ഒരു ജൂത പെണ്‍കുട്ടി ലോകത്തോടായി പറയുന്നു, യഹൂദരുടെ മാത്രമല്ല എല്ലാവരുടെയും സുരക്ഷ സ്വതന്ത്രമായ ഫലസ്തീനിലാണ്
DISCOURSE
ഒരു ജൂത പെണ്‍കുട്ടി ലോകത്തോടായി പറയുന്നു, യഹൂദരുടെ മാത്രമല്ല എല്ലാവരുടെയും സുരക്ഷ സ്വതന്ത്രമായ ഫലസ്തീനിലാണ്
അമന്‍ഡ ഗലന്‍ഡര്‍
Thursday, 14th December 2023, 5:11 pm
തീവ്രമായ അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിനാലും യു.എസ് നികുതി ഡോളര്‍ ഉപയോഗിച്ച് വീടുകളിലും സ്‌കൂളുകളിലും ആശുപത്രികളിലും ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കൊല്ലുന്നത് യഹൂദരെ സുരക്ഷയിലേക്ക് നയിക്കില്ല എന്ന് മനസ്സിലാക്കിയതിനാലും ജീവിതകാലം മുഴുവന്‍ സയണിസ്റ്റ് ആയിരുന്നവര്‍ പോലും ഇസ്രഈലി പാര്‍ട്ടി ലൈനിനെ ചോദ്യം ചെയ്ത് തുടങ്ങി.

എന്റെ യഹൂദ സംസ്‌കാരത്തെ അഗാധമായി സ്‌നേഹിച്ചാണ് ഞാന്‍ വളര്‍ന്നത്. വളരെ കുറഞ്ഞ യഹൂദരുള്ള ഒരു കാലിഫോര്‍ണിയന്‍ നഗരത്തിലെ വെളുത്ത അഷ്‌കെനാസി യഹൂദ വംശജ എന്ന നിലയില്‍ എന്റെ ആളുകളുടെ പുരാതന പൈതൃകത്തില്‍ അഭിമാനിക്കുവാനാണ് ഞാന്‍ പഠിച്ചത്.

സിനഗോഗിലെ സംഗീതത്തിലും, തോറ പഠനത്തിലും, കമ്മ്യൂണിറ്റി സേവനത്തിലും പ്രാര്‍ത്ഥനയിലും, ഭക്ഷണത്തിലുമെല്ലാം ഞാന്‍ അത്യധികം ആഹ്ലാദം കണ്ടെത്തി. എനിക്ക് അവയെല്ലാം എന്റെ സൗഭാഗ്യമായി അനുഭവപ്പെട്ടു.

എന്റെ കാഴ്ചപ്പാടില്‍ ഇസ്രഈലിനെ കുറിച്ച് പഠിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് ഒരു യഹൂദ വംശജയാകുന്നതിന് ഭാഗം മാത്രമായിരുന്നു. ഹോളോകോസ്റ്റിന് ശേഷം, യഹൂദര്‍ സുരക്ഷിതരായിരിക്കാന്‍ ഒരു സ്ഥലം ആവശ്യമാണെന്നായിരുന്നു എന്നെ പഠിപ്പിച്ചത്. അതിനാല്‍ യഹൂദന്മാര്‍ക്ക് നമ്മുടെ ശരിയായ മാതൃഭൂമി ദയാപൂര്‍വം സമ്മാനിക്കപ്പെട്ടു, ഇസ്രഈലെന്ന ശൂന്യവും തരിശുമായ മരുഭൂമി.

”നാടില്ലാത്ത ഒരു ജനതക്ക് വേണ്ടി ജനങ്ങളില്ലാത്ത നാട്” എന്നതായിരുന്നു ഞങ്ങള്‍ പഠിച്ച മുദ്രാവാക്യം.

അവിടെ ഫലസ്ഥീന്‍ എന്നൊരു രാജ്യം ഉണ്ടായിരുന്നുവെന്നത് കൊളോണിയല്‍ ശക്തികളാല്‍ മായ്ക്കപ്പെട്ടു. ഇന്ന് ആ അറിവ് എന്റെ നട്ടെല്ലില്‍ തണുപ്പ് പടര്‍ത്തുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യുവ അമേരിക്കന്‍ യഹൂദ ഭാവനയില്‍ നട്ടുപിടിപ്പിച്ച സയണിസം ഇപ്രകാരമാണ്: നമ്മുടെ ജനങ്ങളുടെ സംരക്ഷണത്തിന് നിര്‍ണായകമായ നിഷ്‌കളങ്കവും മൂല്യവത്തായതുമായ ഇസ്രഈല്‍ എന്ന രാജ്യം.

