മുനമ്പം ഭൂമി പ്രശ്‌ന പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കും; ഉന്നതതല യോഗത്തില്‍ തീരുമാനം
Kerala News
മുനമ്പം ഭൂമി പ്രശ്‌ന പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കും; ഉന്നതതല യോഗത്തില്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2024, 6:36 pm

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്‌നപരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ വെക്കുമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ തീരുമാനം. ആരെയും കുടിയിറക്കില്ലെന്നും അത്തരത്തിലുള്ള ആശങ്ക ആര്‍ക്കും വേണ്ടെന്നും യോഗത്തില്‍ തീരുമാനമായി.

റവന്യൂമന്ത്രി കെ. രാജന്‍, നിയമകാര്യ മന്ത്രി പി.രാജീവ്, വഖഫ് മന്ത്രി വി.അബദുറഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്രസമ്മേളനത്തിലാണ് ഉന്നതതല യോഗ തീരുമാനം അറിയിച്ചത്.

വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും അന്വേഷണത്തോടുകൂടി ശാശ്വത പരിഹാരമുണ്ടാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉന്നതതലയോഗത്തില്‍ പ്രധാനമായി നാല് തീരുമാനങ്ങളെടുത്തതായി മന്ത്രി പി.രാജീവ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഭൂമിയില്‍ ഉടമസ്ഥാവകാശമുള്ള ഒരാളെയും കുടിയൊഴിപ്പിക്കില്ലെന്നും നിയമപരമായ അവകാശങ്ങളെല്ലാം സംരക്ഷിക്കും. വഖഫ് ബോര്‍ഡ് കൊടുത്തിട്ടുള്ള നോട്ടീസുകളില്‍ തീരുമാനമാകുന്നത് വരെ നടപടികളൊന്നും ഉണ്ടാവാന്‍ പാടില്ലെന്ന് വഖഫ് ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതായും അത് വഖഫ് ബോര്‍ഡ് അംഗീകരിച്ചിട്ടുമുണ്ട്. നിയമപരമായുള്ള അവകാശങ്ങള്‍ സംരക്ഷിക്കാനും പരിശോധന നടത്താനും മൂന്ന് മാസത്തിനകം ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടത്താനുമാണ് തീരുമാനമായത്.

ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടക്കുക. മുഖ്യമന്ത്രി സമരസമിതി അംഗങ്ങളുമായി ചര്‍ച്ച നടത്തുമെന്നും പി.രാജീവ് കൂട്ടിച്ചേര്‍ത്തു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഏകദേശം ഒന്‍പത് കേസുകള്‍ ഹൈക്കോടതിയില്‍ നടക്കുകയാണ്. ഇത്തരത്തില്‍ ഒരുപാട് സങ്കീര്‍ണതകളുണ്ട്. സര്‍ക്കാരിന് ഒറ്റയടിക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും കരം അടക്കാന്‍ ഭൂവുടമകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കാന്‍ തീരുമാനമെടുത്തതായും മന്ത്രി പറഞ്ഞു.

ഉന്നതതല സമിതിയോഗത്തിലെ തീരുമാനത്തില്‍ നിരാശയുണ്ടെന്നും പ്രതിഷേധിക്കുന്നതായും സമരസമിതിയുടെ പ്രതികരണം.

Content Highlight: A judicial commission will be appointed to resolve the Munambam land issue; Decision at high level meeting