| Tuesday, 19th February 2013, 4:40 pm

തുംഗനാഥില്‍ നിന്ന് താവോയിലേക്കൊരു യാത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

അധ്യായം പതിനാറ്

അമ്മയുടെ ഗര്‍ഭാശയത്തില്‍ ശാന്തമായി ശയിക്കുന്ന ശിശുവിന്റെ അവസ്ഥയാണ് അപ്പോഴൊക്കെ അനുഭവിക്കാന്‍ കഴിഞ്ഞത്.

“ഒന്നൊന്നായി എല്ലാറ്റിനേയും ഒഴിവാക്കുക.

മനസ്സ് നിശ്ചലമായിരിക്കട്ടെ.

അപ്പോള്‍ നൂറായിരം വസ്തുക്കള്‍ ഉണരുകയും ഇല്ലാതാകുകയും ചെയ്യും.

അവ വളര്‍ന്ന്, വിടര്‍ന്ന് ഉത്ഭവസ്ഥാനത്തേക്കു മടങ്ങും.

ഉത്ഭവസ്ഥാനത്തേക്കുള്ള മടക്കമാണ് നിശ്ചലത.

അതാണ് പ്രകൃതിയുടെ വഴി.

പ്രകൃതിയുടെ വഴി സുസ്ഥിരമാണ്

സുസ്ഥിരതയെ അറിയലാണ് ഉള്‍ക്കാഴ്ച.

അറിയാതിരിക്കല്‍ നാശത്തിലേക്കു നയിക്കും.

അനശ്വരതയറിഞ്ഞാല്‍ മനസ്സു തുറക്കും.

മനസ്സു തുറന്നാല്‍ ഹൃദയം വിടരും.

ഹൃദയം വിടര്‍ന്നാല്‍ കാരുണ്യമുണരും.

കരുണ ദൈവീകതയിലേക്കു നയിക്കും.

അതോടെ താവോയുമായി ഒന്നായിച്ചേരും.

താവോയില്‍ വിലയിക്കലാണ് അനശ്വരത.

പിന്നെ ശരീരം നശിച്ചാലും താവോ വിട്ടുപോവുകയില്ല.”

ഒരു ഏപ്രില്‍ മാസത്തിലാണ് ആദ്യമായി തുംഗനാഥിലെത്തിയത്. റോഡോ ഡെണ്‍ഡ്രോണ്‍ പൂക്കള്‍ ചുവപ്പും പിങ്കും വര്‍ണ്ണങ്ങളില്‍ മരം നിറയെ പൂത്തുവിടര്‍ന്ന പുഞ്ചിരിച്ചു നില്‍ക്കുന്നു.

പൂക്കള്‍ വീണുനിറഞ്ഞ മാര്‍ദ്ദവമാര്‍ന്ന വഴിത്താരകള്‍. മഞ്ഞിനടിയില്‍ പാതിപുതഞ്ഞു കിടക്കുന്ന പുരാതനമായ തുംഗനാഥക്ഷേത്രം. മുട്ടോളം താഴ്ന്നുപോകുന്ന പൊരിമഞ്ഞിലൂടെ ആഹ്ലാദത്തോടെ നടന്ന നിമിഷങ്ങള്‍.

തടാകക്കരയ്ക്ക് ചുറ്റും നിറഞ്ഞുപടര്‍ന്നു കിടക്കുന്ന മഞ്ഞില്‍ ചന്ദ്രിക പടരുമ്പോള്‍ കുളിര്‍നിലാവിന്റെ സൗന്ദര്യം അതിന്റെ പാരമ്യതയിലെത്തിയ അനുഭൂതിയാണ്.

ആകാശത്തു മിന്നിനിറയുന്ന നക്ഷത്രങ്ങളോട് കിന്നാരംപറഞ്ഞ് കൊടുംതണുപ്പ് വകവയ്ക്കാതെ അലഞ്ഞുതിരിഞ്ഞ രാത്രികള്‍. വാല്‍നക്ഷത്രങ്ങള്‍ കൊഴിയുന്നത് കണ്‍പാര്‍ത്ത് ദേവ്‌രിയാ താലിന്റെ തടത്തില്‍ മലര്‍ന്നുകിടന്ന മനോഹര രാത്രി.

