അഗളി: അട്ടപ്പാടിയിലെ ആദിവാസി ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുകുമാരന്‍ അട്ടപ്പാടിയെ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന.
ശനിയാഴ്ച വീട്ടില്‍ നിന്ന് പുറത്തുപോയ സുകുമാരനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത വിവരം പുറത്തുവന്നത്. അഗളി പൊലീസിന്റെ സഹായത്താലാണ് തമിഴ്‌നാട് പൊലീസ് സുകുമാരന്‍ അട്ടപ്പാടിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ദേശീയ അവാര്‍ഡ് ജേതാവായ ഗായിക നഞ്ചിയമ്മ, കെ.കെ.രമ എം.എല്‍.എ, പി.ജെ. ജയിംസ്, ടി.ആര്‍. ചന്ദ്രന്‍, ഗീതാനന്ദന്‍ എം, അഡ്വ. സാബി ജോസഫ്, അഡ്വ തുഷാര്‍, കെ.സി. ഉമേഷ് ബാബു, ഗീത ടീച്ചര്‍ പി, കെ. സഹദേവന്‍, എം.പി. കുഞ്ഞിക്കണാരന്‍, അംബിക, എ.എം. സ്മിത, എം.കെ. ദാസന്‍, പി.എന്‍ പ്രൊവിന്റ് തുടങ്ങിയവരാണ് സംയുക്ത പ്രസ്താനയില്‍ ഒപ്പ് വെച്ചിരിക്കുന്നത്.
ടി.എല്‍.എ കേസില്‍ അനുകൂല വിധിയുണ്ടായിട്ടും നഞ്ചിയമ്മയെ സ്വന്തം ഭൂമിയില്‍ കൃഷിയിറക്കാന്‍ അനുവദിക്കാതെ റവന്യു, പൊലീസ് അധികാരികള്‍ തടഞ്ഞ സംഭവവും പ്രസ്താവനയില്‍ പറയുന്നു.
അട്ടപ്പാടിയില്‍ റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാപകമായി വ്യാജരേഖകള്‍ നിര്‍മിച്ച് റവന്യു, പൊലീസ് ഒത്താശയോടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഭൂമാഫിയ സംഘങ്ങള്‍ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ ഭാരത് മഹാസഭ സംസ്ഥാന കണ്‍വീനര്‍ ടി.ആര്‍. ചന്ദ്രന്റെയും എ.ഐ.കെ.കെ.എസ് സംസ്ഥാന പ്രസിഡന്റ് സുകുമാരന്‍ അട്ടപ്പാടിയുടെയും നേതൃത്വത്തില്‍ ആദിവാസികള്‍ ദീര്‍ഘകാലമായി ചെറുത്തുനില്‍പ്പിലാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
മുമ്പ് വ്യാജ രേഖയുമായി ആദിവാസിഭൂമി കയ്യേറാനെത്തിയ കോയമ്പത്തൂര്‍ സംഘത്തെ ആദിവാസികള്‍ തടഞ്ഞത് സുകുമാരന്റെ നേതൃത്വത്തിലായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഇതിന്റെ പ്രതികാര നടപടിയായിട്ടാണ് സുകുമാരന്‍ അട്ടപ്പാടിയെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു.
‘ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹ മരണങ്ങള്‍ അട്ടപ്പാടിയില്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിലും പൊലീസ്-റവന്യു വകുപ്പുകളിലും ഭൂമാഫിയ സംഘങ്ങള്‍ക്ക് ശക്തമായ സ്വാധീനമുണ്ടെന്നിരിക്കെ, നിയമാനുസൃതമായ അറിയിപ്പുകള്‍ നല്‍കാതെ സുകുമാരനെ പൊലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത് സുകുമാരന്റെ ജീവന് തന്നെ ഭീഷണിയാണ്,’ പ്രസ്താവന വ്യക്തമാക്കി.
തമിഴ്‌നാട് പൊലീസിന്റെ നിയമവിരുദ്ധ കസ്റ്റഡിയില്‍ നിന്നും സുകുമാരനെ മോചിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്നും പ്രസ്താവനയിലൂടെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Content Highlight: A joint statement by social activists demands the immediate release of Sukumaran Attapadi from the custody of the Tamil Nadu Police