|

ബെംഗളൂരുവിനെ ചുവപ്പണിയിച്ച് ഐ.ടി ട്രേഡ് യൂണിയനുകളുടെ മെയ്ദിന റാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ ബെംഗളൂരുവില്‍ ഐ.ടി ട്രേഡ് യൂണിയനുകളുടെ പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചു.

കര്‍ണാടകയിലെ ഐ.ടി തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ സംഘടനയായ കര്‍ണാടക സ്റ്റേറ്റ് ഐ.ടി/ ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂണിയന്റെ (കെ.ഐ.ടി.യു) നേതൃത്വത്തില്‍ സംഘടിപ്പിച്ച മെയ്ദിന റാലിയിലാണ് നൂറുകണക്കിന് ഐ.ടി തൊഴിലാളികള്‍ അണിനിരന്നത്.

രാവിലെ 10.30ന് ബെംഗളൂരു ടൗണ്‍ ഹാളിനു മുന്നില്‍ നിന്നും ആരംഭിച്ച റാലി രണ്ടു കിലോമീറ്റര്‍ പിന്നിട്ട് ഫ്രീഡം പാര്‍ക്കില്‍ സമാപിക്കുകയായിരുന്നു.

ചെങ്കൊടികളും ചുവന്ന ബാനറുകളും ബലൂണുകളും പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു ഐ.ടി തൊഴിലാളികളുടെ റാലി. മാര്‍ക്സ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ ചിത്രം ആലേഖനം ചെയ്ത ചുവന്ന ടീ ഷര്‍ട്ടണിഞ്ഞും നിരവധി പേര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.

തൊഴില്‍ ചൂഷണത്തിനും സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കുമെതിരായ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ടെക്കികള്‍ റാലിയില്‍ പങ്കെടുത്തത്.

കടുത്ത തൊഴില്‍ ചൂഷണം നിലനില്‍ക്കുന്ന ബെംഗളൂരുവിലെ ഐ.ടി മേഖലയില്‍ തൊഴിലാളി സംഘടനകളുടെ സ്വാധീനം വര്‍ധിക്കുന്നതിന്റെ സൂചന കൂടിയായിരുന്നു മെയ്ദിന റാലിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിപ്രോ, ടെക് മഹീന്ദ്രയുമടക്കമുള്ള കോര്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുപ്പിക്കാനും നിയമപോരാട്ടത്തിലൂടെ തിരിച്ചെടുപ്പിക്കാനും യൂണിയന് സാധിച്ചിരുന്നു.

Content Highlight:  huge rally of IT trade unions was organized in Bangalore on Labor Day.