ആ സുന്ദരമായ വിജനതയില്‍ താമസിക്കാന്‍ അന്ന് ഞാനും എന്റെ സുഹൃത്തും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തടാകക്കരയ്ക്ക് ചുറ്റും നിറഞ്ഞുപടര്‍ന്നു കിടക്കുന്ന മഞ്ഞില്‍ ചന്ദ്രിക പടരുമ്പോള്‍ കുളിര്‍നിലാവിന്റെ സൗന്ദര്യം അതിന്റെ പാരമ്യതയിലെത്തിയ അനുഭൂതിയാണ്.

ടെന്റിനു വെളിയില്‍ ആകാശംനോക്കിക്കിടക്കേ കുറുക്കനെപ്പോലൊരു ജീവി അടുത്തുവന്ന് ഞങ്ങളെ കണ്ണുമിഴിച്ചു നോക്കിനിന്നത് കൗതുകത്തോടെ ഓര്‍ത്തു പോകുന്നു. മതി, ഇത്രയും മതി ദൈവമേ എന്ന് അറിയാതെ മൊഴിഞ്ഞ രാത്രിയായിരുന്നു അത്.[]

ഹിമാലയപ്രദേശങ്ങളില്‍, എന്തുകൊണ്ടോ ഏറെ വശീകരിച്ച ഇടമായതിനാലാകാം സുഹൃത്തുക്കളോടൊത്ത് പിന്നീട് പലപ്രാവശ്യം അവിടെ പോവുകയുണ്ടായി. ചന്ദ്രശിലയുടെ ഉച്ചിയിലിരുന്നു ഒരു ഭാഗത്ത് പരന്നുകിടക്കുന്ന ഹിമാവൃതമായ മലനിരകളെയും മറുഭാഗത്ത് തിങ്ങിനിറഞ്ഞു വിലസുന്ന വനപ്രദേശങ്ങളും പുല്‍മേടുകളും നിറഞ്ഞ ഹരിതാഭയേയും നിശ്ചലനായി നോക്കിയിരിക്കുമ്പോള്‍ സ്വഭവനത്തിലെത്തിച്ചേര്‍ന്ന പ്രതീതിയാണ്. അമ്മയുടെ ഗര്‍ഭാശയത്തില്‍ ശാന്തമായി ശയിക്കുന്ന ശിശുവിന്റെ അവസ്ഥയാണ് അപ്പോഴൊക്കെ അനുഭവിക്കാന്‍ കഴിഞ്ഞത്.

പിന്നീടൊരിക്കല്‍ എന്നോടൊപ്പം അങ്ങോട്ടു യാത്രചെയ്ത സ്‌നേഹിതന്‍ ഋഷികേശ് മുതല്‍ തുംഗനാഥ് വരെയുള്ള സ്ഥലങ്ങള്‍ ഒരിഞ്ചുപോലും ഒഴിവാക്കാതെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുകയുണ്ടായി.

എന്നാല്‍ ചന്ദ്രശിലയുടെ ഉച്ചിയിലെത്തിയപ്പോള്‍ വിസ്മയാവഹമായ രീതിയില്‍ തന്റെ ആത്മാവിനെ വലയംചെയ്തു നില്ക്കുന്ന സൗന്ദര്യത്തിനു മുമ്പില്‍ നിശ്ചലനായിപ്പോയി. കൈയില്‍നിന്നും വീഡിയോ ക്യാമറ ഊര്‍ന്നുവീണു.

