| Sunday, 3rd July 2022, 4:52 pm

ബലാത്സംഗത്തിനിരയായ പത്ത് വയസുകാരിക്ക് ഗര്‍ഭഛിദ്രം നിഷേധിച്ച് ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ: ബ്രസീലില്‍ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പത്ത് വയസുകാരിക്ക് ഗര്‍ഭഛിദ്രം നിഷേധിച്ച് ജഡ്ജി. അബോര്‍ഷന്‍ നടത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച പെണ്‍കുട്ടിക്കാണ് ഗര്‍ഭഛിദ്രത്തിനുള്ള അവകാശം കോടതി നിഷേധിച്ചത്.

വാഷിങ്ടണ്‍ പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അബോര്‍ഷന്‍ നടത്തരുതെന്നും ഗര്‍ഭിണിയായി തന്നെ തുടരണമെന്നും ജഡ്ജിയും പ്രോസിക്യൂട്ടറും പെണ്‍കുട്ടിയോട് പറയുകയും അവരെ നിര്‍ബന്ധിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കുടുംബത്തില്‍ നിന്നും മാറി ഷെല്‍റ്റര്‍ ഹോമില്‍ താമസിക്കണമെന്നും ഗര്‍ഭഛിദ്രം നടത്തരുതെന്നുമാണ് കോടതി പറഞ്ഞത്.

മേയ് മാസത്തില്‍ നടന്ന സംഭവത്തിന്റെ കോടതി നടപടികളുടെ ഓഡിയോ റെക്കോര്‍ഡിങ് സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍സെപ്റ്റ് ബ്രസീല്‍ (Intercept Brasil) കഴിഞ്ഞ മാസം ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് സംഭവം വാര്‍ത്തയായത്. ഇതോടെ രാജ്യവ്യാപകമായി കോടതി വിധിക്കെതിരെ പ്രതിഷേധം ഉയരുകയായിരുന്നു.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി, താന്‍ ഭര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത് 22 ആഴ്ചകള്‍ക്ക് ശേഷം മാത്രമാണെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അബോര്‍ഷന് വേണ്ടി കുടുംബത്തിനൊപ്പം പെണ്‍കുട്ടി ആശുപത്രിയിലെത്തിയെങ്കിലും ഗര്‍ഭം 20 ആഴ്ച പിന്നിട്ടതിനാല്‍ ആശുപത്രി അധികൃതര്‍ അബോര്‍ഷന്‍ നടത്താന്‍ തയ്യാറായില്ല.

ഇതോടെയാണ് പെണ്‍കുട്ടിയും കുടുംബവും കോടതിയെ സമീപിച്ചത്.

അതേസമയം കോടതി വിധിക്കെതിരെ വ്യാപകമായി പ്രതിഷേധവും ഉയരുന്നുണ്ട്. ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് ബ്രസീലിയന്‍ കോടതിയുടെ വിധി എന്നാണ് ഉയരുന്ന അഭിപ്രായം.

പീഡനം നേരിടേണ്ടി വരുന്ന കേസുകളില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ രാജ്യമാണ് ബ്രസീല്‍. പീഡനത്തിനിരയാകുന്നവര്‍ക്ക് ഗര്‍ഭധാരണത്തിന്റെ ഏത് പിരീഡില്‍ വേണമെങ്കിലും ഗര്‍ഭഛിദ്രം നടത്താനും രാജ്യത്ത് അവകാശമുണ്ട്.

എന്നിരിക്കെ പെണ്‍കുട്ടിക്ക് അതിനുള്ള അനുമതി നിഷേധിച്ച ജഡ്ജിയുടെ തീരുമാനം വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്.

സംഭവത്തില്‍ ജഡ്ജി ജൊവാന റിബെയ്‌റോ സിമ്മറിനെതിരെ (Joana Ribeiro Zimmer) ബ്രസീലിയന്‍ ജുഡീഷ്യല്‍ വാച്ച്‌ഡോഗ് ഏജന്‍സി അന്വേഷണം ആരംഭിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സിമ്മറിനെ കോടതിയുടെ ബെഞ്ചില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്ന് ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട ഹരജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, കോടതി നിര്‍ദേശം പുറത്തുവന്ന് ഒരു മാസത്തിന് ശേഷം, ജൂണ്‍ 23ന്, പെണ്‍കുട്ടി ഗര്‍ഭഛിദ്രം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെഡറല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് ഇത് സംബന്ധിച്ച ഉത്തരവ് ആശുപത്രിക്ക് നല്‍കുകയായിരുന്നു.

Content Highlight: A Judge in Brazil tried to block 10 year old rape victim from having abortion

We use cookies to give you the best possible experience. Learn more