സയണിസ്റ്റ് പ്രോജക്റ്റ് യുവ ജൂതന്മാര്‍ക്ക് ഇസ്രാഈല്‍ കുടിയേറ്റ-കൊളോണിയല്‍ ഫാന്റസിക്കായി പ്രവര്‍ത്തിക്കുവാനുള്ള ആചാരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിലൂടെ വളര്‍ന്നുവരുന്ന ഒരു യഹൂദരാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്കായി തങ്ങളൊരോരുത്തരും സംഭാവന ചെയ്യുന്നതായി ഞങ്ങളെ തോന്നിപ്പിച്ചു.

ഉദാഹരണത്തിന്, ഇസ്രഈല്‍ വളരെ ശൂന്യവും വിഭവങ്ങളുടെ ആവശ്യത്തിലുമാണെന്ന് എന്റെ മുതിര്‍ന്നവര്‍ എന്നെ പഠിപ്പിച്ചു. ഇതിനാല്‍ ഇസ്രഈലില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുവാനായി ഞങ്ങള്‍ നാണയങ്ങള്‍ ടിസെഡക്കയുടെ രൂപത്തില്‍ സംഭാവന ചെയ്യുമായിരുന്നു. എന്നാല്‍ ഫലസ്ഥീനിലെ നശിപ്പിക്കപ്പെട്ട ഒലിവ് മരത്തോട്ടങ്ങളെക്കുറിച്ച് ഒരു ചര്‍ച്ചയും ഉണ്ടാകില്ലല്ലോ.

ഞങ്ങളുടെ കുട്ടിക്കാലത്താകെ ഇസ്രഈലിനോട് വിധേയത്വമുണ്ടാക്കാനുള്ള ‘നിക്ഷേപങ്ങള്‍’ പ്രകടമായിരുന്നു. ഉദാഹരണത്തിന്, ലോകത്തിലെ ഏതൊരു യഹൂദനും ഇസ്രാഈലെന്ന ‘മാതൃഭൂമി’ സന്ദര്‍ശിക്കാനായി സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും സ്പോണ്‍സര്‍ ചെയ്യുന്ന പ്രചാരണ യാത്രകളായ ‘ജന്മാവകാശ യാത്രകള്‍’ പോലെ.

വ്യക്ത്യപരമായി യഹൂദര്‍ക്ക് ഒരു ചെലവും വരാതെ ഇസ്രാഈലിലേക്കുള്ള 10 ദിവസത്തെ യാത്ര സജ്ജമാക്കുന്നു. ഈ യാത്രകളില്‍ ‘വര്‍ണ്ണവിവേചന രാഷ്ട്രത്തിന്റെ’ പ്രത്യേകാവകാശങ്ങള്‍ ആസ്വദിച്ച് സുഹൃത്തുക്കളെയും ഭാവി ജീവിതപങ്കാളിയെയും പരിചയപ്പെടുവാന്‍ യഹൂദരെ പ്രോത്സാഹിപ്പിക്കുന്നു.

യഹൂദ ദമ്പതികള്‍ ഇസ്രായേലിലേക്ക് കൂടിയേറുകയും അവിടെ കുടുംബം നയിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയില്‍ സംഘടനകള്‍ സൗജന്യ ഹണിമൂണ്‍ പോലും വാഗ്ദാനം ചെയ്യുന്നു.

യഹൂദരെന്ന നിലയില്‍, ഫലസ്ഥീനിലേക്ക് മാറുന്നത് നമ്മുടെ യഹൂദ പൈതൃകവുമായി വീണ്ടും ബന്ധപ്പെടുന്നതിനായുള്ള മനോഹരമായ ഒരു പ്രവൃത്തിയാണെന്നും ഞങ്ങള്‍ക്ക് അതിന് അര്‍ഹതയുണ്ടെന്നും ഞങ്ങള്‍ പഠിച്ചിരുന്നു.

ഈ പ്രബോധനവും ഇസ്രഈല്‍ യഹൂദ കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന അനുകൂല്യങ്ങളും വെസ്റ്റ് ബാങ്കിലെ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ സെറ്റില്‍മെന്റുകളിലേക്ക് ദശലക്ഷക്കണക്കിനു ആളുകള്‍ കൂടിയേറുന്നതിന് കാരണമായി.

സയണിസ്റ്റ് പ്രബോധനം യഹൂദ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ലോകത്തിലെ എല്ലാ സിനഗോഗുകളിലും ജൂത സാംസ്‌കാരിക സ്ഥാപനങ്ങളിലും സയണിസം ഫലത്തില്‍ സാര്‍വത്രികമാണ്. വ്യക്തമായ സയണിസ്റ്റ് വിരുദ്ധ മൂല്യമുള്ളതായി എനിക്ക് അറിയാവുന്ന ഒരേയൊരു സിനഗോഗ് ചിക്കാഗോയിലെതാണ്.

