അവസാനശ്വാസം വരെ ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തും; അനിലിന്റെ തീരുമാനം വേദനയുണ്ടാക്കി: എ.കെ. ആന്റണി
Kerala News
അവസാനശ്വാസം വരെ ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തും; അനിലിന്റെ തീരുമാനം വേദനയുണ്ടാക്കി: എ.കെ. ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th April 2023, 6:01 pm

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരാനുള്ള മകന്‍ അനില്‍ കെ. ആന്റണിയുടെ തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. അനിലിന്റെ തീരുമാനം തനിക്ക് വേദനയുണ്ടാക്കിയെന്നും കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വികാരാധീതനായിട്ടാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

തന്റെ ജീവിതത്തിലെ തന്നെ അവസാന നിമഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും, മരണം വരെ ആര്‍.എസ്.എസ്- ബി.ജെ.പി നയങ്ങള്‍ക്കെതിരെ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനിലുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചക്കും താന്‍ ഇനി തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തെറ്റായ തീരുമാനമാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെ ആണിക്കല്ല് ബഹുസ്വരതയും മതേതരത്വവുമാണ്. 2014ല്‍ ബി.ജെ.പി അധികാരത്തിന് ശേഷം രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഇല്ലാതാകന്നുണ്ട്. 2019ലെ പൊതു തെരഞ്ഞെടുപ്പിന്
ശേഷം രാജ്യം ഏകത്വത്തിലേക്ക് നീങ്ങുകയാണ്.

അവസാനശ്വാസം വരെ ബി.ജെ.പി, ആര്‍.എസ്.എസ് നയങ്ങള്‍ക്ക് എതിരെ ഞാന്‍ സംസാരിക്കും. നെഹ്‌റു കടുംബം ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. നെഹ്‌റു കുടുംബത്തിനോട് തനിക്കുള്ള കൂറ് എന്നും തുടരും,’ എ.കെ. ആന്റണി പറഞ്ഞു.

എ.കെ. ആന്റണിയുടെ മകനെന്നതിനപ്പുറം അനില്‍ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടിക്കാരുമല്ലെന്നും അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നതില്‍ കോണ്‍ഗ്രസിന് പ്രശ്‌നമില്ലെന്നുമായിരുന്നു വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റ്
കെ. സുധാകരന്റെ പ്രതികരണം.

‘ഇന്ന് പെസഹ വ്യാഴമാണ്. 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസമാണ്. ആ ദിവസത്തില്‍ പലതും സംഭവിക്കും. ആ കൂട്ടത്തിലൊന്നായി ഇത് കണ്ടാല്‍ മതി.

അനില്‍ ആന്റണി എ.കെ. ആന്റണിയുടെ മകനെന്നതിനപ്പുറം കോണ്‍ഗ്രസ് പാര്‍ട്ടിക്കാരുമല്ല. അദ്ദേഹത്തിന് അങ്ങനൊരു ഉത്തരവാദിത്തം ഞങ്ങളാരും കൊടുത്തിട്ടില്ല, അദ്ദേഹം എടുത്തിട്ടുമില്ല.

അദ്ദേഹം കൊടികുത്തി നടന്നിട്ടില്ല. പോസ്റ്റര്‍ ഒട്ടിച്ച് നടന്നിട്ടില്ല. സിന്ദാബാദ് വിളിച്ചിട്ടില്ല. ജാഥ സംഘടിപ്പിച്ചിട്ടില്ല. സമരം ചെയ്തിട്ടില്ല. ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തില്‍ നിന്ന് നമുക്കെന്താ പ്രശ്നം. ആന്റണിയുടെ മകന്‍ എന്നതിനപ്പുറത്ത് കോണ്‍ഗ്രസിനകത്ത് അദ്ദേഹം ഒന്നും അല്ല, ഞങ്ങള്‍ക്ക് അതില്‍ പ്രത്യേകിച്ച് ചിന്തിക്കേണ്ടതില്ല, അതില്‍ വേവലാതിപ്പെടേണ്ട പ്രശ്നവുമില്ല,’ കെ. സുധാകരന്‍ പറഞ്ഞു.