കുന്തക്കാലില്‍ മുഖമമര്‍ത്തിയിരുന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞു. പിന്നീട് അത്യഗാധമായ ഏതോ മൗനത്തിലേക്ക് അഴിഞ്ഞുവീണു. നീണ്ടുനിവര്‍ന്ന് അനന്തതയിലേക്കു കണ്ണുംനട്ട് നിശ്ചലതയിലിരിക്കുന്ന ആ സുഹൃത്തിന്റെ ധ്യാനാത്മകമായ രൂപം എന്റെ മുമ്പില്‍ സജീവമാണ്.
അടുത്തപേജില്‍ തുടരുന്നു


“നമ്മുടെ ഫ്രെയിമുകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത കാഴ്ചകള്‍ക്കു മുമ്പില്‍ നാം തകര്‍ന്നുപോകും, അല്ലേ? ഇതെല്ലാം വീഡിയോയില്‍ പകര്‍ത്താനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ശ്രമിച്ച ഞാന്‍ എത്ര വിവേകശൂന്യനാണ്. സ്വയം ഇല്ലാതായിത്തീരുകയെന്ന മഹത്തായ അനുഗ്രഹമാണ് ഹിമാലയത്തില്‍നിന്നും അനുഭവിക്കേണ്ടതെന്ന് മനസ്സിലാകുന്നു.”


തിരിച്ചിറങ്ങവേ എവിടെയോവെച്ച് വാക്കിന്റെ ലോകത്തേക്കു പ്രവേശിക്കാറായപ്പോള്‍ അദ്ദേഹം പറഞ്ഞു: “നമ്മുടെ ഫ്രെയിമുകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത കാഴ്ചകള്‍ക്കു മുമ്പില്‍ നാം തകര്‍ന്നുപോകും, അല്ലേ? ഇതെല്ലാം വീഡിയോയില്‍ പകര്‍ത്താനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ശ്രമിച്ച ഞാന്‍ എത്ര വിവേകശൂന്യനാണ്. സ്വയം ഇല്ലാതായിത്തീരുകയെന്ന മഹത്തായ അനുഗ്രഹമാണ് ഹിമാലയത്തില്‍നിന്നും അനുഭവിക്കേണ്ടതെന്ന് മനസ്സിലാകുന്നു.”

ഋഷികേശില്‍നിന്നും വണ്ടി കയറുമ്പോള്‍ മനസ്സുനിറയെ കാഴ്ചകളായിരുന്നു. ഒരു ദൃശ്യംപോലുംവിടാതെ മനസ്സിലും വീഡിയോയിലും പകര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. തെരുവോരങ്ങളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ മുതല്‍ അങ്ങിങ്ങായി വിരിഞ്ഞുനില്ക്കുന്ന കുഞ്ഞുപൂക്കള്‍വരെ അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു.[]

മുകളിലേക്കു പോകുന്തോറും പുറംകാഴ്ചകളുടെ വൈവിധ്യവും വൈചിത്ര്യവും കുറഞ്ഞുവന്നു. കെട്ടിടങ്ങളും മനുഷ്യരും ബഹളവുംനിറഞ്ഞ ഗ്രാമങ്ങള്‍ പിന്നിട്ട് വിജനമായ ഇടങ്ങളിലേക്ക് പ്രവേശിച്ചതോടെ പുറംകാഴ്ചകളില്‍നിന്നും അകക്കാഴ്ചകളിലേക്ക് പ്രകൃതിതന്നെ നമ്മെ ഉള്‍വലിക്കുകയായി.

വിശാലതയുടെ മഹാപ്രപഞ്ചത്തിലേക്കു കണ്ണുകള്‍ പറന്നുപോയി സ്വയം ഇല്ലാതാകുമ്പോള്‍ ജീവിതത്തിന്റെ നിസ്സാരതയും മഹത്വവും നമ്മോടു മൗനമായി സംസാരിച്ചു തുടങ്ങും. അതോടെ ഇന്ദ്രീയക്കാഴ്ചകള്‍ അപ്രത്യക്ഷമാവുകയും ചിന്തകളുടെയും വാക്കുകളുടെയും ലോകങ്ങള്‍ ഏതോ മൗനത്തില്‍പോയി അടയുകയും ചെയ്യുന്നു. തിരശ്ശീലയില്‍ വന്നും പോയുമിരിക്കുന്ന ചിത്രങ്ങള്‍പോലെയാണ് പിന്നെ പുറംകാഴ്ചകള്‍.

തന്റെ കുഞ്ഞിന്റെ അകാലമരണം താങ്ങാനാവാതെ ബുദ്ധനരികിലെത്തിയ അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന വിലാപം ഇപ്പോഴും ഹൃദയത്തില്‍ വിങ്ങിനില്‍ക്കുന്നു.

