മെസിക്കരികിൽ നെയ്മറുമെത്തി; മലബാറിൽ ലോകകപ്പ് ആവേശം അലതല്ലുന്നു
Football
മെസിക്കരികിൽ നെയ്മറുമെത്തി; മലബാറിൽ ലോകകപ്പ് ആവേശം അലതല്ലുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd November 2022, 3:36 pm

ഖത്തറിൽ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മലബാറിൽ കാൽപന്ത് കളിയാവേശം അലതല്ലുകയാണ്. ഇത്തവണയും അർജന്റീനക്കും ബ്രസീലിനും തന്നെയാണ് ആരാധകർ ഏറെയുള്ളത്.

നാല് വർഷം കൂടുമ്പോൾ അരങ്ങ് തീർക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിനായി വൻ ഒരുക്കങ്ങളാണ് ആരാധകർ നടത്തുന്നത്.

കഴിഞ്ഞ ദിവസം അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ ഉയർന്നിരുന്നു. ആഗോളതലത്തിൽ വൈറലായ മെസിയുടെ കട്ടൗട്ടിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ വലിയ വാർത്തയാക്കിയിരുന്നു.

ഇതിന് പിന്നാലെ അതിനേക്കാൾ ഉയരത്തിൽ കാനറികളുടെ സുൽത്താൻ നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചാണ് ബ്രസീൽ ആരാധകർ മറുപടി കൊടുത്തിരിക്കുന്നത്.

മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കിൽ നെയ്മറുടെ തലപ്പൊക്കം അതിനേക്കാൾ പത്ത് അടി കൂടുതലാണ്.

40 അടിയോളം വരുന്ന നെയ്മറുടെ കട്ടൗട്ടിന് ഏകദേശം 25,000 രൂപ ചെലവ് വന്നുവെന്നാണ് പ്രദേശത്തെ ബ്രസീൽ ആരാധകർ പറയുന്നത്. അർജന്റീനയോട് മത്സരിക്കാൻ തന്നെയാണ് നെയ്മറുടെ കട്ടൗട്ട് മഞ്ഞപ്പടയുടെ ആരാധകർ സ്ഥാപിച്ചതെന്നും എന്നാൽ ഇതൊരു സൗഹൃദ മത്സരം മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഒരുമിച്ച് കളി കാണുന്നതിനായി ഗ്രൗണ്ടിൽ സ്‌ക്രീൻ സ്ഥാപിക്കുന്നത് ഉൾപ്പെടെ നാടൊന്നാകെ ലോകകപ്പിനായി വമ്പൻ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പുള്ളാവൂരിലെ ആരാധകർ വ്യക്തമാക്കി.

 

ഖത്തറിൽ നിന്നും ലോകകപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ. ടിറ്റെയുടെ നേതൃത്വത്തിൽ നെയ്മറും സംഘവുമെത്തുമ്പോൾ വമ്പൻ പ്രതീക്ഷയാണ് ബ്രസീലിയൻ ആരാധകർക്കുള്ളത്.

എന്നാൽ കളി നിയന്ത്രിക്കുന്ന മധ്യനിരയിൽ നെയ്മർക്കൊപ്പം ആരൊക്കെയുണ്ടാകുമെന്നും അതിനായി ടിറ്റെ എന്താണ് പദ്ധതിയിട്ടിരിക്കുന്നതെന്നും ഇനിയും വ്യക്തമല്ല. കാനറിപ്പടയുടെ ഗോൾമുഖം കാക്കാൻ ടിറ്റെ ആർക്കാണ് ഉത്തരവാദിത്തം നൽകുക എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

Content HIghlights: A huge cutout of Messi and Neymar has been installed in a river in Kozhikode,Kerala