ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ മത്സരത്തിന് തൊട്ടുമുന്‍പായി ട്രാക്കിലൂടെ നഗ്നനായി ഓടി യുവാവ്. 30 വയസുപ്രായമുള്ളയാളാണ് മത്സരം തുടങ്ങുന്നതിന്റെ തൊട്ടുമുന്‍പ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഓടിയത്.
സുരക്ഷാ ജീവനക്കാരുടെയെല്ലാം കണ്ണുവെട്ടിച്ചായിരുന്നു ലണ്ടന്‍ സ്‌റ്റേഡിയത്തിലൂടെ ആയിരക്കണക്കിന് കാണികള്‍ക്ക് മുന്‍പിലൂടെ ഇയാള്‍ നഗ്നനായി ഓടിയത്.
ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ ഓടിയെത്തി ഇദ്ദേഹത്തെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ തട്ടിമാറ്റി ഇയാള്‍ വീണ്ടും മുന്നോട്ട് ഓടുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇദ്ദേഹത്തെ പിടികൂടി കൊണ്ടുപോയി. സമാധാനവും സ്‌നേഹവും എന്ന് ഇയാളുടെ നെഞ്ചില്‍ പച്ചകുത്തിയിരുന്നു.
അതേസമയം ഉസൈന്‍ബോള്‍ട്ടിന്റെ മത്സരം അലങ്കോലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നഗ്നഓട്ട പ്രതിഷേധമെന്നാണ് ബോള്‍ട്ട് ആരാധകര്‍ പറയുന്നത്.
ലണ്ടനിലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ മൂന്നാം സ്ഥാനക്കാരനായാണ് ബോള്‍ട്ട് ഓടിയെത്തിയത്. ബോള്‍ട്ടിന്റെ മുമ്പിലുണ്ടായിരുന്നത് അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിനും ക്രിസ്റ്റ്യന്‍ കോള്‍മാനുമായിരുന്നു. 9.92 സെക്കന്‍ഡില്‍ ഓടി എത്തി ഗാറ്റ്ലിന്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ടാം സ്ഥാനം നേടിയത് കോള്‍മാനായിരുന്നു.
ഇതാദ്യമായാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ട് തോല്‍ക്കുന്നത്. 9.95 സെക്കന്‍ഡ് എടുത്താണ് ബോള്‍ട്ട് 100 മീറ്റര്‍ ഫിനീഷ് ചെയ്തത്.
തുടക്കം പാളിയതാണ് ബോള്‍ട്ടിനെ വെങ്കലത്തില്‍ ഒതുക്കിയത്. ഇനി ഒരിക്കല്‍ കൂടി മാത്രമായിരിക്കും ബോള്‍ട്ടിനെ ട്രാക്കില്‍ കാണാന്‍ സാധിക്കുക. 13-ാം തീയതി നടക്കുന്ന 4-100 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീമില്‍ അംഗമായി ബോള്‍ട്ട് ഉണ്ടാവും.