“ഒരു ഡോക്ടറും പകര്‍ച്ചവ്യാധി ചികിത്സാ വിദഗ്ധനുമെന്ന നിലക്ക് 20 വര്‍ഷത്തിലേറെയായി ദിനേനയെന്നോണം അനേകമനേകം രോഗികളെ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു. നഗരത്തിലെ ആശുപത്രികളിലും ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ ചേരികളിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എച്ച്‌ഐവി-എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ്, ടിബി, സാര്‍സ്, മീസില്‍സ്, വയറിളക്കം, വില്ലന്‍ ചുമ, ഡിഫ്തീരിയ… എന്റെ തൊഴിലിന്റെ ഭാഗമായി ഇവയെയെല്ലാം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതില്‍ SARS ന്റെ കാര്യത്തില്‍ മാത്രമേ എനിക്ക് ചെറുതായിട്ടെങ്കിലും പരിഭ്രമമോ ഭീതിയോ അനുഭവപ്പെട്ടിട്ടുള്ളൂ.
കോവിഡ് -19 നെ ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ലോകമെമ്പാടും വ്യാപിച്ചതും പുതിയ പുതിയ ദേശങ്ങളില്‍ കാലുറപ്പിച്ചു കൊണ്ടിരിക്കുന്നതുമായ പകര്‍ച്ചവ്യാധി ഏജന്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. പ്രായമായവരുടെയോ അനാരോഗ്യമുള്ളവരുടെയോ ക്ഷേമകാര്യത്തില്‍ ഞാന്‍ ഏറെ ശ്രദ്ധാലുവാണ്. കാരണം, ഈ പുതിയ ബാധയുടെ മുന്നില്‍ ഏറ്റവും നിസ്സഹായരായി നില്‍ക്കുന്നതവരാണ്. എന്നിരുന്നാലും കോവിഡ് -19 നെ ഞാന്‍ ഭയക്കുന്നില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഞാന്‍ ഭയപ്പെടുന്നത് ജനങ്ങളെയൊന്നാകെ പരിഭ്രാന്തിയിലാക്കുന്ന അറിവുകേടിന്റെയും ഭീതിയുടെയും അലയൊലികളെയാണ്. ഒരു ബോംബ് ശേഖരമായി അവ കുമിഞ്ഞുകൂടുന്നു. ഞാന്‍ ഭയപ്പെടുന്നത് ആശുപത്രികളില്‍ നിന്നും അടിയന്തിര പരിചരണ ക്ലിനിക്കുകളില്‍ നിന്നും N95 മാസ്‌കുകള്‍ എടുത്തുകൊണ്ടു പോകുന്നതിനെയാണ്. അവ യഥാര്‍ത്ഥത്തില്‍ ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ക്കാണാവശ്യം. എന്നാലവ വിമാനത്താവളങ്ങളിലും മാളുകളിലും കോഫി ഷോപ്പുകളിലും വിപുലമായി വിതരണം ചെയ്യപ്പെടുന്ന കാഴ്ച ആളുകളില്‍ കൂടുതല്‍ കൂടുതല്‍ ഭയവും സംശയവും സൃഷ്ടിക്കാനേ ഉപകരിക്കൂ. ‘എനിക്ക് രോഗമില്ലായിരിക്കാം, എങ്കിലുമൊന്ന് പരിശോധിച്ചുകളയാം’ എന്ന് ചിന്തിക്കുന്നവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞേക്കാം. ഹൃദയസ്തംഭനം, ശ്വാസംമുട്ടല്‍, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയാന്വേഷിച്ചു വരുന്നവരെയാണ് ഇതേറെ വലയ്ക്കുക.
ഞാന്‍ ഭയപ്പെടുന്നത് യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാവുന്നതിനെയാണ്. വിവാഹങ്ങള്‍ റദ്ദാക്കപ്പെടും .പഠനം മുടങ്ങും. കുടുംബ സംഗമംഗങ്ങള്‍ വേണ്ടെന്നു വെക്കും. ഒളിമ്പിക് ഗെയിംസ് വരെ മാറ്റിവെച്ചേക്കാം. എല്ലാം നമുക്കിതുവരെ സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലാത്തവ. ഞാന്‍ ഭയപ്പെടുന്നത്, പകര്‍ച്ചവ്യാധിഭീതി വ്യാപാരം മന്ദീഭവിപ്പിക്കുമെന്നും വ്യാപാര പങ്കാളിത്തങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ബിസിനസ്സും മറ്റും ആത്യന്തികമായി ആഗോള മാന്ദ്യത്തില്‍ കലാശിക്കുമെന്നുമാണ്.