തമോഗര്‍ത്തം ഭീമന്‍ നക്ഷത്രത്തെ വിഴുങ്ങിയതായി കണ്ടെത്തി ശാസ്ത്രജ്ഞര്‍. പുതിയകണ്ടെത്തലോടെ എങ്ങനെയാണ് തോമഗര്‍ത്തങ്ങള്‍ ദ്രവ്യങ്ങളെ അകത്താക്കുന്നതെന്നും ഇത് എത്തരത്തിലാണ് നക്ഷത്ര സമൂഹങ്ങളുടെ പരിണാമത്തെ ബാധിക്കുക എന്നുമുള്ള കാര്യങ്ങളിലേക്ക് വെളിച്ചം വീശും. ഇന്ത്യന്‍ വംശജനായ ഗവേഷകനുള്‍പ്പെട്ട ഗവേഷകസംഘമാണ് ഇക്കാര്യം കണ്ടെത്തിയത്.
തമോഗര്‍ത്തത്തില്‍ നിന്നും ബഹിര്‍ഗമിക്കുന്ന എക്‌സ് റേ കിരണങ്ങള്‍ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം കണ്ടെത്തിയത്. തോമഗര്‍ത്തത്തിനു സമീപത്തു കൂടെ കടന്നു പോകുകയായിരുന്ന നക്ഷത്രത്തെ തമോഗര്‍ത്തം “വിഴുങ്ങു”ന്നതിനു മുന്നോടിയായി പിച്ചിച്ചീന്തിയപ്പോള്‍ ഉണ്ടായ ഈ തരംഗങ്ങള്‍ രണ്ടാഴ്ചയ്ക്കു ശേഷം ആവര്‍ത്തിക്കപ്പെടുന്നതായി ഗവേഷകര്‍ ശ്രദ്ധിച്ചു.
ഈ റേഡിയോ പ്രതിഫലനം വളരെ ഉയര്‍ന്ന ഊര്‍ജ്ജമുള്ള കണികകള്‍ തമോഗര്‍ത്തത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നതാണെന്ന് പിന്നീട് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. കാലിഫോര്‍ണിയയിലെ ലാസ് കംബ്രെസ് ഒബ്‌സര്‍വേറ്ററിയുടെ ഓള്‍-സ്‌കൈ ഓട്ടോമേറ്റഡ് സര്‍വ്വേ ഫോര്‍ സൂപ്പര്‍ നോവ എന്ന ഭൂമിയില്‍ പലയിടങ്ങളിലായി സ്ഥാപിച്ച റോബോട്ടിക്ക് ടെലിസ്‌കോപ്പുകളാണ് 300 ദശലക്ഷം പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഈ “വിഴുങ്ങലി”ന്റെ സിഗ്നലുകള്‍ തിരിച്ചറിഞ്ഞത്.
തമോഗര്‍ത്തത്തിനു വളരെയധികം അടുത്തു കൂടെകടന്നു പോകുകയായിരുന്ന നക്ഷത്രം കഷ്ണങ്ങളായി പിച്ചിച്ചീന്തപ്പെടുകയായിരുന്നു. “ടൈഡല്‍ ഡിസ്‌റപ്ഷന്‍ ഫ്‌ളെയര്‍” എന്ന ഈ പ്രതിഭാസത്തെ നിരവധി ടെലിസ്‌കോപ്പുകള്‍ ഒരേസമയം നിരീക്ഷിച്ചു. അസാസ്സ്ന്‍-14എല്‍.ഐ (ASASSN-14li) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. 2014-ലാണ് ഇത് ഉണ്ടാകുന്നത്.
ഈ വിവരങ്ങള്‍ ആറുമാസത്തോളം അതിസൂക്ഷമമായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്താണ് നക്ഷത്രത്തെ തമോഗര്‍ത്തം ആഗിരണം ചെയ്തതായുള്ള നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഇന്ത്യന്‍ വംശജനായ ഗവേഷകന്‍ ധീരജ് പസം ഉള്‍പ്പെടെയുള്ള ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്.