തൃശൂർ: തൃശൂരില്‍ ഗോഡൗണിന് തീപിടിച്ച് ഒരു മരണം. മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവീലര്‍ സ്‌പെയര്‍ ഗോഡൗണിനാണ് തീപിടിച്ചത്. സംഭവസ്ഥലത്തെത്തിയ അഗ്‌നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടേതാണ് സ്ഥാപനം. ഗോഡൗണ്‍ മുഴുവനായി കത്തിയ നിലയിലാണ്. കെട്ടിടത്തില്‍ തീ പടര്‍ന്നിട്ട് രണ്ട് മണിക്കൂറിലേറെയായെന്നാണ് പ്രാഥമിക നിഗമനം.
അപകടമുണ്ടായ സമയത്ത് കെട്ടിടത്തില്‍ അഞ്ച് ജീവനക്കാര്‍ ഉണ്ടായിരുന്നു. തീ പടര്‍ന്നതോടെ നാല് പേര്‍ കെട്ടിടത്തിന് പുറത്തേക്ക് മാറി. എന്നാല്‍ ഒരാള്‍ ശുചിമുറിയില്‍ കുടുങ്ങുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്ത ഇദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഏഴ് കോടി രൂപ മൂല്യമുള്ള ടൂവീലർ സ്പെയർ പാർട്ടുകളാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. സാധാരണ നിലയിലുള്ള ഒരു ഗോഡൗൺ കെട്ടിടമായിരുന്നില്ല ഇത്. വിശാലമായ രീതിയിൽ നിർമിച്ച പ്ലാസ്റ്റോ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
ഇപ്പോൾ സ്ഥലത്തേക്ക് അഗ്നിശമനസേന കൂടുതൽ ടാങ്കറുകൾ എത്തിക്കുകയാണ്. കനത്ത മഴയുണ്ടായിട്ടും തീയണക്കാൻ കഴിയുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടത്തിനുള്ളിൽ കത്തുപിടിഞ്ഞ പ്ലാസ്റ്റിക്കുകൾ പൊകഞ്ഞുള്ള അസ്വസ്ഥതകൾ സ്ഥലത്തുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Content Highlight: A godown caught fire in Thrissur