മതസ്പര്‍ധയും സമുദായ ധ്രുവീകരണവും നടത്തി കേരളത്തിന്റെ മണ്ണില്‍ വേരുപിടിക്കാമെന്ന് ബി.ജെ.പി വ്യാമോഹിക്കേണ്ട: രജദീപ് സര്‍ദേശായി
India
മതസ്പര്‍ധയും സമുദായ ധ്രുവീകരണവും നടത്തി കേരളത്തിന്റെ മണ്ണില്‍ വേരുപിടിക്കാമെന്ന് ബി.ജെ.പി വ്യാമോഹിക്കേണ്ട: രജദീപ് സര്‍ദേശായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th October 2017, 3:06 pm

ന്യൂദല്‍ഹി: ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ ലൈന്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യ ടുഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി.

ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ ലേഖനത്തിലാണ് ബിജെപിയുടെ ഹിന്ദു, ഹിന്ദുസ്ഥാന്‍ തീവ്രദേശീയ അജണ്ട കേരളത്തില്‍ വിജയിക്കില്ലെന്ന് സര്‍ദേശായി വ്യക്തമാക്കിയത്.

ഇത്രയും സംഘടനാസംവിധാനവും ഇന്ത്യയിലെ മറ്റിടങ്ങളില്‍ വളര്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞിട്ടും കേരളത്തില്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാനും അധികാരം നേടിയെടുക്കാനും എന്തുകൊണ്ട് ബി.ജെ.പിക്ക് കഴിയുന്നില്ല എന്ന ചോദ്യമാണ് രാജ്ദീപ് സര്‍ദേശായി ഉന്നയിക്കുന്നത്.


Dont Miss സമ്പദ് വ്യവസ്ഥ തകര്‍ത്തിട്ടും തള്ളിന് ഒരു കുറവുമില്ല: ഇന്ത്യയെക്കുറിച്ച് അമേരിക്കയ്ക്ക് നല്ല മതിപ്പാണെന്ന് അരുണ്‍ ജെയ്റ്റ്ലി


വെറുപ്പിന്റെ രാഷ്ട്രീയവും മതസ്പര്‍ധയും സമുദായ ധ്രുവീകരണവും നടത്തി കേരളത്തിന്റെ മണ്ണില്‍ വേരുപിടിക്കാമെന്ന മോഹം ബി.ജെ.പിക്ക് വേണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

ദല്‍ഹിയിലെ കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിര നടക്കുന്നതായി പറയപ്പെടുന്ന “ഇടതുപക്ഷ അതിക്രമ”ത്തിനെതിരെ പ്രതിഷേധിക്കുകയാണ്. ജി.എസ്.ടി പ്രശ്‌നങ്ങളും തൊഴിലവസരകുറവും സാമ്പത്തിക വളര്‍ച്ചയിലും പ്രതിസന്ധികളും തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വലിയ വിഷയങ്ങള്‍ ഉണ്ടായിരിക്കുന്ന ഘട്ടത്തിലാണ് കേരളത്തിലെ ഇടതുപക്ഷത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ നയിക്കുന്ന ജനരക്ഷാ യാത്ര കേരളത്തില്‍ നടത്തിയത്.

എന്നാല്‍ അമിത് ഷാ ഉദ്ഘാടനം നിര്‍വഹിച്ച ജനരക്ഷായാത്രയോടുള്ള തണുപ്പന്‍ പ്രതികരണം വ്യക്തമാക്കുന്നത് കേരളത്തിലെ വെള്ളത്തില്‍ താമര വിരിയാറായിട്ടില്ല എന്നാണെന്നും ഇക്കാര്യം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് അമിഷ് യാത്ര മതിയാക്കി ദല്‍ഹിക്ക് തിരിച്ചതെന്നും ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

2016ല്‍ മാത്രം ഒരു നിയമസഭാ സീറ്റില്‍ ജയിക്കുകയും ഇതുവരെ ഒരു ലോക്സഭാ സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ സംസ്ഥാനമാണ് ബി.ജെ.പിയെ സംബന്ധിച്ച് കേരളം. എന്നാല്‍ അതേസമയം തന്നെ 2011ല്‍ അവര്‍ക്ക് കിട്ടിയ ആറ് ശതമാനം വോട്ട് 2016ല്‍ 15 ശതമാനമാക്കാന്‍ കഴിഞ്ഞത് ഒരു നേട്ടമാണെന്നും സര്‍ദേശായി പറയുന്നു.

കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ വലിയ സാന്നിദ്ധ്യം തന്നെയാണ് ബി.ജെ.പിക്ക് കേരളത്തില്‍ വേരുറപ്പിക്കുന്നതിന് തടസമായി നില്‍ക്കുന്നത്. മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും ചേര്‍ന്നാല്‍ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 45 ശതമാനത്തോളം ന്യൂനപക്ഷമാണ്. അതേസമയം തന്നെ ഹിന്ദുവോട്ട് ബാങ്ക് ശക്തിപ്പെടുത്താനുള്ള അവസരം കൂടി ഇതുവഴി ബി.ജെ.പിക്ക് ലഭിക്കും. പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മതവര്‍ഗീയതയുടെ പേരിലുള്ള ധ്രുവീകരണത്തിന് കേരളത്തില്‍ സാധ്യതയില്ലെന്നത് തന്നെയാണ് ചരിത്രം വ്യക്തമാക്കുന്നതെന്നും ലേഖനത്തില്‍ സര്‍ദേശായി പറയുന്നു.