തിരുവനന്തപുരം: ജാതീയതയുടെ പേരില്‍ അകറ്റിനിര്‍ത്തലുകള്‍ അനുഭവിച്ച ഭരണഘടനാ ശില്‍പി ബാബസാഹിബ് അംബേദ്ക്കറുടെ സ്മരണ പുതുക്കുന്നതിന് വ്യത്യസ്തമായ ഒരു വായനക്കുള്ള അവസരം നല്‍കി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. നാല്പതാണ്ടുകള്‍ താണ്ടിയ പത്താം ക്ലാസ്സിലെ ഒരു ഉപപാഠ പാഠപുസ്തകത്തെ പുനഃരവതരിപ്പിക്കുകയാണ് നെടുമങ്ങാട് മഞ്ച ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികള്‍.
കാലാനുസൃതമായി ഇതൊരു ഓഡിയോ പുസ്തകമായിട്ടാണ് നമുക്കു മുന്നില്‍ അവര്‍ എത്തിച്ചിരിക്കുന്നത്. മുന്‍ തലമുറക്ക് പുതിയകാല വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ സമ്മാനമായി ഇതിനെ കാണാം. രണ്ടായിരത്തി ഇരുപത്തിമൂന്നിലെ ഭരണഘടനാ ദിനമായ നവംബര്‍ 26ന് പത്മശ്രീ മമ്മൂട്ടിയാണ് ഈ ശബ്ദപുസ്തകം പ്രകാശനം ചെയ്തത്.
സെല്ലുലോയിഡില്‍ അംബേദ്ക്കറായി തിളങ്ങിയ മമ്മൂട്ടി തന്റെ എഫ്.ബി. പേജില്‍ ഇപ്രകാരമെഴുതി. നവംബര്‍ 26 രാജ്യത്തിന്റെ ഭരണഘടനാ ദിനമാണ്. ഇന്നേ ദിവസം അപൂര്‍വ്വതകളുള്ള ഒരു ശബ്ദപുസ്തകം ഞാനിവിടെ പ്രകാശിപ്പിച്ചുകൊള്ളട്ടെ. ഇതു തയ്യാറാക്കിയത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മഞ്ച ഗവ. വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് എന്ന ഗ്രാമീണ വിദ്യാലത്തിലെ വിദ്യാര്‍ത്ഥികളാണ്.
ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ഡോ. അംബേദ്ക്കറുടെ ജീവിചരിത്രത്തിനെ ആസ്പദമാക്കി ഒരു ഓഡിയോ പുസ്തകം തയ്യാറാക്കുന്നത് ഇതാദ്യമായിട്ടാണ്. ദേശീയ മാധ്യമമായ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പരിപാടിയെ ഇങ്ങനെയാണ് വിലയിരുത്തിയത്. 1983ല്‍ ആയിരുന്നു ഇരുപത് അധ്യായങ്ങളുള്ള പുസ്തകം പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചത്.
ആ മഹാത്മാവിന്റെ സമകാലിക സാമൂഹ്യ രാഷ്ട്രീയ പ്രസക്തി തിരിച്ചറിഞ്ഞ ഒരു കൂട്ടം കുട്ടികളാണ് അതിനെ നാല്പതാണ്ടുകള്‍ക്കുശേഷം വീണ്ടും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്. 2023ലെ അധ്യാപകദിനത്തില്‍ ഗ്രന്ഥപാരയണവും റെക്കോഡിങ്ങും ആരംഭിച്ചു. ഒരു ദിവസം ഒരു അധ്യായം എന്ന രീതിയില്‍ വായന പൂര്‍ത്തിയാക്കി. അതില്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. അധ്യാപര്‍, രക്ഷാകര്‍ത്താക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, മറ്റു വിദ്യാലയങ്ങളിലെ അധ്യാപകര്‍ എന്നിവരുമുണ്ടായിരുന്നു.
ഇരുപത് ദിനങ്ങള്‍, ഇരുപത് അധ്യായങ്ങള്‍, ഇരുപത് ശബ്ദങ്ങള്‍. കോവിഡാനന്തര ക്ലാസ്സ് മുറികള്‍ അതുവരെയില്ലാത്ത പഠനാന്തരീക്ഷമാണ് വിദ്യാലയങ്ങളില്‍ സൃഷ്ടിച്ചത്.
Content Highlight: A group of students released an audio book based on Ambedkar’s biography