ബര്‍ലിന്‍: ജര്‍മനിയില്‍ ഭവനരഹിതരുടെ കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍. രാജ്യത്ത് 2,63,000ലധികം പേര്‍ക്ക് സ്വന്തമായി വീടില്ലെന്നാണ് സര്‍ക്കാര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ പറയുന്നത്.
ഫെഡറല്‍ മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് (Federal Ministry of Labour and Social Affairs) ആണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 2022 ജനുവരി 31 വരെയുള്ളവരുടെ കണക്കാണിത്.
പട്ടിക പ്രകാരം രാജ്യത്ത് വീടില്ലാത്തവരെ മൂന്ന് വിഭാഗമായാണ് തരംതിരിച്ചിരിക്കുന്നത്. എമര്‍ജന്‍സി വസതികളില്‍ താമസിക്കുന്നവര്‍, വീടില്ലാതെ രഹസ്യമായി സുഹൃത്തുക്കള്‍ക്കൊപ്പമോ മറ്റ് പരിചയക്കാര്‍ക്കൊപ്പമോ താമസിക്കുന്നവര്‍, തെരുവില്‍ താമസിക്കുന്നവര്‍ എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.
സ്വന്തമായി വീടില്ലാത്തവരില്‍ 63 ശതമാനം പേരും പുരുഷന്മാരും 35 ശതമാനം പേര്‍ സ്ത്രീകളുമാണ്. വീടില്ലാത്തവരുടെ ശരാശരി പ്രായം 44 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭവനരഹിതരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ജര്‍മന്‍ പൗരത്വമുണ്ട്. വീടില്ലാത്ത പകുതിയിലധികം പേരും തങ്ങള്‍ ദീര്‍ഘകാലമായി രോഗമോ വൈകല്യമോ ഉള്ളവരാണെന്ന് പറഞ്ഞപ്പോള്‍ നാലിലൊന്ന് പേര്‍ തങ്ങള്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണെന്ന് വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം രാജ്യത്ത് കൂടുതല്‍ ശക്തമായ ഭരണഘടനാപരമായ ഭവന ഗ്യാരന്റിയും കുടിയൊഴിപ്പിക്കല്‍ സംരക്ഷണവും നല്‍കണമെന്നാണ് ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോംലെസ് റൈറ്റ്‌സ് അഡ്വക്കസി ഗ്രൂപ്പായ ഫെഡറല്‍ അസോസിയേഷന്‍ ഫോര്‍ ഹോംലെസ് ഹെല്‍പ് (Federal Association for Homeless Help) ആവശ്യപ്പെടുന്നത്.
ഭവനക്ഷാമവും കുതിച്ചുയരുന്ന വാടകയും ജീവിതസാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കുന്നതിന് ബുദ്ധിമുട്ടാക്കുന്നതായും സംഘടനയുടെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
ശമ്പളത്തിന്റെ വലിയൊരു പങ്ക് വാടകക്ക് നല്‍കേണ്ടി വരുന്നതിനാല്‍ ജര്‍മനിയില്‍ വരുമാന അസമത്വം വര്‍ധിക്കുന്നതായാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
Content Highlight: A government statistics says the number of homeless people in Germany is over 260,000