എന്തൊക്കെയോ വിരിഞ്ഞുവരുന്നു. പ്രാണന്‍ അല്‍പമൊന്നിളകാന്‍പോലും തയ്യാറല്ല. നിശ്ചലതയുടെ ആ ശാന്തധാര നമ്മെ മെല്ലെമെല്ലെ സഹജനിലയിലേക്ക് നയിക്കുകയാണ്. ആ യാത്ര ആരംഭിക്കുന്നത് മനസ്സിന്റെ വാതിലുകള്‍ തുറന്നുവരുന്നതോടെയാണ്.

മെല്ലെമെല്ലെ ഹൃദയത്തിലേക്ക് പ്രാണന്‍ പ്രവേശിക്കുന്നു. അരുളും അന്‍പും അനുകമ്പയും കൊണ്ട് ശരീരം മുഴുവന്‍ ആര്‍ദ്രമാകുന്നു. അതു സ്‌നേഹമായി ചുറ്റുപാടിലേക്കും പ്രസരിക്കുന്നു.

തന്റെ അവസാനത്തെ കരുതിവെയ്പും വിശ്വത്തിലേക്കൊഴുക്കിവിടാന്‍ ഹൃദയം വെമ്പുന്നു. ഔദാര്യംകൊണ്ട് ഹൃദയം വിടരുകയാണ് സുഗന്ധവാഹിയായ പൂവിന്റെ വിടരല്‍പോലെ ഹൃദ്യമാണത് കുളിര്‍നിലാവിന്റെ ആത്മസ്പര്‍ശമേറ്റ് ഹൃദയം വീണ്ടും വെളിച്ചത്തിലേക്കു ഒഴുകുകയായി. ഇപ്പോള്‍ ഹൃദയവും അനുഭവിക്കാനാവുന്നില്ല.

ആകപ്പാടെ ഒരു വെളിച്ചം. ബാഹ്യവെളിച്ചമല്ല. ആത്മവെളിച്ചം. പ്രണയമുണര്‍ന്നവന്റെ ആത്മഭാവമാണത്. ദൈവീകത നിറഞ്ഞ കാരുണ്യാനുഭവം. ആ യാത്ര പിന്നെ നമ്മെ കൊണ്ടെത്തിക്കുക എവിടെനിന്നാണോ ഈ ജീവയാത്ര ആരംഭിച്ചത് ആ ഉറവിടത്തിലേക്കാണ്. താവോയിലേക്കാണ്. ഒഴുകിയൊഴുകി സാഗരത്തില്‍ചെന്നു ലയിക്കുകയാണ്. യാത്ര അവസാനിച്ചാല്‍പിന്നെ തോണിയെന്തിന്. എന്നാല്‍ നമ്മുടെ യഥാര്‍ത്ഥസ്വരൂപമായ താവോ ഒരിക്കലും നശിക്കാതെ അനശ്വരമായി തുടരും.

പ്രകൃതിക്ക് ഒരു വഴിയുണ്ട്. ഉണ്ടായി അല്‍പകാലം നിലനിന്ന് വിലയിക്കുകയെന്ന് പ്രകൃതിയുടെ പ്രകൃതമാണ്. അത് എന്നും മാറ്റമില്ലാതെ തുടരുന്ന സത്യമാണ്. എന്നാല്‍ സത്യത്തിന്റെ ആഴത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത നാം എല്ലാം നാം നിനയ്ക്കുന്നപോലെ നിലനില്‍ക്കണമെന്ന് ആശിച്ചു പോവുന്നു.

ആ ആശ നമ്മെ നാശത്തിലേക്കേ നയിക്കുകയുള്ളൂ. തീരാദു:ഖത്തിന്റെ ചുഴിയിലേക്കേ അതു നമ്മെ കൊണ്ടുപോവുകയുള്ളൂ. ഒരിക്കലും മാറാതിരിക്കുന്ന പ്രകൃതിയുടെ ആ സ്വഭാവത്തെ അറിയുകയെന്നതാണ് ഉള്‍ക്കാഴ്ച. അത്തരം ഉള്‍ക്കാഴ്ചയിലേക്ക് നയിക്കുന്ന ജീവിതദര്‍ശനങ്ങളാണ് നാം മഹാത്മാക്കളുടെ ജീവിതത്തില്‍നിന്ന് വായിച്ചെടുക്കുന്നത്. അല്ലെങ്കില്‍ വായിച്ചെടുക്കേണ്ടത്.

