കോയമ്പത്തൂര്‍: സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പേരില്‍ തുടങ്ങാനിരുന്ന ഹോട്ടല്‍ തകര്‍ത്ത് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍. ഹോട്ടല്‍ ഉടമകളായ നാഗറാണി (38) മകന്‍ അരുണ്‍ (21) എന്നിവരെയും ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു.
ഗുരുതരമായി പരിക്കേറ്റ നാഗറാണിക്ക് തലയില്‍ 38 തുന്നിക്കെട്ടുണ്ട്. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ മകന്‍ അരുണിന് 36 തുന്നിക്കെട്ടുണ്ട്. ഇരുവരും സുഹൃത്ത് പ്രഭാകരനും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ആറ് ഹിന്ദുമുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ചിക്കാരംപാളയം കളട്ടിയൂര്‍ രവി ഭാരതി, കാരമട ഗാന്ധിമൈതാനം സ്വദേശി പ്രഭു, തൊട്ടിപാളയം സ്വദേശി സുനില്‍, പെരിയ വടവള്ളി സ്വദേശി ശരവണകുമാര്‍, മംഗളക്കര പുതുര്‍ സ്വദേശി വിജയകുമാര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇനിയും രണ്ട് പേരെക്കൂടി പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെല്ലാം ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ്.
കോയമ്പത്തൂര്‍ കാരമട കണ്ണാര്‍പാളയം നാല്‍റോഡില്‍ ആരംഭിച്ച ‘തന്തൈ പെരിയാര്‍ ഉണവകം’ എന്ന പേരിലുള്ള ഹോട്ടലാണ് തീവ്ര ഹിന്ദുത്വവാദികള്‍ ഉദ്ഘാടന ദിവസത്തിന്റെ തലേന്നെത്തി തകര്‍ത്തത്. സുഹൃത്തായ അരുണിനും അമ്മയ്ക്കും വേണ്ടി, പെരിയാര്‍ അനുയായിയായ പ്രഭാകരന്‍ തുടങ്ങിയതാണ് ഹോട്ടല്‍.
ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പിറ്റേന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഹോട്ടലിന്റെ അവസാനഘട്ട മിനുക്കുപണികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ബോര്‍ഡ് കണ്ട് അക്രമികള്‍ സ്ഥലത്തെത്തി ചോദ്യം ചെയ്യുകയായിരുന്നു.
കോയമ്പത്തൂര്‍ പോലൊരു ‘ഹിന്ദു കോട്ട’യില്‍ പെരിയാറിന്റെ പേരില്‍ എങ്ങനെയാണ് ഒരു റസ്റ്റോറന്റ് തുടങ്ങാന്‍ സാധിക്കുക എന്നാണ് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ഉടമകളോട് ചോദിച്ചത്. എന്തിനാണ് പെരിയാറിന്റെ പേരില്‍ ഹോട്ടല്‍ തുടങ്ങുന്നതെന്ന് പ്രഭാകരനോട് കയര്‍ത്ത അക്രമികള്‍ അദ്ദേഹത്തെ
അസഭ്യം പയുകയും അധിക്ഷേപിക്കുകയും ചെയ്തു.
ശേഷം കടക്കാരുമായി തര്‍ക്കത്തിലായ ഹിന്ദുത്വ അക്രമികള്‍ ഹോട്ടലിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും നാഗറാണിയേയും അരുണിനേയും പ്രഭാകരനേയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് പ്രഭാകരന്‍ അക്രമികളായ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ കാരമട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
എന്നാല്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ വീണ്ടും ഇതേപേരില്‍ ഹോട്ടല്‍ നടത്തുമെന്ന് ഉടമയായ അരുണ്‍ പറഞ്ഞു. സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് ഹോട്ടലിന് പെരിയാറിന്റെ പേര് വെച്ചതെന്നും അരുണ്‍ വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ കാരമടയില്‍ ഇടതുപക്ഷ അനുകൂല സംഘടനകള്‍ നടത്താനിരുന്ന സമരം പൊലീസ് അഭ്യര്‍ത്ഥന മാനിച്ച് താത്കാലികമായി മാറ്റിവെച്ചതായി സമരക്കാര്‍ അറിയിച്ചു.
Content Highlight: A Hotel in the name of Social reformer Periyar was vandalized by Hindutva activists and the owners were brutally beaten; Six people were arrested