Advertisement
Sports News
അന്ന് ധോണി അത് ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന രോഹിത് ശര്‍മ ഉണ്ടാകുമായിരുന്നില്ല, രോഹിത്തിനെ കാത്തത് ധോണിയുടെ ആ തീരുമാനമാണ്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Aug 04, 09:14 am
Thursday, 4th August 2022, 2:44 pm

ഏഷ്യാ കപ്പും ടി-20 ലോകകപ്പും അടുത്ത് വരവെ ഇന്ത്യ ബാറ്റിങ് ഓര്‍ഡറിലും ലൈനപ്പിലും നിരന്തര പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ റിഷബ് പന്തിനെ ഓപ്പണറാക്കി പുതിയ പരീക്ഷണത്തിന് തുടക്കമിട്ട ഇന്ത്യ വിന്‍ഡീസ് പര്യടനത്തിലും അത് തുടര്‍ന്നു.

ഇന്ത്യന്‍ മധ്യനിരയിലെ കരുത്തനായ സൂര്യകുമാര്‍ യാദവിനെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറക്കിലായാണ് ഇന്ത്യ എതിരാളികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചത്.

ടീം തന്നിലര്‍പ്പിച്ച പ്രതീക്ഷ തെറ്റിക്കാതെ സൂര്യകുമാര്‍ തന്റെ ദൗത്യം യഥാവിധി നിര്‍വഹിക്കുന്നുണ്ട്. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മൂന്ന് മത്സരത്തില്‍ നിന്നും 111 റണ്‍സ് നേടിയാണ് സ്‌കൈ പ്രതീക്ഷ കാത്തത്.

കെ.എല്‍. രാഹുലിന്റെ അഭാവത്തില്‍ രോഹിത് ശര്‍മയ്ക്ക് പറ്റിയ ഓപ്പണിങ് പാര്‍ടനറെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇന്ത്യന്‍ ടീമൊന്നാകെ.

എന്നാല്‍ ഒരുകാലത്ത് ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയുടെ സ്ഥാനം പോലും ചോദ്യചിഹ്നമായി നിന്ന കാലത്ത് താരത്തെ ഓപ്പണറുടെ റോളില്‍ ഇറക്കി ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റിയത് മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയായിരുന്നു.

2013 ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു ധോണി രോഹിത്തിനെ ടീമിന്റെ സ്ഥിരം ഓപ്പണറാക്കി പ്രൊമോട്ട് ചെയ്തത്. അന്ന് ആരാധകര്‍ പോലും സംശയത്തോടെയായിരുന്നു ധോണിയുടെ ഈ നീക്കത്തെ കണ്ടത്. എന്നാല്‍ ധോണിയുടെ ഈ നീക്കം പിന്നീട് ചരിത്രമാവുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്.

ധോണിയുടെ ഈ നീക്കം ഇന്ത്യന്‍ ക്രിക്കറ്റിനെ പോസിറ്റീവായാണ് ബാധിച്ചതെന്നാണ് മുന്‍ ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ പറയുന്നത്.

‘2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോണി രോഹിത് ശര്‍മയെ ഓപ്പണറാക്കി ഇറക്കാന്‍ തീരുമാനമെടുത്തിരുന്നു. അത് വളരെയേറെ മികച്ച ഒരു നീക്കമായിരുന്നു’ ശ്രീധര്‍ പറയുന്നു.

ധോണിയുടെ പ്രതീക്ഷ തെറ്റിക്കാതെയുള്ള പ്രകടനമായിരുന്നു രോഹിത് പുറത്തെടുത്തത്. അഞ്ച് മത്സരത്തില്‍ നിന്നും 177 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.

പിന്നീടങ്ങോട്ട് ഇന്ത്യയ്ക്ക് ഓപ്പണിങ്ങില്‍ മറ്റൊരാളെ സ്വപ്‌നത്തില്‍ പോലും ചിന്തിക്കേണ്ടി വന്നിരുന്നില്ല. അത്രയ്ക്ക് മികച്ച രീതിയിലായിരുന്നു താരം ടീമിന്റെ വിശ്വസ്തനായത്.

എന്നാലിപ്പോള്‍ ഏഷ്യാ കപ്പിന് സ്‌ക്വാഡ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രോഹിത്തിനേറ്റ പരിക്കാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. രോഹിത് മാത്രമല്ല കെ.എല്‍. രാഹുലും വിരാട് കോഹ്‌ലിയും പൂര്‍ണമായി സജ്ജരല്ല.

സീനിയര്‍ താരങ്ങള്‍ക്ക് ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ യുവതാരങ്ങളെ അണിനിരത്തിയാവും ഇന്ത്യ പടക്കിറങ്ങേണ്ടത്. സീനിയര്‍ താരങ്ങള്‍ ടീമിലില്ലെങ്കില്‍ക്കൂടിയും തങ്ങള്‍ക്ക് പലതും നേടാന്‍ സാധിക്കുമെന്ന് തെളിയിച്ച യുവതാരങ്ങളുണ്ടെങ്കില്‍ക്കൂടിയും ഓപ്പണിങ്ങില്‍ രോഹിത്തിന് പകരം വെക്കാന്‍ അവരില്‍ ആര്‍ക്കെങ്കിലും സാധിക്കുമോ എന്നതാണ് ആരാധകരെ കുഴക്കുന്ന ചോദ്യം.

 

Content Highlight: A great move by MS Dhoni who promoted Rohit Sharma as the Indian team’s opener