അണ്ണാ സര്‍വകലാശാലയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനിരയായ സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
national news
അണ്ണാ സര്‍വകലാശാലയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനിരയായ സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th December 2024, 4:59 pm

ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സ്‌പെഷ്യല്‍ ഇന്‍വസറ്റിഗേഷന്‍ ടീമിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുമാരും സംഘത്തിലുണ്ടാവണമെന്നും കോടതി നിര്‍ദേശിച്ചു.

25 ലക്ഷം രൂപ വീതം പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യം, ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

പെണ്‍കുട്ടിയില്‍ നിന്ന് സര്‍വകലാശാല പഠനത്തിനായോ മറ്റ് ചെലവുകള്‍ക്ക് വേണ്ടിയോ പണം ഈടാക്കരുതെന്നും പെണ്‍കുട്ടിയുടെ പഠനത്തെ ബാധിക്കരുതെന്നും പറയുകയുണ്ടായി.

കഴിഞ്ഞ ദിവസം വാദം കേള്‍ക്കവെ ചെന്നൈ പൊലീസിനെതിരെയും തമിഴ്‌നാട് സര്‍ക്കാരിനെതിരെയും മദ്രാസ് ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നു. കേസിന്റെ എഫ്.ഐ.ആര്‍ ചോര്‍ന്നത് പൊലീസിന്റെ കൈയില്‍ നിന്നാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

പെണ്‍കുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നും പൊലീസിന് ക്യാമ്പസില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ അതേസമയം പ്രതിക്ക് പൂര്‍ണസ്വാതന്ത്യം നല്‍കിയിരിക്കുകയാണെന്നും കോടതി രൂക്ഷഭാഷയില്‍ പ്രതികരിച്ചു.

ഇക്കഴിഞ്ഞ ഡിസംബര്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ക്യാമ്പസില്‍ പുരുഷ സുഹൃത്തിനൊപ്പം പള്ളിയില്‍ പോയി വരികയായിരുന്ന രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ പ്രതി ജ്ഞാനശേഖരനും കൂട്ടാളിയും അതിക്രൂരമായിലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു.

Content Highlight: A girl was sexually assaulted in Anna University; Madras High Court to appoint special investigation team