'മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ബി.ജെ.പി- ശിവസേന തര്‍ക്കം വെറും നാടകം' ഇതിന്റെ ഭാഗമാവരുതെന്ന് കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി സഞ്ജയ് നിരുപം
national news
'മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ബി.ജെ.പി- ശിവസേന തര്‍ക്കം വെറും നാടകം' ഇതിന്റെ ഭാഗമാവരുതെന്ന് കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി സഞ്ജയ് നിരുപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 8:41 pm

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ശിവസേനക്ക് പുന്തുണ പ്രഖ്യാപിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുംബൈ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ സഞ്ജയ് നിരുപം. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ബി.ജെ.പി ശിവസേന വാക്കതര്‍ക്കത്തിന് കാരണം. എന്നാല്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള വാക്ക് തര്‍ക്കം വെറും നാടകമാണെന്നും അതില്‍ നിന്ന് തന്റെ പാര്‍ട്ടി വിട്ട് നില്‍ക്കണമെന്നും സഞ്ജയ് നിരുപം പറഞ്ഞു.

‘അവര്‍ക്ക് നഷ്ടപ്പെട്ടോ? എങ്ങനെയാണ് ശിവസേനയെ പിന്തുണക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നത്. കോണ്‍ഗ്രസ് ഒരിക്കലും ബി.ജെ.പി- ശിവസേന നാടകത്തിന്റെ ഭാഗമാവരുത്. അത് കപടമാണ്. ഇത് അധികാരം പിടിച്ചെടുക്കാനുള്ള അവരുടെ താല്‍ക്കാലിക യുദ്ധമാണ്’; സഞ്ജയ് നിരുപം പറഞ്ഞു.

ഞാന്‍ മനസ്സിലാക്കിയിടത്തോളം ശിവസേന ഒരിക്കലും ബി.ജെ.പിയുടെ നിഴലില്‍ നിന്നും അകലില്ലെന്നും സഞ്ജയ് നിരുപം പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത് ഒരു വ്യര്‍ത്ഥമായ പ്രവൃത്തിയാണ്. സംസ്ഥാന നേതാക്കള്‍ ഇത് മനസിലാക്കുമെന്ന് താന്‍ കരുതുന്നു. 2014 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാര്‍ട്ടിക്ക് എന്തുകൊണ്ട് രണ്ട് ശതമാനം വോട്ട് നഷ്ടപ്പെട്ടുവെന്ന് ആത്മപരിശോധന നടത്തണം. നമ്മള്‍ക്ക് 17 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറഞ്ഞു.’സഞ്ജയ് നിരുപം പറഞ്ഞു.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ബി.ജെ.പിയില്‍ നിന്ന് ശിവസേന വിട്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുന്‍ മുഖ്യമന്ത്രി അശോക് ചവാനും പൃഥ്വിരാജ് ചവാനും പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റൊരു അനുരഞ്ജനത്തിനും തയ്യാറല്ലെന്നാണ് ശിവസേനയുടെ നിലപാട്.
ഇരുപാര്‍ട്ടികള്‍ക്കുമായി അഞ്ച് വര്‍ഷത്തെ മുഖ്യമന്ത്രി സ്ഥാനം വീതിച്ച് നല്‍കണമെന്നായിരുന്നു ശിവസേന തെരഞ്ഞെടുപ്പിന് മുമ്പേ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനുള്ള സേനയുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ദേവേന്ദ്ര ഫഡ്നാവിസ്. ഇല്ലാത്ത വാഗ്ദാനത്തിന്റെ പേരില്‍ കള്ളപ്രചാരണം നടത്തി മുഖ്യമന്ത്രിയാവാമെന്ന് ആരും കരുതേണ്ടെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു.

നേരത്തെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലും സഞ്ജയ് നിരുപം പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