| Tuesday, 23rd July 2024, 7:58 am

സാമ്പത്തിക സർവേ മോദി സർക്കാരിന്റെ പൊള്ളയായ കണക്കുകളുടെ ശേഖരം: മല്ലികാർജുൻ ഖാർഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സാമ്പത്തിക സർവേ തയ്യാറാക്കിയത് രാജ്യത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി മറച്ചു വെച്ച് കൊണ്ടാണെന്ന് കോൺഗ്രസ്. രാജ്യം ഏറ്റവും അപകടകരവും പ്രയാസകരവുമായ സാമ്പത്തിക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഇത് മോദി സർക്കാരിൻ്റെ പൊള്ളയായ കണക്കുകളുടെ ശേഖരമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിന് കേന്ദ്ര ബജറ്റിന് മുന്നോടിയായി സർക്കാർ അവതരിപ്പിക്കുന്ന വാർഷിക രേഖയാണ് സാമ്പത്തിക സർവേ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇന്നലെ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ വെച്ചത്.

‘നിങ്ങളുടെ സർക്കാർ 10 വർഷത്തിനുള്ളിൽ 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ തകർത്തു. ഇത് വ്യക്തമായതും സത്യസന്ധമായതുമായ ഒരു റിപ്പോർട്ട് അല്ല. മോദി സർക്കാരിന്റെ പരാജയങ്ങൾ മറച്ചു വെയ്ക്കാനുള്ള റിപ്പോർട്ട് ആണിത്. രാജ്യം ഏറ്റവും ദുർഘടമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ ജനങ്ങളുടെ യഥാർത്ഥ അവസ്ഥ മനസിലാക്കാതെ തയ്യാറാക്കിയ പൊള്ളയായ റിപ്പോർട്ട് ആണിത്,’ ഖാർഗെ പറഞ്ഞു.

‘ഇന്ന് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. തൊഴിലില്ലായ്മാ നിരക്ക് എക്കലത്തെയും ഉയർന്ന നിലയിലാണ്. തൊഴിലവസരങ്ങൾക്കായുള്ള തിരക്കാണെവിടെയും. നാണയപ്പെരുപ്പം രാജ്യത്തെ കുടുംബങ്ങളുടെ സമ്പാദ്യത്തെ 50 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് തള്ളിവിട്ടിരിക്കുന്നു,’ കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.

രാജ്യത്തെ കർഷകരുടെ അവസ്ഥ ദയനീയമാണെന്നും ഭക്ഷണം തരുന്നവരെ അവഗണിക്കുന്ന നിലപാടാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിൻ്റെ കർഷക വിരുദ്ധ ചിന്താഗതിയാണ് സാമ്പത്തിക സർവേയിൽ വ്യക്തമാക്കുന്നതെന്നും ഖാർഗെ വ്യക്തമാക്കി.

ദാരിദ്ര്യം ഏറെക്കുറെ തുടച്ചുനീക്കിയെന്ന അവകാശവാദത്തിലൂടെ സർവേ നഗ്നമായ നുണ പറയുകയാണെന്ന് ഖാർഗെ ആരോപിച്ചു. രാജ്യത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം 100 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: A ‘hollow envelope’ during nation’s ‘most difficult situation’: Congress on Economic Survey

We use cookies to give you the best possible experience. Learn more