'12,000 രൂപയുടെ പന്താണ്...കൊണ്ടുപോകല്ലെടാ' വീഡിയോ വൈറൽ
Cricket
'12,000 രൂപയുടെ പന്താണ്...കൊണ്ടുപോകല്ലെടാ' വീഡിയോ വൈറൽ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th July 2024, 9:19 am

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ സീചെ മധുരൈ പാന്തേഴ്‌സിന് തകര്‍പ്പന്‍ വിജയം. ചെപ്പോക് സൂപ്പര്‍ ഗില്ലിനെ ഏഴ് റണ്‍സിനാണ് മധുരൈ പാന്തേര്‍സ് പരാജയപ്പെടുത്തിയത്. എന്‍.പി.ആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെപ്പൊക് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മധുരൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ ഗില്ലീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മത്സരത്തിനിടയില്‍ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. മത്സരത്തില്‍ സൂപ്പര്‍ ഗില്ലീസ് താരം ഒരു കൂറ്റന്‍ സിക്‌സ് നേടിയിരുന്നു. ഈ സിക്‌സ് ബൗണ്ടറി ലൈനും കടന്ന് സ്റ്റേഡിയത്തിന് പുറത്തേക്ക് പോവുകയായിരുന്നു.

ഈ പന്ത് സ്റ്റേഡിയത്തിന്റെ പുറത്തുനിന്നും ഒരു ആള്‍ എടുക്കുകയായിരുന്നു. ഒടുവില്‍ ആ വ്യക്തി പന്ത് സംഘാടകര്‍ക്ക് തിരിച്ചു നല്‍കാതെ പന്തുമായി പോവുകയായിരുന്നു. സംഭവം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മധുരയ്ക്കായി 40 പന്തില്‍ 55 റണ്‍സ് നേടി സുരേഷ് ലൊകേഷറും 24 പന്തില്‍ പുറത്താവാതെ 43 റണ്‍സ് നേടി ജഗദീശന്‍ കൗഷിക്കും മികച്ച പ്രകടനമാണ് നടത്തിയത്. 28 പന്തില്‍ 37 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സി.ഹരി നിഷാന്തും 13 പന്തില്‍ 25 റണ്‍സ് നേടി പി. ശരവണനും നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ഗില്ലിസിനായി 37 പന്തില്‍ 52 റണ്‍സ് നേടി പ്രദോഷ് രഞ്ചന്‍ പോളും 36 പന്തില്‍ 48 നേടി സന്തോഷ് കുമാര്‍ സ്വാമിയും മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

മധുരൈ പാന്തേഴ്‌സിന് വേണ്ടി കാര്‍ത്തിക് മണികണ്ഠന്‍ മൂന്നു വിക്കറ്റും അജയ് കൃഷ്ണ രണ്ട് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഗുര്‍ജെപ്നീത് സിങ്, ശരവണന്‍, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: A Funny Incident in TNPL 2024, Video Viral