കോട്ടയം: ചാണ്ടി ഉമ്മന്റെ വിജയം പുതുപ്പള്ളിയിലെ ജനങ്ങളുടെ പ്രതികാരമാണെന്ന്
എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. ഉമ്മന്‍ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്‌നേഹമാണിതെന്നും ഉമ്മന്‍ ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവര്‍ക്കുള്ള കടുത്ത ശിക്ഷയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘പ്രതീക്ഷിച്ച മുന്നേറ്റം. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹമാണിത്. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കേള്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ ഞെട്ടിവിറക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കി പറഞ്ഞതാണ്. ഉമ്മന്‍ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവര്‍ക്കുള്ള കടുത്ത ശിക്ഷയാണിത്. ഇത് പുതുപ്പള്ളിക്കാരുടെ പ്രതികാരവുമാണ്,’ എ.കെ. ആന്റണി പറഞ്ഞു.
പുതുപ്പള്ളി വിജയം കേരളത്തിലാകെ ആളിപ്പടരുമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം. നാട് ജയിച്ചെന്നും തന്റെ പിതാവ് നടന്ന വഴിയേതന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളുമുള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മനെന്നും സുധാകരന്‍ പറഞ്ഞു.
‘നാട് ജയിച്ചു. പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവന്‍ കോണ്‍ഗ്രസ് ആളിപ്പടര്‍ത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണില്‍ നിന്ന് തുടച്ചു നീക്കുമെന്ന് ജനങ്ങള്‍ക്ക് ഞങ്ങള്‍ വാക്ക് തരുന്നു,’ സുധാകരന്‍ പറഞ്ഞു.
Content Highlight: A.K. Anthony Chandi Oommen’s victory is the symbol of the people of Pudupally