| Monday, 6th November 2017, 8:08 pm

'ധോണി വിരമിക്കാറായോ?'; മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഭുവിയുടെ വായടപ്പിക്കുന്ന മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ വിരമിക്കല്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണടക്കം ധോണി മാറി കൊടുക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കളിയെഴുത്തുക്കാര്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ് ധോണിയുടെ വിരമിക്കല്‍.

എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. മൂന്നാം ട്വന്റി-20യ്ക്ക് മുമ്പായി പത്രസമ്മേളനം നടത്തിയപ്പോഴായിരുന്നു ധോണി വിരമിക്കാറായോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഭുവിയുടെ കിടിലന്‍ മറുപടി വന്നത്.

ധോണി വിരമിക്കണോ എന്നു ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് അദ്ദേഹത്തിന്റെ റെക്കോര്‍ഡുകളും പ്രകടനങ്ങളും നോക്കാനായിരുന്നു ഭുവി പറഞ്ഞത്. കഴിഞ്ഞ മത്സരത്തെ കുറിച്ച് ടീം മാനേജുമെന്റ് ഒട്ടും ചിന്താകുലരല്ലെന്നും ധോണി ഇതിഹാസ താരമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഭുവി പറഞ്ഞു.

” അദ്ദേഹത്തെ റെക്കോര്‍ഡുകളും നമ്പറുകളും നോക്കൂ. ടീം മാനേജുമെന്റ് ഒട്ടും ആശങ്കയിലല്ല. അദ്ദേഹം ചെയ്തതെന്താണെന്നോ ചെയ്യുന്നതെന്താണെന്നോ എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിനും അറിയാം താനൊരു ലെജന്‍ഡാണെന്ന്. അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തിയും ടീമിന് ഉപകരിക്കുന്നേയുള്ളൂ. ആര്‍ക്കും ധോണിയുടെ കാര്യത്തില്‍ യാതൊരു സംശയവുമില്ല.” ഭുവി പറയുന്നു.


Also Read: മറ്റാരും തിരിഞ്ഞു നോക്കാത്ത മലയാളി ആരാധകന്റെ സ്‌നേഹം തിരിച്ചറിഞ്ഞത് രോഹിത് ശര്‍മ്മ മാത്രം; സെഞ്ച്വറി അടിക്കാന്‍ പറഞ്ഞയാള്‍ക്ക് പൂച്ചെണ്ട് നല്‍കി താരം, വീഡിയോ


നേരത്തെ, മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയ്ക്കെതിരെ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍ അടക്കം രംഗത്തെത്തിയിരുന്നു. ധോണിയ്ക്ക് പകരം ട്വന്റി-20യില്‍ ധോണിയ്ക്ക് പകരം വേറൊരാളെ കണ്ടെത്തണമെന്നും യുവതാരങ്ങള്‍ക്ക് ധോണി അവസരം നല്‍കണമെന്നുമാണ് ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണും മുന്‍ താരം അജിത് അഗാര്‍ക്കറും പറയുന്നത്.

“”ട്വന്റി-20യില്‍ ധോണിയുടെ സ്ഥാനം നാലാമതാണ്. മികച്ച ബാറ്റിംഗ് കാഴ്ച വയ്ക്കേണ്ട സ്ഥാനമാണിത്. എന്നാല്‍ വലിയ സ്‌കോര്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച ബാറ്റിംഗ് അത്യാവശ്യമായിരുന്നു. ആ സമയത്ത് ക്രീസില്‍ ഉണ്ടായിരുന്ന കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് 160 ആയിരുന്നപ്പോള്‍ ധോണിയുടേത് വെറും 80 മാത്രമായിരുന്നു. ഇത്രയും വലിയ ഒരു ലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ടീമിനും ഇത് അനുയോജ്യമല്ല. ധോണി യുവനിരയ്ക്കായി മാറി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.” ലക്ഷ്മണ്‍ പറഞ്ഞു.

ലക്ഷ്മണിന് പിന്നാലെ സമാന അഭിപ്രായവുമായി അഗാര്‍ക്കറും രംഗത്തെത്തുകയായിരുന്നു. ഏകദിന മത്സരങ്ങള്‍ ധോണി അനുയോജ്യനായ താരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്റി-20യില്‍ ധോണിക്ക് പകരം മറ്റൊരാളെ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നുവെന്ന് അഗാര്‍ക്കറും അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more