വളര്‍ന്നു വരുമ്പോള്‍ എന്റെ സിനഗോഗില്‍, പെസഹാ പോലുള്ള പുരാതന യഹൂദ ആഘോഷങ്ങളും ‘ഇസ്രഈല്‍ സ്വാതന്ത്ര്യ ദിനം’ പോലെയുള്ള പുതിയ ആഘോഷങ്ങളും ഇടകലര്‍ന്നിരുന്നു. ഇസ്രഈല്‍ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത് നക്ബ നടന്ന ദിനമാണെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്.

യഹൂദമതം ഒരു വിശ്വാസവും സംസ്‌കാരവും എന്ന നിലയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ വെറും 75 വര്‍ഷത്തിനുള്ളിലാണ് സയണിസ്റ്റ് പദ്ധതി പ്രകാരം ‘ഇസ്രാഈല്‍ സ്വത്വം’ യഹൂദ അമേരിക്കന്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വിജയകരമായി നിറച്ചത്.

ഈ സയണിസ്റ്റ് പ്രത്യയശാസ്ത്രം ഭൂരിഭാഗം യഹൂദ സമൂഹത്തിലും വലിയ വെല്ലുവിളികള്‍ നേരിടുന്നില്ല. ഇതിനാല്‍ ഈ സമൂഹങ്ങളിലൊന്നും സയണിസ്റ്റ് വിരുദ്ധ വിയോജിപ്പിന് ഇടമില്ല. കോളേജില്‍ വച്ച് മറ്റൊരു യഹൂദന്‍ ഫലസ്ഥീനിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അറിയിച്ചപ്പോഴാണ് എനിക്ക് സത്യാവസ്ഥ മനസ്സിലായത്.

അതുവരെ എന്റെ സമൂഹമെന്നെ പഠിപ്പിച്ചത് മാത്രമായിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത്. ഏത് രൂപത്തിലായും ഫലസ്തീന്‍ യഹൂദ വിരുദ്ധവും ഒരു ഭീഷണിയുമായിരുന്നു എന്നാണ് അത്. കൂടാതെ, ഇസ്രഈലിനെ വിമര്‍ശിക്കുന്ന ആര്‍ക്കും ഒരു യഹൂദന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് അറിയില്ല എന്നും.

യഹൂദര്‍ ഇസ്രഈലിനെ കുറിച്ച് മുന്നോട്ടുവയ്ക്കുന്ന മറ്റൊരു വിവരണം കേട്ടത് ഞാന്‍ ആദ്യമായിട്ടായിരുന്നു. അന്ന് ഞാന്‍ ഞെട്ടുകയും യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ ഇത്രയും സമയമെടുത്തതില്‍ ലജ്ജിക്കുകയും ചെയ്തു.

മറ്റു പലരും അത് മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗസയിലെ ഏറ്റവും പുതിയ ഈ വംശഹത്യയുടെ പശ്ചാത്തലത്തില്‍, ഇസ്രഈലിന്റെ സ്വേച്ഛാധിപത്യം പാശ്ചാത്യര്‍ക്ക് അവഗണിക്കാനാവില്ല. അത് അത്രയും പ്രാധാന്യമുള്ളതും വ്യക്തവുമാണെന്ന് തോന്നുന്നു.

അടിച്ചമര്‍ത്തലിനും സെന്‍സര്‍ഷിപ്പിനുമുള്ള നിരന്തരമായ ശ്രമങ്ങള്‍ക്കിടയിലും ഫലസ്തീനി ശബ്ദങ്ങള്‍ മുഖ്യധാരയിലേക്ക് തുളച്ചുകയറുന്നുണ്ട്.

ഇസ്രഈലിന്റെ ക്രൂരമായ ഭരണം ലോകം തത്സമയം കണ്ടുകൊണ്ടിരിക്കുന്നു.

ഇതുവരെ ഇല്ലാത്ത വിധത്തില്‍ യഹൂദര്‍ ഫലസ്ഥീനി ശബ്ദങ്ങള്‍ക്ക് കാത് കൊടുക്കുവാന്‍ തുടങ്ങിയിരിക്കുന്നു. യഹൂദര്‍ക്ക് ബിസാന്‍ ഔദയെപ്പോലെയുള്ള ധീരരായ പത്രപ്രവര്‍ത്തകരുമായി ആഴത്തിലുള്ള സൗഹൃദം തോന്നുകയും അവരുടെ സുരക്ഷയെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ക്കായി സോഷ്യല്‍ മീഡിയ പരിശോധിക്കുകയുമെല്ലാം ചെയ്യുന്നു.

