| Friday, 23rd November 2018, 10:35 am

ശ്രീധരന്‍പിള്ളയെ അധ്യക്ഷനാക്കാന്‍ നിര്‍ദേശിച്ചവര്‍ തന്നെ പിള്ളയ്‌ക്കെതിരെ രംഗത്ത്; പിള്ളയുടെ നീക്കങ്ങള്‍ തിരിച്ചടിയായെന്ന് നേതൃത്വത്തിന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പി.എസ് ശ്രീധരന്‍ പിള്ളയെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ട ആര്‍.എസ്.എസിലെ വിഭാഗം തന്നെ പിള്ളയ്‌ക്കെതിരെ രംഗത്ത്. ശബരിമല വിഷയത്തില്‍ ശ്രീധരന്‍ പിള്ള നടത്തിയ നീക്കങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ് ഇവരിപ്പോള്‍.

ശബരിമല വിഷയത്തില്‍ ബി.ജെ.പി സംഘടിപ്പിച്ച സമരത്തിന് തുടക്കത്തില്‍ വലിയൊരു വിഭാഗം ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. നിഷ്പക്ഷരായ വിശ്വാസികള്‍ ബി.ജെ.പിക്കു കീഴില്‍ അണിനിരക്കുന്നതാണ് കണ്ടത്. എന്നാല്‍ ശ്രീധരന്‍ പിള്ള കോഴിക്കോട് യുവമോര്‍ച്ച വേദിയില്‍ നടത്തിയ പ്രസംഗം പുറത്തുവന്നതോടെ ഈ പിന്തുണ ഇല്ലാതായെന്നാണ് ഇവര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചത്.

ശബരിമല പാര്‍ട്ടിക്ക് ഒരു സുവര്‍ണാവസരം ആണെന്നായിരുന്നു കോഴിക്കോട് ശ്രീധരന്‍ പിള്ള പറഞ്ഞത്. ഈ പ്രസ്താവന ശബരിമല വിഷയത്തിലെ ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് തുറന്നുകാട്ടുന്നതായിരുന്നു. അതോടെ ബി.ജെ.പിക്കു ലഭിച്ച നിഷ്പക്ഷരായ വിശ്വാസികളുടെ പിന്തുണ ഇല്ലാതായെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍.

Also Read:മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു; ലക്ഷ്യം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തല്‍: ആരോപണവുമായി കെ. സുരേന്ദ്രന്‍

ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഭവം പാര്‍ട്ടിക്ക് ഗുണകരമാകുന്ന രീതിയില്‍ ഉപയോഗിക്കാന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചില്ലയെന്ന ആക്ഷേപവും ആര്‍.എസ്.എസിനുണ്ട്. അണികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു മണിക്കൂര്‍ റോഡ് ഉപരോധിച്ചതൊഴിച്ചാല്‍ സുരേന്ദ്രന്റെ അറസ്റ്റില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമൊന്നുമുണ്ടായില്ല.

അഞ്ചുദിവസം സുരേന്ദ്രന്‍ ജയിലില്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തപ്പെട്ടിട്ടും സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിക്കാനോ ഇതിനെതിരെ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കാനോ ശ്രീധരന്‍ പിള്ള മുതിര്‍ന്നില്ലയെന്നതും അണികളില്‍ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

Also Read:വ്യാഴാഴ്ച രാത്രി സന്നിധാനത്ത് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്; നൂറോളം പേര്‍ക്കെതിരെയാണ് കേസ്

കൂടാതെ പ്രവര്‍ത്തകരെ ശബരിമലയില്‍ എത്തിക്കാന്‍ ആഹ്വാനം ചെയ്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ചോര്‍ന്നതും ആര്‍.എസ്.എസ് നേതാക്കള്‍ ഗൗരവമായി കാണുന്നുണ്ട്. ഇതിനെ പൊട്ടത്തരം എന്നാണ് ആര്‍.എസ്.എസിലെ ചിലര്‍ വിശേഷിപ്പിച്ചത്. സര്‍ക്കുലര്‍ പുറത്തായ സംഭവത്തില്‍ പാര്‍ട്ടി പ്രസിഡന്റ് നല്‍കിയ വിശദീകരണം കൂടുതല്‍ തിരിച്ചടിയായതായും ഇവര്‍ വിലയിരുത്തുന്നു.

We use cookies to give you the best possible experience. Learn more