ന്യൂദല്‍ഹി: ദല്‍ഹിയിലെ അക്ബര്‍ റോഡ് എന്നെഴുതിയ സൈന്‍ ബോര്‍ഡ് വികൃതമാക്കി അക്രമിസംഘം. ദല്‍ഹി കശ്മീരി റോഡിലെ മഹാറാണ പ്രതാപിന്റെ പ്രതിമ നശിപ്പിച്ചതിനുള്ള പ്രതികാരമായാണ് സൈന്‍ ബോര്‍ഡ് വികൃതമാക്കിയതെന്നാണ് അക്രമി സംഘത്തിന്റെ വാദം.
മഹാറാണ പ്രതാപിനെ അപമാനിക്കുന്നത് ഇന്ത്യ ഒരിക്കലും സഹിക്കില്ലെന്നും പൊലീസും ദല്‍ഹി സര്‍ക്കാരും സംഭവം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്ന് അക്രമികളിലൊരാള്‍ പറഞ്ഞു.
പ്രതിമ തകര്‍ത്തവരെ അറസ്റ്റ് ചെയ്യണമെന്നും ഉടന്‍ നടപടിയെടുക്കണമെന്നുമടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടായിരുന്നു അക്രമികള്‍ രംഗത്തെത്തിയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ചരിത്ര പുരുഷന്മാരുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന സൈന്‍ ബോര്‍ഡുകള്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും അക്ബര്‍, ബാബര്‍, ഹൂമയൂണ്‍ തുടങ്ങിയ പേരുകളുള്ള സൈന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യുമെന്നും പ്രതിഷേധക്കാര്‍ പറയുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം സൈന്‍ ബോര്‍ഡുകളില്‍ അക്രമികള്‍ കരിയൊഴിക്കുകയും അതില്‍ മഹാറാണ പ്രതാപിന്റെ ചിത്രം പതിപ്പിക്കുകയും ചെയ്യുന്നത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. അക്രമികള്‍ ജയ് ഭവാനി എന്ന മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ കാണുന്നു. അക്രമികള്‍ക്ക് ഹിന്ദു രാഷ്ട്ര നവനിര്‍മാണ സേനയുമായി ബന്ധമുള്ളതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ദല്‍ഹിയിലെ അക്ബര്‍ റോഡിന്റെയും ബാബര്‍ റോഡിന്റെയും പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് സൈന്‍ ബോര്‍ഡില്‍ ഒരു കൂട്ടം അക്രമികള്‍ കരി തേച്ചിരുന്നു. ജയ് ശ്രീറാം വിളിച്ചെത്തിയ യുവാക്കളാണ് സൈന്‍ ബോര്‍ഡില്‍ കരിതേച്ചത്.
സൈന്‍ ബോര്‍ഡില്‍ കരി തേച്ച യുവാക്കള്‍ ബോര്‍ഡില്‍ ശിവജിയുടെ ചിത്രങ്ങള്‍ പതിക്കുകയായിരുന്നു. ഛത്രപതി ശിവജി മാര്‍ഗ് എന്ന് എഴുതിയ പോസ്റ്ററുകള്‍ ഒട്ടിക്കുകയും അതില്‍ പാലൊഴിക്കുകയുമായിരുന്നു. അക്ബര്‍ റോഡ് എന്നെഴുതിയ ബോര്‍ഡില്‍ അക്രമി സംഘം മൂത്രമൊഴിച്ചതായും ബാബര്‍ റോഡ് എന്ന സൈന്‍ ബോര്‍ഡില്‍ കരി തേച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: A group of miscreants defaced the Akbar Road signboard in Delhi and removed the portrait of Maharana Pratap.