ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഇന്ന് 3:30ന് ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സംബന്ധിച്ചിടത്തോളം മോശം വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ശ്രീലങ്കയുടെ സ്റ്റാര്‍ സ്പിന്നര്‍ വനിന്ദു ഹസരംഗക്ക് ഐ.പി.എല്ലില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും നഷ്ടപ്പെടും എന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടത് കാലിന് പരിക്കേറ്റതിനാല്‍ ഹസരംഗക്ക് ഐ.പി.എല്ലിലെ മുഴുവന്‍ മത്സരങ്ങളും നഷ്ടപ്പെടും എന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ ആഷ്ലി ഡി സില്‍വയാണ് ഈ കാര്യം പുറത്തുവിട്ടത്.
‘പരിശോധനയില്‍ അവന് പുനരധിവാസം ആവശ്യമാണ്, അതിനാല്‍ അവന് ഐ.പി.എല്ലില്‍ പങ്കെടുക്കാന്‍ കഴിയില്ല,’ആഷ്ലി ഡി സില്‍വ പറഞ്ഞു.
ഇതോടെ സണ്‍റൈസസ് ഹൈദരാബാദ് ഏറെ സമ്മര്‍ദത്തിലാണ്. ടീമിന്റെ സ്പിന്‍ കരുത്തിലെ പ്രധാനിയാണ് ഹസരംഗ. താരത്തിന്റെ വിടവ് ടീമിനെ ബാധിക്കും എന്നതും ഉറപ്പാണ്. 1.5 കോടി രൂപക്ക് ആയിരുന്നു ഹൈദരാബാദ് താരത്തെ വാങ്ങിയത്.
ബൗളിങ്ങിന് പുറമേ ബാറ്റിങ്ങിലും താരം മികവ് പുലര്‍ത്തിയിരുന്നു. മധ്യനിരയില്‍ നിരവധി കളികളില്‍ താരം ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടുണ്ട്. ഇതോടെ ഹൈദരാബാദ് ആരാധകര്‍ ഏറെ നിരാശയിലാണ്. ഉടനെ തന്നെ ഹസരംഗത്ത് പകരക്കാരനെ ടീം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.