| Wednesday, 15th February 2023, 7:01 pm

'ഇത് ഇനി നടക്കില്ല; മെസിയെയും എംബാപ്പെയെയും നെയ്മറിനെയും ഒരുമിച്ച് കളിപ്പിക്കാനാവില്ല'

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിക്ക് മെസിയെയും എംബാപ്പെയെയും നെയ്മറിനെയും ഒരുമിച്ച് കളിപ്പിക്കാന്‍ സാധിക്കില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജൂലിയന്‍ ലോറന്‍സ്. ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി ബയേണ്‍ മ്യൂണിക്കിനോട് പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു ലോറന്‍സിന്റെ പ്രതികരണം.

മത്സരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് മുന്നേറ്റ താരങ്ങളും പി.എസ്.ജിക്കായി കളത്തിലിറങ്ങിയിരുന്നെങ്കിലും ബുണ്ടസ് ലീഗ വമ്പന്‍മാരോട് എതിരില്ലാത്ത ഒരു ഗോളിന് തോല്‍ക്കുകയായിരുന്നു.

സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വെച്ച് തോല്‍ക്കാനായിരുന്നു പി.എസ്.ജിയുടെ വിധി. രണ്ടാം പാദ മത്സരത്തില്‍ ക്രൗഡ് എതിരായിരിക്കുമ്പോള്‍ ബയേണിനെ തോല്‍പിച്ച് മുന്നേറുന്നത് പി.എസ്.ജിയെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരിക്കും.

എംബാപ്പെക്കും മെസിക്കും നെയ്മറിനും ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പി.എസ്.ജിയുടെ മൂന്ന് മുന്നേറ്റ താരങ്ങളും ഒരുമിച്ച് കളിക്കുമ്പോള്‍ അവരെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നാണ് ലോറന്‍സ് പറയുന്നത്. മൂന്ന് പേരെയും ഒരുമിച്ച് കളിപ്പിക്കുന്നതല്ലാതെ കോച്ച് ക്രിസ്റ്റൊഫെ ഗാള്‍ട്ടിയര്‍ മറ്റേതെങ്കിലും തന്ത്രം മെനയണമെന്നും ലോറന്‍സ് അഭിപ്രായപ്പെട്ടു.

ഫ്രഞ്ച് റേഡിയോ ആര്‍.എം.സിയോടായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മെസി, നെയ്മര്‍, എംബാപ്പെ എന്നിവരെ ഒരുമിച്ച് കളിപ്പിക്കുന്നത് സാധ്യമല്ലാത്ത കാര്യമാണ്. അത് അസാധ്യം തന്നെയാണ്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിങ്ങള്‍ തന്നെ ഇക്കാര്യം തെരഞ്ഞെടുക്കണം.

കിലിയനെ മാത്രമോ, അല്ലെങ്കില്‍, മൂന്നില്‍ രണ്ട് പേരെ മാത്രമോ ഒരുമിച്ച് കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ മൂന്ന് പേരെയും ഒരുമിച്ച് കളിപ്പിക്കുന്നത് അസാധ്യമായ കാര്യമാണ്,’ ലോറന്‍സ് പറഞ്ഞു.

അതേസമയം, ബയേണിനെതിരായ ടീമിന്റെ തോല്‍വി അവരുടെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.

ഹോം ക്രൗഡിന് മുമ്പില്‍ വെച്ചായിരുന്നു പി.എസ്.ജിയുടെ തോല്‍വി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 53 മിനിട്ടില്‍ കിങ്‌സ്‌ലി കോമന്റെ ഗോളിലാണ് ബയേണ്‍ വിജയിച്ചത്.

മാര്‍ച്ച് ഒമ്പതിനാണ് ബയേണ്‍-പി.എസ്.ജി പോരാട്ടത്തിന്റെ രണ്ടാം പാദ മത്സരം. ബയേണിന്റെ ഹോം ഗ്രൗണ്ടായ അല്ലിയന്‍സ് അരീനയില്‍ വെച്ചാണ് മത്സരം.

Content Highlight: A Journalist about Playing Messi, Neymar and Mbappe together

We use cookies to give you the best possible experience. Learn more