| Wednesday, 3rd April 2024, 1:29 pm

ചെന്നൈക്ക് വമ്പന്‍ തിരിച്ചടി; പര്‍പ്പിള്‍ ക്യാപ്പുകാരന്‍ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍പേസ് ബൗളര്‍ വരാനിരിക്കുന്ന മത്സരത്തില്‍ നിന്നും പുറത്താകും എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ മുസ്തഫിസൂര്‍ റഹ്‌മാന് ഏപ്രില്‍ അഞ്ചിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി നടക്കാനിരിക്കുന്ന മത്സരമാണ് നഷ്ടപ്പെടുക.

2024 ടി-20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന്റെ വിസ കാര്യങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പറഞ്ഞിരുന്നു. ഇതോടെ ഏപ്രില്‍ അഞ്ചിന് താരം ബംഗ്ലാദേശിലേക്ക് തിരിച്ചുപോകും. ജൂണ്‍ മാസം അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

ഐ.പി.എല്ലില്‍ ഇതുവരെ ചെന്നൈക്ക് വേണ്ടി മൂന്ന് മത്സരങ്ങളില്‍ നിന്ന് 8.83 എന്ന എക്കണോമിയില്‍ ഏഴ് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. ഇതോടെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനാണ് മുസ്തഫീസൂര്‍.

മാത്രമല്ല ചെന്നൈക്ക് വേണ്ടി ഒരു മത്സരത്തില്‍ നിന്ന് 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ റഹ്‌മാന്‍ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് മത്സരങ്ങളില്‍ നിന്ന് 5.12 എക്കണോമിയില്‍ പന്തെറിഞ്ഞ് ആറ് വിക്കറ്റ് സ്വന്തമാക്കിയ എല്‍.എസ്.ജിയുടെ മയങ്ക് യാദവ് വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ട്.

ചെന്നൈയുടെ പേസ് അറ്റാക്കില്‍ പ്രധാനിയായ മുസ്തഫിസൂറിന്റെ വിടവ് ചെന്നൈക്ക് വലിയ നഷ്ടം തന്നെയാണ്. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് സണ്‍റൈസേഴ്‌സ് നെതിരെയുള്ള മത്സരം.

നിലവില്‍ പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് കളിയും വിജയിച്ച് ആറ് പോയിന്റ് സ്വന്തമാക്കി ഒന്നാം സ്ഥാനത്താണ്. കൊല്‍ക്കത്ത നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തും ചെന്നൈ മൂന്ന് കളിയില്‍ ഒരു തോല്‍വിയുമായി നാലു പോയിന്റ് സ്വന്തമാക്കി മൂന്നാം സ്ഥാനത്തും.

Content Highlight: A Huge Set Back For CSK In IPL

We use cookies to give you the best possible experience. Learn more