മെസിയും എബൊപെയും നെയ്മറും ഒരുമിച്ച് ടീമിലുണ്ടെങ്കില്‍ പി.എസ്.ജി ഒരിക്കലും ചാമ്പ്യന്‍മാര്‍ ആകില്ല; പി.എസ്.ജിയുടെ ബലഹീനത ചൂണ്ടിക്കാട്ടി നിരീക്ഷകന്‍
Football
മെസിയും എബൊപെയും നെയ്മറും ഒരുമിച്ച് ടീമിലുണ്ടെങ്കില്‍ പി.എസ്.ജി ഒരിക്കലും ചാമ്പ്യന്‍മാര്‍ ആകില്ല; പി.എസ്.ജിയുടെ ബലഹീനത ചൂണ്ടിക്കാട്ടി നിരീക്ഷകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th September 2022, 4:40 pm

 

നിലവില്‍ ഫുട്‌ബോള്‍ മൈതാനങ്ങളില് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകളില്‍ ഒന്നാണ് പി.എസ്.ജി. കിലിയന്‍ എംബാപെ-ലയണല്‍ മെസി-നെയ്മര്‍ എന്നിവരടങ്ങുന്ന മുന്നേറ്റ നിര മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഏത് ടീം എതിരെ വന്നാലും പി.എസ്.ജി അവരുടെ അറ്റാക്കിങ് മനോഭാവം വിടാതെയാണ് കളിക്കുന്നത്. 25 ഗോള്‍ ഇപ്പോള്‍ തന്നെ പി.എസ്.ജി ഈ സീസണില്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ പി.എസ്.ജി ഡിഫന്‍സിന്റെ മോശം പ്രകടനം കഴിഞ്ഞ മത്സരത്തില്‍ കാണാന്‍ സാധിച്ചിരുന്നു.

പി.എസ്.ജിയുടെ മുന്നേറ്റത്തില്‍ ആരാധകരും ഫുട്‌ബോള്‍ ലോകവും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്. ടീമിന്റെ പ്രകടനത്തില്‍ ഏകദേശം എല്ലാവരും തൃപ്തരാണ്.

എന്നാല്‍ പി.എസ്.ജിക്ക് അവരുടെ സ്വപ്‌നമായ യുവേഫ ചാമ്പ്യന്‍സ് ലീഗും മറ്റ് കിരീടങ്ങളും നേടാന്‍ സാധിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് സ്പാനിഷ് ജേണലിസ്റ്റായ ഗില്ലെം ബാലഗു. പി.എസ്.ജി സൂപ്പര്‍ താരങ്ങളായ മെസി-നെയ്മര്‍- എംബാപെ എന്നിവര്‍ ഡിഫന്‍സിനെ സഹായിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് പറയുന്നത്.

പത്ത് മത്സരത്തില്‍ നിന്നും മൂവരും കൂടെ 26 ഗോളാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ യൂറോപ്യന്‍ കോമ്പറ്റീഷന്‍സ് വിജയിക്കാന്‍ അത് പോരെന്നാണ് ബാലഗു വിശ്വസിക്കുന്നത്. ആക്ടീവായി കളിക്കുന്ന എംബാപെയും നെയ്മറുമുള്ളത് ടീമിന്റെ കരുത്ത് മുന്നേറ്റത്തില്‍ മാത്രം ഒതുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

മെസിയും എംബാപെയും നെയ്മറും ഡിഫന്‍ഡ് ചെയ്യില്ലെന്നും അത് തുടര്‍ന്നാല്‍ കളി ജയിക്കാന്‍ സാധിക്കില്ലെന്നും ബാലഗു പറുന്നു.

‘നിങ്ങള്‍ക്ക് വളരെ ആക്ടീവായ നെയ്മറെയും എംബാപെയെയും ലഭിക്കുമ്പോള്‍, എഫേര്‍ട്ടെല്ലാം മുന്നേറ്റനിരയില്‍ മാത്രമേ നടക്കുകയുള്ളൂ. ഈ മൂന്നുപേരും ഇപ്പോഴും പ്രതിരോധിക്കുന്നില്ല. മൂന്ന് കളിക്കാര്‍ പ്രതിരോധിക്കാത്ത ഒരു ടീമിന് വലിയ ട്രോഫികള്‍ ജയിക്കാന്‍ കഴിയിയുമെന്ന് ഞാന്‍ കരുതുന്നില്ല,’ ബാലഗു പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ പി.എസ്.ജിക്കെതിരെ മക്കാബി ഹൈഫ നേടിയ ഗോള്‍ ഇത്തരത്തില്‍ അറ്റാക്ക് ചെയ്യുന്നതില്‍ നിന്നും സംഭവിച്ചതാണെന്ന് പി.എസ്.ജി കോച്ച് പറഞ്ഞിരുന്നു. ഈ പ്രശ്‌നം നിലനില്‍ക്കുന്നത് കാരണം മൂവരില്‍ നിന്നും ഒരാളെ മാറ്റി കളിപ്പിക്കാനും പി.എസ്.ജി പ്ലാന്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: A Journalist Criticized  PSG of their defending