തന്റെ കുഞ്ഞിന്റെ അകാലമരണം താങ്ങാനാവാതെ ബുദ്ധനരികിലെത്തിയ അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന വിലാപം ഇപ്പോഴും ഹൃദയത്തില്‍ വിങ്ങിനില്‍ക്കുന്നു. ആ അമ്മയുടെ കണ്‍കളിലേക്ക് കരുണയോടെ നോക്കിനില്‍ക്കുന്ന ബുദ്ധന്റെ മൗനാത്മകമായ മുഖകമലവും ഹൃദയത്തില്‍ നിലാവിന്റെ കുളിരോടെ നിറയുന്നു.

അല്പസമയത്തെ മൗനത്തിനുശേഷം ബുദ്ധന്‍ അവരോടു പറയുന്നു: “ശരി, ഞാന്‍ നിങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ തിരിച്ചുതരാം. എന്നാല്‍ ഒരു കാര്യം. ആരും മരിച്ചിട്ടില്ലാത്ത ഒരു ഭവനത്തില്‍നിന്ന് ഒരുപിടി കടുകുമായി വരിക.”

അവള്‍ ഓടി. ആദ്യംകണ്ട വീടിന്റെ വാതിലില്‍ മുട്ടിവിളിച്ചു. കഥകേട്ട് ഹൃദയമലിഞ്ഞ വീട്ടുകാര്‍ അവരോടു പറഞ്ഞു: “നിന്റെ കുഞ്ഞിന്റെ ജീവന്‍ തിരിച്ചു കിട്ടുമെങ്കില്‍ ഒരു പിടിയല്ല, ഒരു ചാക്ക് കടുക് വേണമെങ്കില്‍ ഞങ്ങള്‍ തരാം. എന്നാല്‍ അതുകൊണ്ട് നിനക്ക് പ്രയോജനമുണ്ടാവുകയില്ല. കാരണം ഇവിടെയും മരണം സംഭവിച്ചിട്ടുണ്ട്.”” അവര്‍ എല്ലാ വീടുകളിലും ചെന്നു. എല്ലാവര്‍ക്കും ഒരേ മറുപടിയേ നല്‍കാനുണ്ടായിരുന്നുള്ളൂ.

ഉള്ളടങ്ങിയാണ് അവള്‍ ബുദ്ധനിലേക്ക് തിരിച്ചു ചെല്ലുന്നത്. എല്ലാ ദുഃഖങ്ങളില്‍നിന്നും അറുതി ലഭിക്കാനുള്ള വഴിയെന്തെന്നാണ് പിന്നീടവള്‍ അന്വേഷിക്കുന്നത്. ആത്യന്തികമായി ഒരു പ്രശ്‌നമേയുള്ളുവെന്നും ആ പ്രശ്‌നത്തിനുള്ള പരിഹാരം മാത്രമെ അന്വേഷിക്കേണ്ടതുള്ളുവെന്നും അവള്‍ തിരിച്ചറിയുന്ന അനുഗൃഹീതനിമിഷമാണത്.

പ്രകൃതിയുടെ സ്വാഭാവികമായ ഒഴുക്കിനെ കണ്ടുകൊണ്ടിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യേണ്ടതായില്ലെന്ന് അറിയുകയാണ് ആ വിട്ടുകൊടുക്കല്‍ ക്രമാനുഗതമായി ബോധപരിണാമത്തിന് സഹായിക്കുമെന്ന് പിന്നീടവള്‍ അനുഭവിച്ചിട്ടുണ്ടാവും. അത്തരം പരിണാമഘട്ടങ്ങളാണ് ഈ മന്ത്രത്തില്‍ നാം വായിച്ചത്.

We use cookies to give you the best possible experience. Learn more