ഞാന്‍ സ്വതന്ത്രനായി; ഒരു മനുഷ്യനാണെന്ന് ആദ്യമായി സ്വയം തോന്നുന്നു; 29 പേരടങ്ങുന്ന എല്‍.ജി.ബി.ടി കമ്യൂണിറ്റി സംഘം അഫ്ഗാനില്‍ നിന്നും രക്ഷപ്പെട്ട് ബ്രിട്ടനിലെത്തി
ലണ്ടന്‍: എല്‍.ജി.ബി.ടി കമ്യൂണിറ്റിയില്‍ പെട്ട 29 പേരടങ്ങുന്ന സംഘം അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ട് ബ്രിട്ടനിലെത്തി. പുതിയ താലിബാന്‍ സര്‍ക്കാരിന് കീഴില്‍ എല്‍.ജി.ബി.ടി കമ്യൂണിറ്റി സുരക്ഷിതരല്ലെന്നതിനാലാണ് രാജ്യം വിട്ടതെന്നാണ് സംഘം പറയുന്നത്.
”ഞാന്‍ സ്വതന്ത്രനായി, ഒരു മനുഷ്യനാണെന്ന് ആദ്യമായി തോന്നിത്തുടങ്ങി,” എന്നാണ് ബ്രിട്ടനിലെത്തിയ ശേഷം സംഘത്തിലൊരാള്‍ പ്രതികരിച്ചത്.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെയും ജോലിയുടേയും കാര്യത്തില്‍ പോലും പിന്തിരിപ്പന്‍ നിലപാടെടുക്കുന്ന താലിബാന്റെ ഭരണത്തിന് കീഴില്‍ സ്വവര്‍ഗനുരാഗികളും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമടങ്ങുന്ന തങ്ങളുടെ കമ്യൂണിറ്റിക്ക് ജീവിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
”കാബൂള്‍ താലിബാന്റെ കൈയിലായതോടെ എല്ലാം തകര്‍ന്നു. ഞാന്‍ വളരെ സങ്കടത്തിലായിരുന്നു. എന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന് കരുതിയിരിക്കുകയായിരുന്നു,” സംഘത്തിലെ മറ്റൊരാള്‍ പറഞ്ഞു.
അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് പേരാണ് അവിടെ നിന്നും വിവിധ രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തത്.
മുമ്പ് 1996ല്‍ താലിബാന്‍ രാജ്യം കീഴടക്കിയപ്പോഴും സ്വവര്‍ഗാനുരാഗികളായ നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് ശേഷം കഴിഞ്ഞ 20 വര്‍ഷത്തിലധികമായി കമ്യൂണിറ്റിയില്‍ തുറന്ന പൊതുജീവിതത്തില്‍ നിന്നും മാറിനില്‍ക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്.
”ഒരു രഹസ്യ അണ്ടര്‍ഗ്രൗണ്ട് ജീവിതമാണ് ഞങ്ങള്‍ നയിച്ചത്. ഞങ്ങളിലൊരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ബാക്കിയുള്ളവരേയും അവര്‍ കണ്ടെത്തുമെന്ന സ്ഥിതിയായിരുന്നു,” ബ്രിട്ടനിലെത്തിയ സംഘത്തിലൊരാള്‍ ബി.ബി.സിയോട് പ്രതികരിച്ചു.
അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എല്‍.ജി.ബി.ടി കമ്യൂണിറ്റി സംഘടനകളുടെ സഹായത്തോടെയാണ് സംഘം ബ്രിട്ടനിലെത്തിയത്. വരും മാസങ്ങളില്‍ കമ്യൂണിറ്റിയില്‍ പെട്ട കൂടുതലാളുകള്‍ അഫ്ഗാനില്‍ നിന്ന് പുറത്തു കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.