ബെർലിൻ: സമൂഹമാധ്യമമായ ‘എക്സ്’ അക്കൗണ്ട് നിർത്തുന്നതായി പ്രഖ്യാപിച്ച് ജർമൻ ഫുട്ബോൾ ക്ലബ് സെന്റ് പോളി. എക്സ് വെറുപ്പ് ഉത്പാദിപ്പിക്കുന്ന യന്ത്രമാണെന്നും ജർമൻ തെരഞ്ഞെടുപ്പിനെ ഇത് സ്വാധീനിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ക്ലബ് എക്സ് അക്കൗണ്ട് ഒഴിവാക്കുന്നത്. ആരാധകരോട് സമൂഹമാധ്യമമായ ബ്ലൂ സ്കൈ ഉപയോഗിക്കാനും ക്ലബ് ആവശ്യപ്പെട്ടിട്ടുണ്ട്.
എക്സ് ജർമൻ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാമെന്ന് സെൻ്റ് പോളി ആശങ്കപ്പെടുന്നു. ഒലാഫ് ഷോൾസിൻ്റെ പാർട്ടി ഭരണസഖ്യം കഴിഞ്ഞയാഴ്ച തകർന്നതിനെത്തുടർന്ന് ഫെബ്രുവരിയിൽ ജർമ്മനിയിൽ തെരഞ്ഞെടുപ്പ് നടക്കും. 2021 ലെ ഏറ്റവും പുതിയ ഫെഡറൽ തെരഞ്ഞെടുപ്പിൽ 10% വോട്ട് നേടിയ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധ പാർട്ടിയായ എ.എഫ്. ഡി നേട്ടമുണ്ടാക്കാമെന്നും എക്സ് പോലുള്ള സൈറ്റുകൾ അതിനെ സ്വാധീനിച്ചേക്കാമെന്നും ക്ലബ് ആശങ്ക പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് ഡൊണാൾഡ് ട്രംപ് പുതിയ സർക്കാർ വകുപ്പിൻ്റെ തലപ്പത്തേക്ക് മസ്കിനെ തിരഞ്ഞെടുത്തു. ട്രംപ് പ്രചരണത്തിൻ്റെ ഒരു പ്രധാന പിന്തുണക്കാരനായിരുന്നു മസ്ക്. ഈ ആവശ്യത്തിനായി എക്സ് ഉപയോഗിച്ചു. ജർമൻ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എക്‌സിലൂടെ വ്യാജ വാർത്തകൾ പുറത്ത് വിടാനുള്ള സാധ്യതകൾ കൂടുതലാണ്,’ ക്ലബ്ബ് പറഞ്ഞു.
250,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള ക്ലബ്ബിന്റെ എക്സ് അക്കൗണ്ടിലെ അവരുടെ മുൻ പോസ്റ്റുകൾ ഓൺലൈനിൽ തുടരുമെന്ന് സെൻ്റ് പോളി പറഞ്ഞു.
ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ സമൂഹമാധ്യമമായ എക്‌സില്‍നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സെന്റ് പോളിയുടെയും പിന്മാറ്റം. ടോക്സിക്കും ഡിസ്റ്റർബിങ്ങുമായിട്ടുള്ള കണ്ടെൻറ്റുകളാണ് എക്‌സിലൂടെ പുറത്ത് വിടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഗാർഡിയൻ വളരെക്കാലത്തെ എക്സുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഇലോൺ മസ്ക് സ്വന്തമാക്കിയതിന് ശേഷം എക്സിൽ വംശീയതയും വിദ്വേഷ പ്രചരണവും വ്യാപകമായെന്ന് ആരോപിച്ചാണ് നടപടി. ഇനി വാർത്തകളും ചിത്രങ്ങളും എക്സിൽ പത്രം പങ്കുവെക്കില്ല. എക്സിൽ തുടരുന്നത് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുകയെന്ന് ഗാർഡിയൻ പ്രസ്താവനയിൽ പറഞ്ഞു. വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്സെന്നും മസ്ക് തന്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഈ പ്ലാറ്റ്ഫോമിനെ ഉപയോഗപ്പെടുത്തുകയാണെന്നും ഗാർഡിയൻ ആരോപിച്ചു.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിൽ ഉയർന്ന കാമ്പയിനുകൾ ഈ തീരുമാനത്തിൽ നിർണായകമായി. ഡൊണാൾഡ് ട്രംപിനെ പരസ്യമായി പിന്തുണച്ച മസ്ക്, എക്സിനെ രാഷ്ട്രീയ ആയുധമാക്കിയെന്ന വിമർശനം ശക്തമായി ഉയർന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചിരുന്ന മസ്‌കിനെ പുതിയ സര്‍ക്കാരില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സ്യയെ നയിക്കാന്‍ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ഗാർഡിയൻ നേരിട്ട് ആർട്ടിക്കിളുകൾ എക്സിൽ പോസ്റ്റ് ചെയ്യില്ലെങ്കിലും, ഉപയോക്താക്കൾക്ക് തങ്ങളുടെ ആർട്ടിക്കിളുകൾ പ്ലാറ്റ്ഫോമിലൂടെ പങ്കുവെക്കാൻ സാധിക്കും. 2022ൽ ട്വിറ്ററിനെ മസ്ക് എറ്റെടുത്ത ശേഷമാണ് എക്സ് എന്ന് പേരുമാറ്റിയത്. ഇതിന് പിന്നാലെ പ്ലാറ്റ്ഫോമിന്‍റെ വിശ്വാസ്യതയിൽ വൻ ഇടിവു സംഭവിച്ചതായി വ്യാപക വിമർശനമുയർന്നിരുന്നു.
ദ ഗാര്‍ഡിയന് എക്‌സില്‍ 10.7 ദശലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. 2022-ല്‍ ഇലോന്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയ ശേഷം പ്ലാറ്റ്‌ഫോം വിടുന്ന ആദ്യ വലിയ മാധ്യമ സ്ഥാപനമാണ് ഗാര്‍ഡിയന്‍.
Content Highlight: ‘A hate machine’: St Pauli become first major football club to leave X