| Saturday, 24th June 2023, 11:59 pm

ഭര്‍ത്താവ് സ്വന്തം സമ്പാദ്യത്തില്‍ വാങ്ങുന്ന സ്വത്തില്‍ വീട്ടമ്മക്ക് തുല്യാവകാശമുണ്ട്; ആ അധ്വാനത്തെ വിലകുറച്ച് കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഭര്‍ത്താവ് സ്വന്തം സമ്പാദ്യമുപയോഗിച്ച് വാങ്ങുന്ന വസ്തുവകകളില്‍ വീട്ടമ്മക്ക് തുല്യാവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യയുടെ പിന്തുണയില്ലാതെ കുടുംബം നോക്കാനായി ഭര്‍ത്താവിന് പണം സമ്പാദിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.

സ്വത്ത് ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ പേരില്‍ വാങ്ങിയതാവാമെന്നും, എങ്കിലും ഇരുവരുടെയും കൂട്ടായ പരിശ്രമത്തില്‍ നേടിയ പണം കൊണ്ടാണ് ഇത് വാങ്ങിയതെന്നേ കണക്കാക്കാനാകൂവെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിന്റെ മരണശേഷം സ്വത്തില്‍ അവകാശമുന്നയിച്ച് കമ്ശാല അമ്മാള്‍ എന്ന സ്ത്രീ നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

‘ഒരു വീട്ടമ്മ അവധി പോലുമില്ലാതെ മുഴുവന്‍ സമയവും ജോലി ചെയ്യുന്നു. അവര്‍ ഒരു വീടിനെ പരിപാലിക്കുകയും ആവശ്യമുള്ളപ്പോള്‍ ഒരു ഡോക്ടറെ പോലെ കുടുംബാംഗങ്ങള്‍ക്ക് വൈദ്യ സഹായം നല്‍കുകയും ചെയ്യുന്നു. ഒരു അക്കൗണ്ടിന്റെയും മാനേജരുടെയുമെല്ലാം ചുമതല വീട്ടമ്മ നിര്‍വഹിക്കുന്നു. അതുകൊണ്ട് അവള്‍ ചെയ്യുന്നതിനെ വിലക്കുറച്ച് കാണാനാകില്ല,’ ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി പറഞ്ഞു.

ഭര്‍ത്താവിന്റെയും ഭാര്യയുടേയും സംയുക്ത പ്രയത്‌നത്തില്‍ ഇവര്‍ നേടിയതിനെല്ലാം ഇരുവര്‍ക്കും തുല്യ പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

‘ഭര്‍ത്താവും ഭാര്യയും ഒരു കുടുംബത്തിന്റെ ഇരുചക്രങ്ങളാണ്. ഭര്‍ത്താവ് സമ്പാദിക്കുന്നതും ഭാര്യ കുട്ടികളെയും കുടുംബത്തെയും പരിചരിക്കുന്നതും കുടുംബത്തിന്റെ ക്ഷേമത്തിനായാണ്. ഈ സംയുക്ത പ്രയത്‌നത്തില്‍ ഇവര്‍ നേടിയതിനെല്ലാം ഇരുവര്‍ക്കും തുല്യ പങ്കുണ്ട്,’ കോടതി ഉത്തരവില്‍ പറയുന്നു.

1965ല്‍ വിവാഹം കഴിച്ചതിന് ശേഷം വേര്‍പ്പിരിഞ്ഞ അമ്മാളിനെതിരെ ഭര്‍ത്താവ് കണ്ണന്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കുന്നതിനിടെയായിരുന്നു വിധി. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു പെണ്‍ക്കുട്ടിയുമുണ്ടായിരുന്നു. 1982 വരെ ഇന്ത്യയില്‍ ജോലി ചെയ്ത കണ്ണന്‍ 1983നും 1994നും ഇടയില്‍ പുറത്തായിരുന്നു ജോലി ചെയ്തിട്ടുണ്ടായിരുന്നത്. ഇവിടെ നിന്നും മടങ്ങിയെത്തിയതിന് ശേഷം തന്റെ സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയ സ്വത്ത് ഭാര്യ സ്വന്തമാക്കിയെന്ന് കാട്ടിയായിരുന്നു അദ്ദേഹം കോടതിയെ സമീപിച്ചത്.

കണ്ണന് അനുകൂലമായി കീഴ്‌കോടതി വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതിയില്‍ രണ്ടാമത്തെ അപ്പീല്‍ പരിഗണിക്കുന്നതിനിടെ ഭര്‍ത്താവ് കണ്ണന്‍ മരിച്ചിരുന്നു. പിന്നീട് മക്കള്‍ അമ്മാളിനെതിരെ കേസ് നടത്തുകയായിരുന്നു. കുടുംബത്തിന്റെ സംരക്ഷണത്തിനായി ജീവിതം മുഴുവന്‍ നീക്കിവെച്ചതിനാല്‍ വീട്ടമ്മക്കും സ്വത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്ന് അമ്മാളിന്റെ അഭിഭാഷക വി.അനുഷ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

Content highlight: A homemaker would be entitled to an equal share in properties purchased by her husband: madras highcourt

We use cookies to give you the best possible experience. Learn more