കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന പോക്സോ അതിജീവിത മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 19കാരി മരിച്ചത്. ആണ്‍ സുഹൃത്തില്‍ നിന്ന് ക്രൂരപീഡനം നേരിട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ ആറ് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്താലാണ് പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സുഹൃത്തായ അനൂപാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ (വ്യാഴം) ഇയാളെ തെളിവെടുപ്പിനായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചിരുന്നു. അനൂപിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.
ലൈംഗികമായ ഉപദ്രവത്തിന് പുറമെ പെണ്‍കുട്ടിയെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നല്‍കിയ മൊഴി. ഉപദ്രവത്തെ തുടര്‍ന്ന് പെണ്‍കുട്ടി കഴുത്തില്‍ കുരുക്കിട്ടപ്പോള്‍ പോയി ചത്തോ എന്ന് പറഞ്ഞതായും പ്രതി മൊഴി നൽകിയിട്ടുണ്ട്.
ഷാളില്‍ കുരുങ്ങിയ പെണ്‍കുട്ടി പിടയുന്നത് കണ്ട് അനൂപ് അടുക്കളയില്‍ നിന്ന് കത്തിയെടുത്തു ഷാള്‍ മുറിച്ചു. പിന്നാലെ പെണ്‍കുട്ടിയുടെ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വീണ്ടും വായയും മൂക്കും അമര്‍ത്തിപ്പിടിക്കുകയായിരുന്നു.
ഇതോടെ പെണ്‍കുട്ടി പൂര്‍ണമായും അബോധാവസ്ഥയിലാവുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ ആറരവരെ വീട്ടില്‍ തുടര്‍ന്ന അനൂപ് പെണ്‍കുട്ടി മരിച്ചെന്ന് വിശ്വസിച്ച് രക്ഷപ്പെടുകയായിരുന്നു.
മറ്റ് ആണ്‍ സുഹൃത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതി പെണ്‍കുട്ടിയെ മര്‍ദിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വീട്ടിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടത്.
പെണ്‍കുട്ടിയുടെ തലയ്ക്കുള്ളിലും കഴുത്തിലും സ്വകാര്യഭാഗങ്ങളിലും സാരമായ മുറിവുകള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ കഴുത്തിലെ മുറിവ് ഉറുമ്പ് അരിച്ച നിലയിലായിരുന്നു.
Content Highlight: A girl under treatment died after being attacked by her male friend in Chottanikkara