്ചാല്‍ യു.ഡി.എഫിന് ഇത്തവണ കേരളത്തില്‍ തിളക്കമാര്‍ന്ന വിജയം ഉണ്ടാകുമെന്നാണ് അഭിപ്രായം, എ.കെ ആന്റണി പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന വിവാദവും പി.എസ്.സി സമരവും ഇടത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തീരുമാനിച്ചു. ആരെയും കെട്ടിയിറക്കാന്‍ അനുവദിക്കില്ല. സിറ്റിങ് എം.എല്‍.എമാര്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ക്കു മുന്‍ഗണന നല്‍കും. 40 നും 50 നും ഇടയ്ക്കു പ്രായമുള്ളവരായിരിക്കണം ഏറിയ പങ്ക് സ്ഥാനാര്‍ഥികളെന്നും യോഗത്തില്‍ ധാരണയായി.

ഇന്നലെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള തിരക്കിലാണ് മുന്നണികള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A. K Antony About UDF Candidates

We use cookies to give you the best possible experience. Learn more