ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടുള്ള കലാസൃഷ്ടികൾ. മലയാളികളുടെ സ്വന്തം ദാസനും വിജയനുമാണ് ഇത്തവണ ട്രെൻഡായിരിക്കുന്നത്.
മോഹൻലാലും ശ്രീനിവാസനും അവിസ്മരണീയമാക്കി തീർത്ത എക്കാലത്തെയും ഹിറ്റ് കോംബോ ദാസന്റെയും വിജയന്റെയും ചിത്രങ്ങൾ പങ്കുവെച്ചത് നടൻ അജു വർഗീസാണ്.
‘ചിരട്ട’ എന്ന ഇൻസ്റ്റാഗ്രാം പേജാണ് എ.ഐ ടെക്‌നോളജിയുടെ സഹായത്തോടെ ദാസനെയും വിജയനെയും തിരികെയെത്തിച്ചത്. ഷെർലക് ഹോംസിന്റെയും ജോൺ വാട്സന്റെയും ചിത്രങ്ങളിൽ പേസ്റ്റ് ചെയ്ത ദാസന്റെയും വിജയന്റെയും മുഖങ്ങളാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.
‘മിസ്റ്റർ വിജയും മിസ്റ്റർ ദാസും പുതിയ മിഷനിലാണ്. ഷെർലക് ഹോംസ് പണ്ട് അന്വേഷിച്ച ഒരു കേസുമായി ബന്ധപ്പെട്ട് ചില ഫയലുകൾ മിസ് ആയ കാര്യം യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടനിലെ ക്രിമിനോളജി അധ്യാപകനായ വിൻസൻ്റ് ഡാർവിൻ കണ്ടെത്തി. ഹോംസിൻ്റെ കുറ്റാന്വേഷണ രീതി സംബന്ധിച്ച് വ്യക്തമായ അവബോധം വിദ്യാർഥികൾക്ക് കൊടുക്കുന്നത് ഉത്തമം ആണെന്ന് മനസിലാക്കിയ വിൻസൻ്റ് മിസ് ആയ ഫയലുകളിലെ വിവരങ്ങൾ കണ്ടെത്തണം എന്ന് തീരുമാനിച്ചു. അതിന് അദ്ദേഹം മിസ്റ്റർ വിജയിൻ്റെയും ദാസനെയും സഹായം തേടുന്നു,’ എന്ന് ഒരു ആരാധകൻ കുറിച്ചു. ദാസന്റെയും വിജയന്റെയും ഒരു സീക്വൽ വന്നാൽ നന്നായിരിക്കും എന്ന് മറ്റൊരു ആരാധകനും കുറിച്ചിട്ടുണ്ട്.
നിമിഷ നേരങ്ങൾക്കകം ധാരാളം ആരാധകരാണ് പ്രിയപ്പെട്ട കഥാപാത്രങ്ങളായ ദാസനെയും വിജയനെയും പുതിയ വേഷത്തിൽ കാണാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവരുടെ മുഖം ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ ഗോഡ് ഫാദർ എന്ന ചിത്രത്തിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത വീഡിയോ ഈയിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വിനയ് ഫോർട്ട്, സിദ്ദാർഥ് ഭരതൻ എന്നിവർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇനി ഇത്തരം വീഡിയോ താന്‍ ഉണ്ടാക്കില്ലെന്ന് വീഡിയോയുടെ സൃഷ്ടാവായ ടോം ആന്റണി പറഞ്ഞു.
ഒരു ഫോട്ടോ കിട്ടിയാല്‍ ആര്‍ക്ക് വേണമെങ്കിലും ഇത്തരം വീഡിയോ ഉണ്ടാക്കാമെന്നും വേണമെങ്കില്‍ പോണ്‍ വീഡിയോ ഉണ്ടാക്കാമെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ടോം പറഞ്ഞു. വേറെ ഒരാളുടെ മുഖം വെച്ച്, പെര്‍മിഷനില്ലാതെ ഇനി വീഡിയോസ് ഉണ്ടാക്കില്ലെന്നും ടോം പറഞ്ഞിരുന്നു.
Content Highlights: A.I technology photo of Dasan and Vijayan