| Wednesday, 19th January 2022, 6:10 pm

നാട്ടുകാര്‍ക്ക് വേണ്ടിയൊരു മീന്‍കാരന്‍, കോഴിക്കോട്ടുകാരന്‍ ഷംസുക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടക്കാവ്: കോഴിക്കോട് ചക്കോരത്തുകുളത്തുള്ള ഷംസുദ്ദീന്റെ ചെറിയ ഫിഷ് സ്റ്റാളിന് മുന്‍പില്‍ നട്ടുച്ചയ്ക്ക് പോലും വലിയ തിരക്കാണ്. കിലോമീറ്ററുകള്‍ ദൂരത്ത് നിന്ന് പോലും ആളുകള്‍ ഇവിടെ വന്ന് മീനിനായി കാത്തുനില്‍ക്കാറുണ്ട്.

വിലയോ തുച്ഛം ഗുണമോ മെച്ചമെന്നൊക്കെ പറയുന്നത് വെറുമൊരു പഴഞ്ചൊല്ലല്ല എന്നാണ് ഷംസുക്കയില്‍ നിന്നും വര്‍ഷങ്ങളായി മീന്‍ വാങ്ങുന്നവര്‍ക്കും, കേട്ടറിഞ്ഞ് വന്ന് ഇപ്പോള്‍ മീന്‍ വാങ്ങി തുടങ്ങിയവര്‍ക്കുമൊക്കെ പറയാനുള്ളത്. മാര്‍ക്കറ്റില്‍ കിലോക്ക് 160 രൂപയുള്ള മീന്‍ പോലും ഇവിടെ വന്നാല്‍ 80 മുതല്‍ 100 രൂപയ്ക്കുള്ളില്‍ കിട്ടുമെന്നാണ് കടയിലെത്തിയ മൃദുല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

വിലക്കുറവിനൊപ്പം, മറ്റെവിടെ നിന്നുമുള്ളതിനേക്കാള്‍ ഗുണനിലവാരത്തിലുള്ള മീന്‍ ഷംസുക്ക നല്‍കാറുണ്ടെന്നും ഇവര്‍ പറയുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ പെട്ട് ദുരിതത്തിലായിരിക്കുന്ന തങ്ങളെ പോലെയുള്ള സാധാരണക്കാര്‍ക്ക് ഷംസുക്ക ഒരു അനുഗ്രഹവും സഹായവുമാണെന്നാണ് ലിസി എന്ന കസ്റ്റമറുടെ വാക്കുകള്‍.

27 വര്‍ഷമായി ചക്കോരത്തുകുളത്ത് മീന്‍ കച്ചവടം നടത്തുകയാണ് ഷംസുദ്ദീന്‍. പുതിയാപ്പ, ബേപ്പൂര്‍, വെള്ളയില്‍ എന്നിവിടങ്ങളിലെ തോണിക്കാരില്‍ നിന്നും നേരിട്ട് മീന്‍ വാങ്ങിയാണ് അദ്ദേഹം വില്‍ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് നല്‍കിക്കൊണ്ട് തന്നെ തനിക്കും കുടുംബത്തിനും ജീവിക്കാനുള്ളത് ലഭിക്കുന്നുണ്ടെന്നും ആ ലാഭമൊക്കെ മതിയെന്നുമാണ് കച്ചവടത്തെ കുറിച്ച് ഷംസുദ്ദീന്‍ പറയുന്നത്.

അമിതലാഭം ആഗ്രഹിക്കാത്ത ഈ കച്ചവടത്തിന് കുടുംബത്തിന്റെ മുഴുവന്‍ പിന്തുണയും ഷംസുദ്ദീനുണ്ട്. അദ്ദേഹത്തിന്റെ മകള്‍ ഒരു ഡോക്ടറാണ്. ഇങ്ങനെ കച്ചവടം ചെയ്തുകൊണ്ട് തന്നെ മകളെ പഠിപ്പിച്ച് ഡോക്ടറാക്കിയല്ലോ എന്ന് എല്ലാവരും അഭിനന്ദിക്കുമ്പോള്‍, അതെല്ലാം മകളുടെ കഴിവ് മാത്രമാണെന്നാണ് ഷംസുദ്ദീന്റെ മറുപടി.

വഴിയോരത്തെ ഈ സ്റ്റാളില്‍ നിന്നും മാറി ചെറിയൊരു കട തുടങ്ങണമെന്ന ആഗ്രഹം വര്‍ഷങ്ങളായി ഷംസുദ്ദീന്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ടെങ്കിലും അതിനുള്ള സാമ്പത്തികസ്ഥിതിയൊന്നും തനിക്കില്ലെന്നും അദ്ദേഹം പറയുന്നു. എങ്കില്‍ പിന്നെ മറ്റുള്ളവരെ പോലെ അല്‍പം വില കൂട്ടി വിറ്റുകൂടെയെന്ന ചോദ്യത്തിന്, അങ്ങനെ താന്‍ ഒരിക്കലും ചെയ്യില്ലെന്നും ഇതുപോലെയൊക്കെ ജീവിച്ചാല്‍ മതിയെന്നും അദ്ദേഹം മറുപടി നല്‍കി.

‘ചില ദിവസം മീനുമായി വരുമ്പോള്‍ അല്‍പം വില കൂട്ടി വിറ്റാലോയെന്ന് തോന്നും. പക്ഷെ വെയിലത്ത് നില്‍ക്കുന്ന ഈ ആളുകളുടെ മുഖം കാണുമ്പോള്‍ ആ തോന്നല്‍ തന്നെ ഇല്ലാതാകും. സാധാരണ ഓട്ടോക്കാരും മറ്റു തൊഴിലാളികളുമാണ് എന്റെ അടുത്ത് വരുന്നത്. അവരെയൊന്നും പറ്റിക്കാന്‍ എനിക്കാവില്ല,’ ഷംസുദ്ദീന്‍ പറഞ്ഞു.

ഇനിയെന്തൊക്കെ സംഭവിച്ചാലും ഇതേ രീതിയില്‍ തന്നെ മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും അതില്‍ തനിക്ക് നൂറ് ശതമാനം ഉറപ്പാണെന്നും ഷംസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: A heart touching story of a fish seller from Kozhikode

We use cookies to give you the best possible experience. Learn more