തീവ്രമായ അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിനാലും യു.എസ് നികുതി ഡോളര്‍ ഉപയോഗിച്ച് വീടുകളിലും സ്‌കൂളുകളിലും ആശുപത്രികളിലും ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കൊല്ലുന്നത് യഹൂദരെ സുരക്ഷയിലേക്ക് നയിക്കില്ല എന്ന് മനസ്സിലാക്കിയതിനാലും ജീവിതകാലം മുഴുവന്‍ സയണിസ്റ്റ് ആയിരുന്നവര്‍ പോലും ഇസ്രഈലി പാര്‍ട്ടി ലൈനിനെ ചോദ്യം ചെയ്ത് തുടങ്ങി.

ഈ ചരിത്ര സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഒരു പാട് യഹൂദര്‍ അവരുടെ സയണിസ്റ്റ് പ്രബോധനത്തിന്റെ തീവ്രതയിലേക്ക് ഞെട്ടിയുണരുകയാണ്. അധിനിവേശ ഫലസ്തീനില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അംഗീകരിക്കുന്നത് അവരുടെ യഹൂദ കുട്ടിക്കാലത്തെക്കുറിച്ച് ആഴമേറിയതും വേദനാജനകവുമായ ഒരു തിരിച്ചറിവിനു കാരണമായേക്കാം.

അക്രമാസക്തമായ ഒരു യഹൂദ രാഷ്ട്രത്തെയും വംശീയ ഉന്മൂലനത്തേയും ന്യായീകരിക്കാന്‍ ഞങ്ങളുടെ മതനേതാക്കന്മാരും കുടുംബങ്ങളും കമ്മ്യൂണിറ്റി അംഗങ്ങളും മുതിര്‍ന്നവരും കുട്ടികളായിരിക്കെ ഞങ്ങളോട് നുണ പറഞ്ഞു.

ഇസ്രഈല്‍ എന്ന നുണ തുടരേണ്ടവര്‍ എന്നെപ്പോലെയുളള ആന്റി-സയണിസ്റ്റ് യഹൂദരെക്കുറിച്ച് അപവാദം പരത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഞങ്ങള്‍ യഹൂദരെ വെറുക്കുന്നുവെന്ന് ആരോപിക്കുന്നു. സത്യാവസ്ഥയില്‍ ഞങ്ങളുടെ നിലപാട് അതിന്റെ നേര്‍ വിപരീതമാണ്.

ഫലസ്തീനുമായുള്ള സയണിസ്റ്റ് വിരുദ്ധ യഹൂദ ഐക്യദാര്‍ഢ്യം എല്ലാ ജനങ്ങളോടുമുള്ള ആഴമായ സ്നേഹത്തില്‍ വേരൂന്നിയതാണ്.

ടിക്കുന്‍ ഓലം (‘ലോകത്തെ നന്നാക്കാന്‍’) പോലെയുള്ള യഹൂദര്‍ പ്രധാന മൂല്യങ്ങളില്‍ വേരുന്നിയതാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ നിലപാട് ഞാന്‍ കേട്ടു വളര്‍ന്ന മറ്റൊരു യഹൂദ മൂല്യത്തിലും വേരൂന്നിയതാണ്: ജനപ്രിയമല്ലെങ്കിലും അനീതിക്കെതിരെ സംസാരിക്കുക.

സയണിസത്തിന്റെ അക്രമാസക്തമായ, ദേശീയതയിലേക്ക് കീഴടങ്ങിപ്പോയ യഹൂദമതത്തിന്റെ ധാര്‍മ്മികതയുട മരണത്തില്‍ ഞാന്‍ ദുഃഖിക്കുന്നു. എന്നാല്‍ അതിലുപരിയായി, യഹൂദ സംരക്ഷണത്തിന്റെ മറവില്‍ മരിച്ച ഓരോ ഫലസ്തീനിയേയുമോര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നു.

സയണിസ്റ്റ് വിരുദ്ധ യഹൂദര്‍ എന്ന നിലയില്‍, വംശഹത്യയുടെയും സൈനിക യന്ത്രങ്ങളുടെയും മനുഷ്യത്വ വിരുദ്ധതയുടെയും അക്രമം അനുഭവിച്ച ഞങ്ങളുടെ പൂര്‍വികരോട് ഈ വംശഹത്യയെ ചെറുക്കാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. യഹൂദരുടെ മാത്രമല്ല എല്ലാവരുടെയും സുരക്ഷയും വിമോചനവും സ്വതന്ത്രമായ ഫലസ്തീനില്‍ വേരൂന്നിയതാണ്.

മൊഴിമാറ്റം: മിധാ തഹാനി

content highlights; A Jewish girl tells the world that the safety of not only Jews but everyone lies in a free Palestine

അമന്‍ഡ ഗലന്‍ഡര്‍
നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ജൂത അമേരിക്കൻ സയണിസ്റ്റ് വിരുദ്ധ എഴുത്തുകാരി