മുംബൈ: മുതിര്‍ന്ന അഭിഭാഷകനും എഴുത്തുകാരനുമായ അബ്ദുല്‍ ഗഫൂര്‍ മജീദ് നൂറാനി(എ.ജി. നൂറാനി) അന്തരിച്ചു. 94 വയസായിരുന്നു. 2024 ഓഗസ്റ്റ് 29ന് വൈകീട്ട് മുംബൈയിലായിരുന്നു അന്ത്യം. 1930 സെപ്തംബര്‍ 16ന് ജനിച്ച അദ്ദേഹം ദീര്‍ഘ കാലം ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്നു. നിവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള എ.ജി. നൂറാനി രാജ്യത്തെ മികച്ച ഭരണഘടന വിദഗ്ധന്‍മാരിലൊരാളായിരുന്നു.
സ്റ്റേറ്റ്‌സ്മാന്‍, ഹിന്ദു, ഫ്രണ്ട് ലൈന്‍, എക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി, ദി ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ നിരവധി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ മനുഷ്യാവകാശം, പൗരസ്വാതന്ത്ര്യം, മതനിരപേക്ഷത തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം കോളങ്ങള്‍ എഴുതാറുണ്ടായിരുന്നു. ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിശിത വിമര്‍ശകനുമായിരുന്നു എ.ജി.നൂറാനി.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ദേശീയതയുടെ പേരില്‍ ഒളിച്ചു കടത്തുന്ന ഹിന്ദുത്വയെ ശക്തമായി എതിര്‍ത്ത എഴുത്തുകാരന്‍ കൂടിയായിരുന്നു എ.ജി. നൂറാനി. കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളയല്‍, ബാബരി ധ്വംസനം, രാമക്ഷേത്ര നിര്‍മാണം തുടങ്ങി മോദി സര്‍ക്കാറിന്റെ ഹിന്ദുത്വ നയങ്ങളെ വിമര്‍ശിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ എഴുത്തുകള്‍ ശ്രദ്ധേയമായിരുന്നു.
രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഭരണഘടനയും നിയമങ്ങളും ഉയര്‍ത്തിപ്പിടിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ച വ്യക്തി കൂടിയായിരുന്നു എ.ജി. നൂറാനി. അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും ഇത്തരം നടപടികള്‍ക്കെതിരായുള്ള സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള മെറ്റീരിയലുകള്‍ കൂടിയായിരുന്നു.
എ.ജി. നൂറാനി
ആര്‍.എസ്.എസിന്റെ വര്‍ഗീയ അജണ്ടകളെ അതിന്റെ സമഗ്രതയില്‍ തന്നെ തന്റെ എഴുത്തുകളില്‍ അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാശ്മീരിലെ ജനങ്ങള്‍ എങ്ങനെയാണ് വഞ്ചിക്കപ്പെടുന്നത് എന്നും തന്റെ എഴുത്തുകളിലടെ സമഗ്രമായി പറഞ്ഞ അദ്ദേഹം നിയമപണ്ഡിതന്‍, ചിരിത്രകാരന്‍ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.
ദി കശ്മീര്‍ ക്വസ്റ്റ്യന്‍, മിനിസ്റ്റേഴ്‌സ് മിസ് കണ്ടക്ട്, കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്വസ്റ്റ്യന്‍സ് ആന്‍ഡ് സിറ്റിസന്‍സ് റൈറ്റ്‌സ്, ദി ആര്‍.എസ്.എസ്: എ മെനേസ് ടു ഇന്ത്യ, സവര്‍ക്കര്‍ ആന്‍ഡ് ഹിന്ദുത്വ: ദി ഗോഡ്‌സെ കണക്ഷന്‍, ദി ആര്‍.എസ്.എസ് ആന്‍ഡ് ദി ബി.ജെ.പി: എ ഡിവിഷന്‍ ഒഫ് ലേബര്‍, ദി ട്രയല്‍ ഒഫ് ഭഗത്‌സിങ് തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.