| Tuesday, 19th November 2024, 9:42 pm

വ്യാജ ഡോക്ടര്‍മാര്‍ സ്ഥാപിച്ച സൂറത്തിലെ ആശുപത്രി ഉദ്ഘാടന പിറ്റേന്ന് പൂട്ടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറത്ത്: ഗുജറാത്തില്‍ ആശുപത്രി സ്ഥാപിച്ച് ഒരു സംഘം വ്യാജ ഡോക്ടര്‍മാര്‍. വ്യാജ ഡോക്ടര്‍മാര്‍ ചേര്‍ന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് സ്ഥാപിച്ചത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.

ഞായറാഴ്ച ഉദ്ഘാടനം കഴിഞ്ഞ ആശുപത്രി അധികൃതര്‍ ഇന്നലെ (തിങ്കളാഴ്ച) പൂട്ടിക്കുകയും ചെയ്തു.

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച്, അഞ്ച് ആളുകള്‍ ചേര്‍ന്നാണ് ആശുപത്രി സ്ഥാപിച്ചത്. ഇതില്‍ രണ്ട് പേരുടെ കൈവശം ഉണ്ടായിരുന്നത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളായിരുന്നു. മറ്റ് സ്ഥാപകരുടെ ബിരുദത്തില്‍ അന്വേഷണം തുടരുകയാണ്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയില്‍ ആയുര്‍വേദ മെഡിസിന്‍ ബിരുദമുണ്ടെന്ന് അവകാശപ്പെട്ട ഡോകടര്‍ ബി.ആര്‍. ശുക്ലക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ ഗുജറാത്ത് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് പ്രകാരം കേസുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ആയുര്‍വേദ ഡോക്ടര്‍ എന്ന വ്യാജേന ഇയാള്‍ തട്ടിപ്പ് നടത്തുകയായിരുനെന്നും വ്യാജ ഡോക്ടറാണെന്നും പൊലീസ് വ്യക്തമാക്കി.

ഇതിനുപുറമെ ആശുപത്രിയുടെ സ്ഥാപകരില്‍ ഒരാളായ ആര്‍.കെ. ദുബെക്കെതിരെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ ഇലക്ട്രോ ഹോമിയോപ്പതിയില്‍ ബിരുദമുണ്ടെന്നാണ് അവകാശപ്പെടുന്നത്. സഹസ്ഥാപകനായ ജി.പി. മിശ്ര നിലവില്‍ മൂന്ന് കേസുകള്‍ നേരിടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

സൂറത്തിലെ പണ്ഡേസര പ്രദേശത്താണ് ജനസേവ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിച്ചത്. ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിന്റെ ക്ഷണപത്രികയില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളാണ് ഉണ്ടായിരുന്നത്.

സൂറത്ത് മുനിസിപ്പല്‍ കമ്മീഷണര്‍ ശാലിനി അഗര്‍വാള്‍, പൊലീസ് കമ്മീഷണര്‍ അനുപം സിങ് ഗെഹ്‌ലോട്ട്‌, ജോയിന്റ് പൊലീസ് കമ്മീഷണര്‍ രാഘവേന്ദ്ര വത്സ അടക്കമുള്ളവരുടെ പേരുകളാണ് ക്ഷപത്രികയില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ ഇവരുടെ സമ്മതത്തോടെയല്ല ക്ഷണകത്തില്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ നല്‍കിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇവര്‍ ആരും തന്നെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

നേരത്തെ ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വ്യാജ ബാങ്ക് തുറന്നിരുന്നു. ഈ ബാങ്കുകള്‍ വഴി പ്രതികള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടി എടുക്കുകയുമുണ്ടായി. ഇതിനുപിന്നാലെയാണ് സൂറത്തിലെ സംഭവം.

Content Highlight: A hospital in Surat set up by fake doctors was closed the day after it was inaugurated

We use cookies to give you the best possible experience. Learn more