| Wednesday, 1st February 2023, 11:53 am

മോദിക്ക് ഗ്ലോബല്‍ അണ്‍ലിമിറ്റഡ് പവര്‍, വികസന നായകന്‍; നെഹ്‌റുവിനോ ഇന്ദിരക്കോ ഇല്ലാത്ത സ്വീകാര്യത അദ്ദേഹത്തിനുണ്ട്: എ. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലോബല്‍ പവറുള്ള നേതാവാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ എ. ജയശങ്കര്‍. ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ പറയുന്ന കാലത്തെ മോദിയല്ല ഇന്നത്തെ മോദിയെന്നും അദ്ദേഹത്തിന് അണ്‍ലിമിറ്റഡ് പവറാണുള്ളതെന്നും ജയശങ്കര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി മോദിയെ എങ്ങനെ താരതമ്യം ചെയ്യാം എന്നുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മോദിയെയും പിണറായിയേയും ഒരിക്കലും താരതമ്യം ചെയ്യുക സാധ്യമല്ല. കാരണം മോദി വഹിക്കുന്ന അധികാരം വളരെ കൂടുതലാണ്. പിണറായി വിജയന്‍ ഒരു ചെറിയ സംസ്ഥാനത്തെ ഒരു കൊച്ചു മുഖ്യമന്ത്രിയാണ്. മറ്റേത് അങ്ങനെയല്ലല്ലോ. അണ്‍ലിമിറ്റഡ് പവറാണ്.

ഇന്ത്യയെന്ന് പറഞ്ഞാല്‍ പണ്ടത്തെ ഇന്ത്യയല്ല. ഗ്ലോബല്‍ പവറാണ്. അത് മുഴുവന്‍ ഒരാളുടെ കയ്യിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. അത് വലിയൊരു സംഭവമാണ്. നമ്മള്‍ വിചാരിക്കുന്നത് പോലുള്ള അധികാരമല്ല നരേന്ദ്ര മോദിയുടെ കയ്യിലുള്ളത്. ഛേ.. മോദിയുടെ മുന്നില്‍ പിണറായി ഒന്നുമല്ല, (ചിരിക്കുന്നു),’ ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയിലെ മറ്റ് പ്രധാനമന്ത്രിക്കില്ലാത്ത ലോകസ്വീകാര്യത മോദിക്കുണ്ടെന്നും മഹാത്മ ഗാന്ധിയെ പോലെ ഒരുവിഭാഗം മോദിയെ കാണുന്നുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു

‘ഇതിന് മുമ്പ് നഹ്‌റുവിനോ ലാല്‍ ബഹ്ദൂര്‍ ശാസ്ത്രിക്കോ ഇല്ലാത്ത പവറാണ് മോദിക്കുള്ളത്. ഇന്ദിരാഗാന്ധിക്ക് പോലും ഇത്ര പവറില്ല. ഇന്ദിര ഗാന്ധിയും മോദിയും തമ്മിലാണ് ശരിക്ക് താരതമ്യം ചെയ്യേണ്ടത്. ഇന്ദിര ഗാന്ധി അവരുടെ പേഴ്‌സണല്‍ അജണ്ടവെച്ചാണ് ഭരിച്ചിരുന്നത്. അവരുടെ മകന്‍, അവരുടെ കുടുംബം, പിന്നെ കുറേ തല്ലിപ്പൊളികള്‍ എന്നിവയില്‍ ഇന്ദിര കേന്ദ്രീകരിച്ചു. മോദിയങ്ങനെയല്ല. പ്രത്യേയശാസ്ത്രപരമായിട്ടാണ് വളര്‍ന്നുവന്നത്. പെഴ്‌സണലി മോദി ഒരു അഴിമതിക്കാരനല്ല. അത് ചിലപ്പോള്‍ അപകടകരമാണ്.

മോദിയെ മഹാത്മ ഗാന്ധിയെ പോലെ ഒരു ഭാഗത്ത് കണ്ടപ്പോള്‍ മറഭാഗത്ത് വികസന നായകനായി നെഹ്‌റുവിനെക്കാള്‍ വലിയവനായി കണ്ടു. മോദി ഒരു ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടയാളാണ്. എല്ലാകാര്യത്തിലും അദ്ദേഹത്തിനെ എതിര്‍ക്കാനൊരു ചാന്‍സില്ല.
ബി.ബി.സി ഡോക്യുമെന്ററിയില്‍ പറയുന്ന കാലത്തെ മോദിയല്ല ഇന്നത്തെ മോദി,’ ജയശങ്കര്‍ പറഞ്ഞു.

Content Highlight: A Jayashankar says that Prime Minister Narendra Modi is a leader with global power

We use cookies to give you the best possible experience. Learn more