ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ശ്രീരാമന് താമസിക്കാന്‍ വീട് നിര്‍മ്മിച്ചുനല്‍കണമെന്ന് ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ ഘോശിയില്‍ നിന്നുള്ള എം.പിയായ ഹരിനാരായണ്‍ രാജ്ഭറാണ് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്.
“കനത്ത മഞ്ഞിലും വെയിലും മഴയിലുമാണ് രാമന്‍ കഴിയുന്നത്. തലയ്ക്ക് മേല്‍ ഒരു മേല്‍ക്കൂര പോലുമില്ലാതെ.”
വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതിനാല്‍ ജില്ലാ ഭരണകൂടം പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ശ്രീരാമന് വീട് നിര്‍മ്മിച്ചു നല്‍കണമെന്നും രാജ്ഭര്‍ പറയുന്നു.
ഇക്കാര്യമാവശ്യപ്പെട്ട് രാജ്ഭര്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്രനിര്‍മ്മാണം വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് ബി.ജെ.പി നേതാവിന്റെ വിചിത്രമായ ആവശ്യം.
2014 ല്‍ രാമക്ഷേത്രനിര്‍മ്മാണം തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചായിരുന്നു ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാകാറായിട്ടും വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാരോപിച്ച് ആര്‍.എസ്.എസ് അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
ALSO READ: സംഘപരിവാറിന്റെ അയ്യപ്പജ്യോതി; എന്‍.എസ്.എസില്‍ ഭിന്നത
ഇതിന് പിന്നാലെ സുപ്രീംകോടതിയെ പോലും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്ത് ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിരുന്നു.
WATCH THIS VIDEO: