ഐ.പി.എല്ലില്‍ ഏവരുടേയും ഫേവറേറ്റ് ടീമുകളില്‍ ഒന്നാണ് രാജസ്ഥാന്‍ റോയല്‍സ്. 2008 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കൂടെ നിന്ന സഞ്ജു സാംസണ്‍ ആണ് ടീമിനെ നയിക്കുന്നത്. 2022ലെ ഫൈനലില്‍ ഗുജറാത്തിനോട് പരാജയപ്പെട്ട രാജസ്ഥാന്‍ പുതിയ സീസണില്‍ ശക്തമായി തിരിച്ച് വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാജസ്ഥാന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. രാജസ്ഥാന്റെ പേസ് ബൗളിങ് നിരയിലെ പ്രധാനിയായ പ്രസീദ് കൃഷ്ണ 2024 സീസണില്‍ നിന്ന് പുറത്തായിരിക്കുകയാണ്. പരിക്ക് കാരണം അടുത്തിടെ താരത്തിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി ബി.സി.സി.ഐ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ ടീമിനൊപ്പമാണ് താരം.
ഇതോടെ താരത്തിന് വരാനിരിക്കുന്ന സീസണ്‍ നഷ്ടമാകുകയാണ്. താരത്തിന്റെ പുനരധിവാസം ഇതുവരെ ആരംഭിച്ചിട്ടില്ല. 2022ലെ ഐ.പി.എല്ലില്‍ 10 കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് പ്രസീദ് കൃഷ്ണയെ വാങ്ങിയത്. 2023ല്‍ പരിക്കു പറ്റിയതിനെ തുടര്‍ന്നു അദ്ദേഹത്തിന് സീസണ്‍ നഷ്ടമായിരുന്നു. ഇപ്പോള്‍ പുതിയ സീസണിലും അദ്ദേഹം പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ സന്ദീപ് ശര്‍മയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പുതിയ സീസണില്‍ താരത്തിന്റെ പകരക്കാരനെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല.
അതേസമയം ദല്‍ഹി കാപ്പിറ്റല്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ റിഷബ് പന്ത് പരിക്കിന്റെ പിടിയില്‍ നിന്നും തിരിച്ചെത്തിയിരിക്കുകയാണ്. 2022 സീസണില്‍ ഒരു വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ താരം ഏറെക്കാലം ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ്സില്‍ സംശയം ഉണ്ടായിരുന്നതിനാല്‍ ഐ.പി.എല്‍ കളിക്കുന്നതിനെ സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ താരം ഐ.പി.എല്‍ കളിക്കാന്‍ ഫിറ്റാണെന്ന് ഔദ്യോഗികമായി ബി.സി.സി.ഐ പ്രസിഡന്റ് ജയ് ഷാ പറഞ്ഞു.
മറ്റൊരു തിരിച്ചടി സംഭവിച്ചത് ഗുജറാത്ത് ടൈറ്റന്‍സിനാണ്. സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമി കണങ്കാലിന് പറ്റിയ പരിക്കു മൂലം ശാസ്ത്രക്രിയക്ക് വിധേയനായിരിക്കുകയാണ്. ഇതോടെ താരത്തിന് ഐ.പി.എല്‍ സീസണ്‍ മുഴുവനും നഷ്ടപ്പെടും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഗുജറാത്തിന്റെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയതും ഏറെ വാര്‍ത്തയായിരുന്നു.
Content Highlight: A Huge Setback For Rajasthan Royals