ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബരേലിയില്‍ പരാതി പറയാനെത്തിയ യുവാവിനെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോഴിയെപ്പോലെ ഇരുത്തിയതായി പരാതി. ബരേലിയിലെ മിര്‍ഗഞ്ച് എസ്.ഡി.എം ഉദിത് പവാറിനെതിരെയാണ് ആരോപണം.
ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സ്ഥലം മാറ്റിയെന്നും ബരേലി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശിവകാന്ത് ദ്വിവേദി പറഞ്ഞു. കുറ്റം നിഷേധിച്ച എസ്.ഡി.എം പരാതിക്കാരന്‍ മനപൂര്‍വം പറയുന്നതാണെന്നും അയാള്‍ സ്വന്തം ഇഷ്ടപ്രകാരം നിലത്തിരിക്കുകയായിരുന്നെന്നും വാദിച്ചു.
എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ എസ്.ഡി.എമ്മിന് പിഴവ് സംഭവിച്ചെന്ന് തെളിഞ്ഞതോടെ ജില്ലാ മജിസ്‌ട്രേറ്റ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
ഗ്രാമത്തില്‍ ശ്മശാനത്തിനായി ഭൂമി അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഉത്തര്‍പ്രദേശിലെ മന്ദന്‍പൂര്‍ ഗ്രാമവാസി എസ്.ഡി.എമ്മിനെ സമീപിച്ചത്. ഓഫീസിലെ കസേരയില്‍ ഇരുന്നുകൊണ്ട് എസ്.ഡി.എം പരാതിക്കാരനോട് നിലത്ത് മുട്ടുകുത്തിയിരിക്കാന്‍ പറയുന്നതായി വീഡിയോയില്‍ കാണാം.
‘ശ്മശാനത്തിന് സ്ഥലം അനുവദിച്ച് നല്‍കുന്ന കാര്യം പറയാനാണ് ഞാന്‍ എസ്.ഡി.എമ്മിന്റെ അടുത്തേക്ക് പോയത്. എന്നാല്‍ അദ്ദേഹം ഒരു കോഴിയെപ്പോലെ നിലത്തിരിക്കാന്‍ ആജ്ഞാപിക്കുകയായിരുന്നു. എന്തിനാണങ്ങനെ ചെയ്യാന്‍ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം എന്നെ വഴക്ക് പറഞ്ഞു.
നീതി കിട്ടാത്തത് കാരണം മൂന്നാം തവണയും എനിക്ക് നിങ്ങളുടെ അടുത്തേക്ക് വരേണ്ടി വന്നിരിക്കുകയാണെന്ന് എസ്.ഡി.എമ്മിനോട് പറഞ്ഞിട്ടും കാര്യമൊന്നുമുണ്ടായില്ല,’ പരാതിക്കാരന്‍ പറഞ്ഞു.
Content Highlights: A government official in Uttar Pradesh punishes a man inside his office